ഗാര്‍ഹിക പീഡനക്കേസ്; വെയ്ല്‍സ് ഫുട്‌ബോള്‍ പരിശീലകസ്ഥാനം രാജിവെച്ച് ഗിഗ്‌സ്

Photo: AFP
Photo: AFP

കാര്‍ഡിഫ്: വെയ്ല്‍സ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനം രാജിവെച്ച് റയാന്‍ ഗിഗ്‌സ്. ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ടാണ് ഗിഗ്‌സ് പരിശീലകസ്ഥാനം രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനായത്. 

48 -കാരനായ ഗിഗ്‌സ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. ഗാര്‍ഹിക പീഡനമാരോപിച്ച് കാമുകിയായ കേറ്റ് ഗ്രെവില്ലെ നല്‍കിയ പരാതിയില്‍ 2020 മുതല്‍ ഗിഗ്‌സ് വിവാദത്തിലകപ്പെട്ടിരുന്നു. ഒരു തവണ അറസ്റ്റിലാകുകയും ചെയ്തു. 

2020 മുതല്‍ കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. താന്‍ നിരപരാധിയാണെന്നാണ് ഗിഗ്‌സിന്റെ പക്ഷം. 1958 ന് ശേഷം വെയ്ല്‍സിന് ആദ്യമായി ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത ശേഷമാണ് ഗിഗ്‌സ് പടിയിറങ്ങുന്നത്. 

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസതാരമാണ് ഗിഗ്‌സ്. ടീമിനൊപ്പം 24 വര്‍ഷം പന്തുതട്ടിയ താരം 25 പ്രമുഖ കിരീടങ്ങള്‍ സ്വന്തമാക്കി. 13 പ്രീമിയര്‍ ലീഗ് കിരീടങ്ങളില്‍ പങ്കാളിയായി. 

യുണൈറ്റഡിന്റെ പരിശീലകനായാണ് താരം ഈ രംഗത്തേക്ക് കടന്നത്. 2013-2014 സീസണില്‍ താരം യുണൈറ്റഡിന്റെ താത്കാലിക പരിശീലകനായി സ്ഥാനമേറ്റിരുന്നു. 2018 ജനുവരിയിലാണ് ഗിഗ്‌സ് വെയ്ല്‍സ് ഫുട്‌ബോളിന്റെ മാനേജരായത്.

Content Highlights: ryan giggs, wales manager, wales football, manchester united, giggs footballer, football news