വീണ്ടും ഹാട്രിക്കുമായി റഫീഞ്ഞ്യ; കുതിപ്പ് തുടർന്ന് ബാഴ്‌സ, തുടർച്ചയായ എട്ടാം ജയം

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Getty Images
Photo: Getty Images

സെവിയ്യ: സീസണിലെ വിജയക്കുതിപ്പ് തുടർന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. ക്യാപ്റ്റൻ റഫീഞ്ഞ്യയുടെ ഹാട്രിക്ക് മികവിൽ സെവിയ്യയെ അവരുടെ മൈതാനത്ത് ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ തകർത്തുവിട്ടത്. സെവിയ്യയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ റാമോൺ സാഞ്ചസ് പിസ്ജുവാനിൽ നടന്ന മത്സരത്തിന്റെ 19-ാം മിനിറ്റിൽ സെവിയ്യയാണ് ആദ്യം സ്‌കോർ ചെയ്തത്. എറിക് ഗാർസിയയെ മറികടന്ന് ഫെലിക്‌സ് കൊറേയ നൽകിയ ക്രോസ് യൂസഫ് ഫൊഫാന ഹെഡറിലൂടെ അനായാസം വലയിലാക്കി. തുടർന്ന് ലമിൻ യമാലിന്റെ ഒരു ഷോട്ട് സെവിയ്യ ഗോൾകീപ്പർ ഒഡീസിയസ് വ്‌ളാച്ചോഡിമോസ് തടുത്തിട്ടത് പോസ്റ്റിൽ തട്ടി പുറത്തുപോയി.

എന്നാൽ മൂന്ന് മിനിറ്റുകൾക്ക് ശേഷം ബാഴ്‌സയുടെ മറുപടിയെത്തി. സെവിയ്യ പ്രതിരോധത്തെ കബളിപ്പിച്ച് റഫീഞ്ഞ്യ ബാഴ്‌സയുടെ ആദ്യ ഗോൾ നേടി. പിന്നാലെ 52-ാം മിനിറ്റിൽ യമാൽ നൽകിയ മനോഹരമായ ക്രോസിൽ തലവെച്ച് റഫീഞ്ഞ്യ ബാഴ്‌സയുടെ ലീഡുയർത്തി. 69-ാം മിനിറ്റിൽ യമാലിന്റെ മികച്ചൊരു പാസിൽ നിന്ന് പന്ത് സ്വീകരിച്ച് ഗോൾകീപ്പർക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് റഫീഞ്ഞ്യ ഹാട്രിക്ക് പൂർത്തിയാക്കി. ഈ സീസണിലെ ഏഴ് മത്സരങ്ങളിൽ നിന്ന് റഫീഞ്ഞ്യയുടെ 12-ാം ലീഗ് ഗോളായിരുന്നു ഇത്.

ഇതോടെ ലാ ലിഗയിൽ തുടർച്ചയായ ഏഴാം വിജയവും എല്ലാ ടൂർണമെന്റുകളിലുമായി എട്ടാം വിജയവുമാണ് ബാഴ്സലോണ പൂർത്തിയാക്കിയത്. നിലവിൽ 21 പോയിന്റോടെ ബാഴ്സലോണ ലീഗ് പട്ടികയിൽ മുന്നിലാണ്.

Content Highlights: Raphinha scored a hat-trick to lead Barcelona to a 3-1 victory over Sevilla., The win marks Barcelona's 8th consecutive victory across all competitions., Barcelona tops the La Liga standings with 21 points., Lamine Yamal provided crucial assists during the match.