രക്ഷകനായി ലെവന്‍ഡോസ്‌കി; ബാഴ്‌സയ്ക്ക് താത്കാലിക ആശ്വാസം

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് സിയില്‍ ബാഴ്‌സലോണയുടെ നോക്കൗട്ട് സാധ്യത തുലാസില്‍. സ്വന്തം മൈതാനത്ത് ഇന്റര്‍ മിലാനെതിരായ മത്സരത്തില്‍ ബാഴ്‌സ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. ഇന്ററിന്റെ മൈതാനത്ത് നടന്ന ആദ്യപാദത്തില്‍ ബാഴ്‌സ 1-0ന് പരാജയപ്പെട്ടിരുന്നു.
40-ാം മിനിറ്റില്‍ തന്നെ ഒസ്മാന്‍ ഡെംബെലെയിലൂടെ മുന്നിലെത്തിയ ബാഴ്‌സയെ പക്ഷേ രണ്ടാം പകുതിയില്‍ ഇന്റര്‍ ഞെട്ടിച്ചു. 50-ാം മിനിറ്റില്‍ ബാരെല്ലയിലൂടെ സമനില പിടിച്ച അവര്‍ 63-ാം മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസിലൂടെ ലീഡെടുത്തതോടെ ബാഴ്‌സ വിറച്ചു.
എന്നാല്‍ 82-ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കി ബാഴ്‌സയെ ഒപ്പമെത്തിച്ചു. പിന്നാലെ 89-ാം മിനിറ്റില്‍ റോബിന്‍ ഗോസെന്‍സിലൂടെ ഇന്റര്‍ മൂന്നാം ഗോളും നേടിയതോടെ ബാഴ്‌സയുടെ കാര്യ തീരുമാനമായെന്ന് ആരാധകര്‍ പോലും ഉറപ്പിച്ചു. എന്നാല്‍ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ കിടിലന്‍ ഒരു ഹെഡറിലൂടെ ലെവന്‍ഡോസ്‌കി ബാഴ്‌സയ്ക്ക് ആശ്വാസ സമനില സമ്മാനിച്ചു.
ഗ്രൂപ്പില്‍ നാലു കളികളില്‍ നിന്ന് നാലു പോയന്റ് മാത്രമുള്ള ബാഴ്‌സയ്ക്ക് അവസാന 16-ല്‍ ഇടംപിടിക്കുക എന്നത് ബുദ്ധിമുട്ടാണ്. നാലില്‍ നാലും ജയിച്ച് ബയേണ്‍ മ്യൂണിക്ക് നോക്കൗട്ട് ഉറപ്പാക്കി. ഏഴു പോയന്റുമായി ഇന്റര്‍ രണ്ടാം സ്ഥാനത്തുണ്ട്. ബാഴ്‌സയ്ക്കും ഇന്ററിനും ഇനി ബയേണുമായി മത്സരം ബാക്കിയുണ്ട്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ബാഴ്‌സയ്ക്ക് അതിനിര്‍ണായകമാണ്.
Content Highlights: Robert Lewandowski Saves Drowning Barcelona In Thrilling Inter Milan match