ക്രിസ്റ്റ്യാനോയുടെ അബദ്ധം, ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് നബീൽ

#സ്പോർട്സ് ഡെസ്ക്
ക്രിസ്റ്റ്യാനോ റൊണാൾഡോ |  AFP
ക്രിസ്റ്റ്യാനോ റൊണാൾഡോ | AFP

റിയാദ്: സൗദി പ്രോ ലീഗിൽ അബ ക്ലബ്ബിനെതിരേ തകർപ്പൻ ഹെഡർ ഗോളുമായി ജയമൊരുക്കിയെങ്കിലും അൽ നസ്ർ ക്യാപ്റ്റൻ കൂടിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ വരുത്തിയ പിഴവാണ് ഫുട്‌ബോൾ ലോകത്തെ ചർച്ച. അൽ നസ്ർ രണ്ട് ഗോളിന് ജയത്തിലേക്ക് നീങ്ങുമ്പോൾ 75-ാം മിനിറ്റിലാണ് അബ താരം നബീൽ ഫെകിർ ഫ്രീകിക്കിലൂടെ ഒരുഗോൾ മടക്കിയത്. ഇതിന് കാരണമായത് ക്രിസ്റ്റ്യാനോയുടെ അബദ്ധമായ തീരുമാനവും.

ബോക്‌സിന് തൊട്ടുപുറത്തുനിന്നുള്ള ഫ്രീകിക്കെടുക്കാൻ നബീൽ തയ്യാറാകുമ്പോൾ രണ്ട് അൽ നസ്‌ർ താരങ്ങൾ തൊട്ടുമുന്നിൽ പന്ത് ബ്ലോക്ക് ചെയ്യാൻ തയ്യാറായുണ്ടായിരുന്നു. എന്നാൽ, കിക്കെടുക്കുന്നതിന് തൊട്ടുമുൻപ്‌ അതിലൊരു താരത്തോട് ബോക്‌സിൽ എതിർതാരങ്ങൾ കൂട്ടംകൂടി നിൽക്കുന്ന ഭാഗത്തേക്ക് വരാൻ ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടു. താരം ഇതനുസരിക്കുകയും ചെയ്തു. നബീലാകട്ടെ, അൽ നസ് ർ താരം മാറിയ വിടവിലൂടെ പന്തിനെ വലയിലെത്തിക്കുകയും ചെയ്തു.

അൽ നസ്‌റിനായി 22-ാംമിനിറ്റിലാണ് ക്രിസ്റ്റ്യാനോ സ്‌കോർ ചെയ്തത്. അബ്ദുള്ള അൽ ഹംദാനും (58) ലക്ഷ്യം കണ്ടു.

Content Highlights: Cristiano Ronaldo scored a brilliant header for Al Nassr against Abha Club., Ronaldo made a costly defensive positioning error that allowed Nabil Fekir to score from a free-kick