ടോട്ടനത്തിലേക്ക് മടങ്ങാന്‍ ഗാരെത് ബെയ്ല്‍; ക്ലബ്ബുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഏജന്റ്

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ നഷ്ടപ്പെട്ടു തുടങ്ങിയ തന്റെ ഫുട്‌ബോള്‍ കരിയര്‍ തിരിച്ചുപിടിക്കുന്നതിനായി മുന്‍ ക്ലബ്ബ് ടോട്ടന്‍ഹാമിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഗാരെത് ബെയ്ല്‍.
ഏഴു വര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോന്ന ക്ലബ്ബിലേക്കുള്ള ബെയ്‌ലിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ടോട്ടനവുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് താരത്തിന്റെ ഏജന്റ് ജൊനാതന്‍ ബാര്‍നെറ്റ് സ്ഥിരീകരിച്ചു. അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിലവില്‍ 2022 വരെ റയലുമായി താരത്തിന് കരാറുണ്ട്. ഇതിനാല്‍ തന്നെ റിലീസ് ക്ലോസിലൂടെ ക്ലബ്ബ് വിടാനായില്ലെങ്കിലും ലോണ്‍ അടിസ്ഥാനത്തില്‍ ടോട്ടനത്തിലേക്ക് പോകാനും താരം ശ്രമം നടത്തുന്നുണ്ട്. ഇക്കാര്യം പക്ഷേ ടോട്ടനം കോച്ച് ജോസെ മൗറീന്യോ നിരസിച്ചിട്ടുണ്ട്.
2013-ല്‍ അന്നത്തെ റെക്കോഡ് തുകയ്ക്കാണ് (100 ദശലക്ഷം യൂറോ) ബെയ്‌ലിനെ ടോട്ടനത്തില്‍ നിന്ന് റയല്‍ സാന്തിയാഗോ ബെര്‍ണബ്യുവിലെത്തിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ റയലിന്റെ ആദ്യ ഇലവനിലെ പ്രധാന താരമായിരുന്നു ബെയ്ല്‍. പക്ഷേ പരിക്കും മോശം ഫോമും കാരണം പിന്നീട് പലപ്പോഴും താരത്തിന് സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം. കോച്ച് സിദാന്‍ പലപ്പോഴും താരത്തെ ടീമില്‍ നിന്ന് തഴയുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവസരങ്ങള്‍ ലഭിക്കാതായതോടെയാണ് താരം റയല്‍ വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.
അതേസമയം തന്നെ ക്ലബ്ബ് വിടാന്‍ റയല്‍ മാനേജ്‌മെന്റ് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ബെയ്ല്‍ രംഗത്തെത്തിയിരുന്നു. ഈ വര്‍ഷം ആദ്യം താരം ചൈനീസ് സൂപ്പര്‍ ലീഗിലേക്ക് ചേക്കേറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ക്ലബ്ബ് അനുവദിച്ചില്ല.
Content Highlights: Real Madrid player Gareth Bale is hoping to secure a return to Tottenham
Content Highlights: