‘ഇത് ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്’; ജംഷേദ്പുർ എഫ്.സി.യെ പിൻവലിക്കരുതെന്ന് ഛേത്രി

#സ്പോർട്സ് ഡെസ്ക്
സുനിൽ ഛേത്രി | ANI
സുനിൽ ഛേത്രി | ANI

ജംഷേദ്പുർ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ നിന്ന് ജംഷേദ്പുർ എഫ്.സി.യെ പിൻവലിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന അഭ്യർഥനയുമായി മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി.

സാമൂഹികമാധ്യമത്തിൽ പോസ്റ്റു ചെയ്ത വൈകാരികമായ കുറിപ്പിലൂടെയാണ് ഛേത്രി ടീം ഉടമകളായ ടാറ്റ ഗ്രൂപ്പിനോട് അഭ്യർഥന നടത്തുന്നത്.

‘ജംഷേദ്പുർ എഫ്.സി. സീനിയർ ടീമിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. തീരുമാനം നടപ്പായാൽ കളിക്കാർക്കും ജീവനക്കാർക്കും ക്ലബ്ബുകളില്ലാതാകും. ഭാവിയിൽ അവർക്ക് പുതിയ ക്ലബ്ബുകൾ ലഭിച്ചേക്കാം. എന്നിരുന്നാലും ഇന്ത്യൻ ഫുട്‌ബോളിൽ ടാറ്റ ഗ്രൂപ്പിന്റെ സാന്നിധ്യം ഇല്ലാതാകുന്നത് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്.

ചില കടുത്ത തീരുമാനങ്ങൾ യുക്തിപരമായ കൂട്ടിക്കിഴിക്കലുകളെ ആശ്രയിച്ചായിരിക്കാം. എങ്കിലും തീരുമാനമെടുക്കുന്നവർ യുക്തിക്ക് പകരം ഹൃദയത്തോടെ ചിന്തിച്ച് തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യർഥിക്കുന്നു. ബിസിനസ് കാഴ്ചപ്പാടിൽ ഇതൊരു മോശം തീരുമാനമായേക്കാം, ഇന്ത്യൻ ഫുട്‌ബോളിന് ഈ ഘട്ടത്തിൽ ഏറ്റവും ആവശ്യമുള്ള തീരുമാനമായിരിക്കുമിത്’ – ഛേത്രി കുറിപ്പിൽ പറയുന്നു.

കഴിഞ്ഞദിവസമാണ് ലീഗിൽനിന്ന് പിൻമാറുന്ന കാര്യം ജംഷേദ്പുർ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലീഗിൽ പങ്കെടുക്കാനുള്ള പങ്കാളിത്തതുക അടച്ചിട്ടുണ്ടായിരുന്നില്ല. ഐ.എസ്.എൽ. ഷീൽഡ് നേടിയിട്ടുള്ള ടീമിന്റെ തീരുമാനം ഫുട്‌ബോൾ പ്രേമികളെ ഞെട്ടിക്കുകയും ചെയ്തു. ജംഷേദ്പുർ പിൻമാറുന്നതോടെ ലീഗിലെ ടീമുകളുടെ എണ്ണം 13 ആയി കുറയും.

Content Highlights: Sunil Chhetri publicly requests Tata Group to maintain Jamshedpur FC operations., Concerns raised regarding the future of players and staff affected by the closure