‘ഒരു പെൺകുട്ടിയെ വേണം’;പിടിച്ചുകുലുക്കി ‘പെയ്ഡ് സെക്സ്’ വിവാദം, റിപ്പോർട്ടിൽ സൂപ്പർ താരങ്ങളുടെ പേരും

മിലാൻ: ആഡംബര സായാഹ്നങ്ങളൊരുക്കുകയും പണം വാങ്ങി സ്ത്രീകളെ എത്തിച്ചുനൽകുകയും ചെയ്യുന്ന സംഘത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഇറ്റാലിയൻ ഫുട്ബോളിനെ പിടിച്ചുകുലുക്കുന്നു. സീരി എ താരങ്ങൾ ഉൾപ്പെടെ ഒട്ടേറെ സൂപ്പർ താരങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഒരു ഇറ്റാലിയൻ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു ഇവന്റ് പ്രൊമോഷൻ കമ്പനിയാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. ബിസിനസ്സുകാരും, ഫോർമുല 1 താരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അന്വേഷണത്തിൽ ഏകദേശം 1.2 മില്യൺ യൂറോ (ഏകദേശം 13.2 കോടി രൂപ) പിടിച്ചെടുക്കുകയും നാല് പേർ അറസ്റ്റിലായിട്ടുമുണ്ട്.
ചില ഫോൺ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. "എൻ്റെ ഒരു കൂട്ടുകാരൻ, ഒരു ഫോർമുല 1 ഡ്രൈവർ... ഇന്ന് രാത്രി മിലാനിലേക്ക് വരുന്നു, അയാൾക്ക് ഒരു പെൺകുട്ടിയെ വേണം." - ഒരു ഫോൺ സംഭാഷണത്തിൽ പറയുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. മറ്റൊരു സംഭാഷണത്തിൽ, താൻ ഗർഭിണിയായേക്കാമെന്ന് ഒരു സ്ത്രീ ഒരു സഹപ്രവർത്തകനോട് പറയുകയും സംഭവത്തിൻ്റെ കൃത്യമായ തീയതി സ്ഥിരീകരിക്കാൻ അവരുടെ ചാറ്റുകൾ വീണ്ടെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഫുട്ബോൾ കളിക്കാർ നൈട്രസ് ഓക്സൈഡ് ഉപയോഗിച്ചതായുമുള്ള വെളിപ്പെടുത്തലുകളുണ്ട്.
സൂപ്പർ താരങ്ങൾ അടക്കം ക്ലയന്റ് ലിസ്റ്റിൽ ഉള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്റർ മിലാൻ താരങ്ങളായ അലെസ്സാൻഡ്രോ ബാസ്റ്റോണി, അഷ്റഫ് ഹക്കിമി, പോർച്ചുഗൽ താരം റാഫേൽ ലിയോ, മുൻ ലിവർപൂൾ താരം ഫിലിപ്പ് കൗട്ടീഞ്ഞോ, ആർതർ, ഫ്രഞ്ച് സ്ട്രൈക്കർ ഒളിവർ ജിറൗഡ്, സെർബിയൻ സ്ട്രൈക്കർ ഡ്യൂസൻ വ്ലാഹോവിച്ച് എന്നിവരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഇതിഹാസ ഇറ്റാലിയൻ ഡിഫൻഡർ പൗളോ മാൾഡിനിയുടെ മകൻ ഡാനിയേലിൻ്റെ പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം കളിക്കാർ ആരും തന്നെ അന്വേഷണ പരിധിയിലില്ല. കാരണം അത്തരം ഇവന്റുകളിൽ പങ്കെടുക്കുന്നത് ഇറ്റാലിയൻ ക്രിമിനൽ നിയമത്തിൻ്റെ പരിധിയിൽ വരുന്നില്ല. ഏതൊക്കെ കളിക്കാരാണ് ലൈംഗിക ബന്ധത്തിന് പണം നൽകിയത് എന്ന് വ്യക്തമല്ല. സംഭവം നിഷേധിച്ച് റാഫേൽ ലിയോ രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും താരം പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: Investigation into an illegal event-promotion company in Milan involving high-end escorts., Wiretaps reveal involvement of Serie A footballers and an unnamed Formula 1 driver., Authorities seized 1.2 million euros and arrested four ringleaders., No players are currently under criminal investigation for attending the events., Multiple high-profile players have publicly denied involvement.