റയല്‍ മഡ്രിഡിനെതിരേ പ്രതികാരബുദ്ധിയോടെ കളിക്കുന്നത് വലിയ മണ്ടത്തരം: പെപ്പ് ഗാര്‍ഡിയോള

Photo: AFP
Photo: AFP

മഡ്രിഡ്: ആരാധകര്‍ ഉറ്റുനോക്കുന്ന ചാമ്പ്യന്‍സ് ലീഗിലെ മാഞ്ചെസ്റ്റര്‍ സിറ്റി-റയല്‍ മഡ്രിഡ് സെമി ഫൈനല്‍ പോരാട്ടം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയും തമ്മില്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ അവിടെ പ്രവചനങ്ങള്‍ക്ക് സ്ഥാനമില്ല. 

സെമി ഫൈനലിലെ ആദ്യപാദ മത്സരത്തില്‍ സിറ്റി മഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ പന്ത് തട്ടും. മത്സരത്തിന് മുന്നോടിയായി സിറ്റി താരങ്ങള്‍ക്ക് നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള. റയലിനെതിരേ പ്രതികാരത്തോടെ കളിക്കരുതെന്ന് പരിശീലകന്‍ വ്യക്തമാക്കി. 

കഴിഞ്ഞ സീസണില്‍ സിറ്റിയെ പുറത്താക്കിയത് റയലാണ്. സെമിയില്‍ തന്നെയാണ് സിറ്റിയെ റയല്‍ തകര്‍ത്തത്. പിന്നാലെ റയല്‍ കിരീടവും നേടി. ' റയല്‍ മഡ്രിഡിനെതിരേ പ്രതികാരബുദ്ധിയോടെ കളിക്കുന്നത് വലിയ മണ്ടത്തരമാണ്. ഞങ്ങള്‍ ഇവിടെ പ്രതികാരത്തിനുവേണ്ടിയല്ല മറിച്ച് അവസരങ്ങള്‍ക്ക് വേണ്ടിയാണ് വന്നിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഞങ്ങള്‍ ഫൈനലിലെത്താനായി സര്‍വം മറന്നുകളിച്ചിരുന്നു. പക്ഷേ അത് മതിയായില്ല'-ഗാര്‍ഡിയോള പറഞ്ഞു.

ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ട് ടീമിലെത്തിയ ശേഷം ആദ്യമായാണ് സിറ്റി റയലിനെ നേരിടുന്നത്. സീസണില്‍ അത്ഭുതഫോം തുടരുന്ന ഹാളണ്ട് സെമിയില്‍ അതേ ഫോം നിലനിര്‍ത്തിയാല്‍ റയല്‍ വിയര്‍ക്കും. ലാ ലിഗയില്‍ മോശം ഫോമിലാണ് റയല്‍ കളിക്കുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ആന്‍സലോട്ടിയും സംഘവും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. സിറ്റി ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്തിയിട്ടില്ല. റയല്‍ കഴിഞ്ഞ ഒന്‍പത് സീസണുകള്‍ക്കിടെ അഞ്ചുതവണ കിരീടമുയര്‍ത്തി. 

ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ ഇരുപാദങ്ങളിലുമായി 4-1 ന് തകര്‍ത്താണ് സിറ്റി സെമിയിലെത്തിയത്. റയലാകട്ടെ ഇരുപാദങ്ങളിലുമായി 4-0 ന് ചെല്‍സിയെ മുക്കി സെമി ഫൈനലിന് യോഗ്യത നേടി.

Content Highlights: Seeking Revenge Huge Mistake Against Real Madrid says Man City Manager Pep Guardiola