സഞ്ജു ബ്രാന്‍ഡ്; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജു സാംസണ്

മുംബൈ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്. സഞ്ജു ലീഗിന്റെ ഭാഗമായെന്ന് പ്രീമിയര്‍ ലീഗിന്റെ ഇന്ത്യയിലെ ഇന്‍സ്റ്റാ പേജിലൂടെയാണ് അറിയിച്ചത്. രാജ്യത്ത് പ്രീമിയര്‍ ലീഗിന് കൂടുതല്‍ ആരാധകരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലാണ് സഞ്ജുവിനെ ബ്രാന്‍ഡ് അംബാസഡറാക്കിയത്.
കഴിഞ്ഞദിവസം മുംബൈയില്‍ നടന്ന ചടങ്ങില്‍ ലിവര്‍പൂളിന്റെയും ഇംഗ്ലണ്ടിന്റെയും മുന്‍ താരം മൈക്കല്‍ ഓവനൊപ്പം ലീഗ് പ്രമോഷന് പരിപാടിയില്‍ സഞ്ജുവും പങ്കെടുത്തു. താന്‍ ഒരു ലിവര്‍പൂള്‍ ഫാനാണെന്ന് വെളിപ്പെടുത്തിയ സഞ്ജു, തന്റെയും സഹോദരന്റെയും പിതാവിന്റെയും ഫുട്ബേള്‍ കമ്പത്തെക്കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവെച്ചു. ഫുട്ബോളുമായി നേരത്തേത്തന്നെ അടുത്ത ബന്ധമുള്ള സഞ്ജു കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്റെയും ബ്രാന്‍ഡ് അംബാസഡറായിരുന്നു. സൂപ്പര്‍ ലീഗ് കേരളാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം എഫ്സി ടീമിന്റെ സഹ ഉടമയുമാണ്.
ചലച്ചിത്രതാരം രണ്‍വീര്‍ സിങ്ങും പ്രീമിയര്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് രോഹിത് ശര്‍മ നേരത്തേ സ്പാനിഷ് ലീഗായ ലാലിഗയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായിരുന്നു.
Content Highlights: Indian cricketer Sanju Samson appointed as the brand ambassador for the English Premier League in India, aiming to boost fan engagement