സീനിയർ ടീം മാത്രമല്ല, സ്‌പെയിനിന്റെ കൗമാരപ്പടയും ഡബിൾ സ്‌ട്രോങ്ങാണ്

#സ്പോർട്സ് ഡെസ്ക്
സ്പെയിൻ അണ്ടർ19 ടീം | X.com/UEFAMensYouth
സ്പെയിൻ അണ്ടർ19 ടീം | X.com/UEFAMensYouth

മഡ്രിഡ്: സീനിയർ ടീമിന് പിന്നാലെ യൂറോപ്പിൽ തലയെടുപ്പോടെ സ്‌പെയിനിന്റെ അണ്ടർ-19 ടീമും. അണ്ടർ-19 യൂറോ കപ്പിലും കിരീടമണിഞ്ഞാണ് സ്‌പെയിൻ ചരിത്രമെഴുതിയത്. കലാശപ്പോരിൽ എതിരില്ലാത്ത രണ്ടുഗോളിന് ജർമനിയെ കീഴടക്കി.

44-ാം മിനിറ്റിൽ ഹ്യൂഗോ ലോപസ്, 48-ാം മിനിറ്റിൽ മരിയോ റിവാസ് എന്നിവരാണ് സ്‌പെയിനിനായി ലക്ഷ്യം കണ്ടത്. അതോടെ ജർമനി വീണു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ജർമനിക്കായില്ല.2002 മുതൽ അണ്ടർ 19 ഫോർമാറ്റിലേക്ക് മാറ്റിയ ശേഷം ഇത് പത്താം തവണയാണ് സ്‌പെയിൻ കിരീടമണിയുന്നത്. ഏറ്റവും കൂടുതൽ അണ്ടർ 19 യൂറോ കിരീടം. ഫ്രാൻസ്, ജർമനി ടീമുകൾ മൂന്ന് തവണ അണ്ടർ 19 യൂറോ കിരീടത്തിൽ മുത്തമിട്ടിട്ടുണ്ട്. ഇംഗ്ലണ്ട്, ഇറ്റലി അണ്ടർ 19 ടീമുകൾ രണ്ടുതവണയും.

സീനിയർ തലത്തിലും യൂറോ ചാമ്പ്യന്മാരായി നിൽക്കുമ്പോഴാണ് സ്‌പെയിനിന്റെ കൗമാരസംഘവും വരവറിയിക്കുന്നത്. ലാമിൻ യമാൽ, കുബാർസി എന്നീ കൗമാരക്കാർ നിലവിൽ സീനിയർ ടീമിനായാണ് കളിക്കുന്നത്. സീനിയർ തലത്തിലും ഏറ്റവും കൂടുതൽ യൂറോ കപ്പ് സ്‌പെയിനിനാണ്. നാലുതവണയാണ് ടീം യൂറോപ്യൻ ചാമ്പ്യന്മാരായത്.

Content Highlights: Spain defeated Germany 2-0 to win the 2026 U-19 Euro Championship., Goals by Hugo Lopez and Mario Rivas secured the historic victory., Spain has now won the U-19 Euro title a record 10 times since 2002., The youth victory follows Spain's recent success as Senior Euro Champions., Spain holds the record for most senior Euro titles with four championships.