ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീന്യോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം

കൊച്ചി: ബ്രസീൽ ഫുട്‌ബോളിലെയും ഇന്ത്യൻ ഫുട്‌ബോളിലെയും ഇതിഹാസ താരങ്ങൾ ഏറ്റുമുട്ടുന്ന 'റിട്ടേൺ ഓഫ് ദ് ടൈറ്റൻസ്' പരമ്പരയ്ക്കായി ബ്രസീൽ താരങ്ങൾ കൊച്ചിയിലെത്തി. ബ്രസീലിയൻ ഇതിഹാസം റൊണാൾഡീന്യോ അടങ്ങുന്ന ആറംഗ സംഘമാണ് നെടുമ്പാശ്ശേരിയിലെത്തിയത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ബുധനാഴ്ച വൈകീട്ട് 7:30-നാണ് മത്സരം.
ചൊവ്വാഴ്ച രാവിലെ 9.55-ന് എമിറേറ്റ്‌സ് എയർലൈൻസ് വിമാനത്തിൽ ദുബായ് വഴിയാണ് റൊണാൾഡീന്യോയും സംഘവും കൊച്ചിയിൽ എത്തിയത്. സംഘത്തിൽ ഉൾപ്പെട്ട രണ്ടു പേർക്ക് യെല്ലോ ഫീവറിന് പ്രതിരോധ കുത്തിവെപ്പ് നടത്തിയതിന്റെ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. അതിനാൽ വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗം ഇവരെ പുറത്തിറങ്ങാൻ അനുവദിച്ചില്ല. ഇതുമൂലം റൊണാൾഡീന്യോ അടങ്ങിയ സംഘത്തിന് വൈകിയാണ് ടെർമിനലിന് പുറത്തിറങ്ങാനായത്. 11.05-ന് റൊണാൾഡീന്യോ ടെർമിനലിന് പുറത്തേയ്ക്ക് വന്നു.
യെല്ലോ ഫീവർ ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന ചട്ടപ്രകാരമാണ് ഈ നടപടി ഉണ്ടായത്. പിന്നീട് പ്രതിരോധ കുത്തിവെപ്പ് എടുത്തതിന്റെ സർട്ടിഫിക്കറ്റ് (ഡിജിറ്റർ കാർഡ്) ഇവർ ഓൺലൈൻ മുഖേന ഡൗൺലോഡ് ചെയ്ത് വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗത്തിന് സമർപ്പിച്ചതോടെ ഇവരെ പുറത്തിറങ്ങാൻ അനുവദിക്കുകയായിരുന്നു.
Content Highlights: Brazilian football legend Ronaldinho and a 6-member team arrived in Kochi., The visit is for the 'Return of the Titans' series featuring Brazilian and Indian football legends., The match is scheduled for Wednesday at 7:30 PM at the Kaloor International Stadium., Minor delay at Nedumbassery airport due to yellow fever vaccination certificate verification.