പെപ്പില്ലാത്ത സിറ്റി, സലായില്ലാത്ത ലിവർപൂൾ, കിരീടം കാക്കാൻ ആഴ്സണൽ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Getty Images
Photo: Getty Images

ആഴ്സണൽ കിരീടം നിലനിർത്തുമോ? പെപ് ഗ്വാർഡിയോളയ്ക്കുശേഷമുള്ള മാഞ്ചെസ്റ്റർ സിറ്റിയെ എൻസോ മരെസ്‌ക എങ്ങനെ മുന്നോട്ടു നയിക്കും. മുഹമ്മദ് സലായില്ലാത്ത ലിവർപൂളിന് ആൻഡോണി ഇറയോളയുടെ ഹൈ-ഇന്റൻസിറ്റി ഫുട്‌ബോൾ ചേരുമോ? സാബി അലോൺസോയ്ക്ക് ചെൽസിയുടെ പ്രതിഭാസമ്പന്നമായ സ്‌ക്വാഡിനെ ഒരു ടീമാക്കി മാറ്റാനാകുമോ? മൈക്കൽ കാരിക്കിന്റെ മാഞ്ചെസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ സീസണിലെ തിരിച്ചുവരവ് തുടരുകയാണെങ്കിൽ കിരീടപ്പോരാട്ടത്തിലേക്കെത്തുമോ? ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് അടുത്ത ദിവസം തുടക്കമാകാനിരിക്കെ ആരാധകരുടെ മനസിൽ ചോദ്യങ്ങൾ നിരവധിയാണ്.

വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആഴ്സണൽ പ്രമോഷൻ നേടിയെത്തിയ കോവെൻട്രി സിറ്റിയെ നേരിടും. ഓഗസ്റ്റ് 22-ന് ഹൾ സിറ്റിക്കെതിരേ മാഞ്ചെസ്റ്റർ യുണൈറ്റഡ് ഇറങ്ങും. 23-ന് മാഞ്ചെസ്റ്റർ സിറ്റി ബോൺമൗത്തിനെ സ്വീകരിക്കുമ്പോൾ ലിവർപൂൾ ന്യൂകാസിലിലേക്കാണ് പോകുന്നത്. ചെൽസിയുടെ ആദ്യ മത്സരം ഓഗസ്റ്റ് 24-ന് ഫുൾഹാമിനെതിരെയാണ്. സീസൺ 2027 മേയ് 30-ന് അവസാനിക്കും.

ഇത്തവണ ലീഗിലെ പ്രമുഖ ടീമുകളിൽ പരിശീലകനെ മാറ്റാത്ത ഏക ക്ലബ് ആഴ്സണലാണ്. 2019 ഡിസംബർ മുതൽ ടീമിനെ നയിക്കുന്ന മികേൽ അർട്ടേറ്റ, നിലവിൽ പ്രീമിയർ ലീഗിൽ ദീർഘകാലം തുടരുന്ന പരിശീലകനാണ്. മൂന്ന് തവണ ലീഗിൽ തുടർച്ചയായി രണ്ടാം സ്ഥാനത്ത് എത്തിയശേഷം കഴിഞ്ഞ സീസണിൽ അദ്ദേഹം ഗണ്ണേഴ്‌സിന്റെ 22 വർഷത്തെ പ്രീമിയർ ലീഗ് കിരീടവരൾച്ച അവസാനിപ്പിച്ചു. സീസണിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരവും അർട്ടേറ്റയ്ക്കായിരുന്നു.

ന്യൂകാസിൽ ക്യാപ്റ്റനായിരുന്ന ബ്രസീലിയൻ മിഡ്ഫീൽഡർ ബ്രൂണോ ഗിമറായിസിനെ 75 ദശലക്ഷം യൂറോ മുടക്കി ആഴ്‌സണൽ ഇത്തവണ സ്വന്തമാക്കിയിട്ടുണ്ട്. ഡിഫൻസീവ് മിഡ്ഫീൽഡറായും ബോക്‌സ്-ടു-ബോക്‌സ് റോളിലും കളിക്കാൻ കഴിയുന്ന താരമാണ് ഗിമറായിസ്. ക്ലബ് ബ്രൂഗിനായി കഴിഞ്ഞ ബെൽജിയൻ ലീഗ് സീസണിൽ 17 ഗോളും 23 അസിസ്റ്റും നേടിയ ഗ്രീക്ക് താരം ക്രിസ്റ്റോസ് സോളിസിനെയും ഇത്തവണ ആഴ്‌സണൽ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് വർഷത്തെ കരാറിലാണ് എത്തിയത്. ലിയാൻഡ്രോ ട്രൊസാർഡ് ബെസിക്താസിലേക്ക് പോയ ഒഴിവ് നേരിട്ട് നികത്തുന്ന സൈനിങ്ങാണിത്. കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ടീമിലുണ്ടായിരുന്ന പിയറോ ഹിൻകാപിയെയുടെ കരാറും സ്ഥിരമാക്കി. ട്രൊസാർഡിനൊപ്പം ജാക്കൂബ് കിവിയോറും ക്രിസ്റ്റ്യൻ നോർഗാർഡും ക്ലബ് വിട്ടു.

വില്യം സാലിബ, ടിംബെർ എന്നിവരുടെ ഫിറ്റ്‌നസ് സീസണിൽ ആഴ്‌സണലിന് പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. ലോകകപ്പിനു ശേഷം വൈകി ടീമിനൊപ്പം ചേർന്ന ബുകായോ സാക്ക, ഡെക്ലാൻ റൈസ് എന്നിവരുടെ മാച്ച് ഫിറ്റ്‌നസും അർട്ടേറ്റയ്ക്ക് കണക്കിലെടുക്കേണ്ടി വരും. സിറ്റിയെ 3-0ന് തകർത്ത് ഇത്തവണ കമ്മ്യൂണിറ്റി ഷീൽഡ് നേടി ആഴ്‌സണൽ വരവറിയിച്ചു കഴിഞ്ഞു.

ഇത്തവണ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ മാറ്റം സിറ്റിയിലാണ്. ഒരു പതിറ്റാണ്ട് നീണ്ട പെപ് ഗ്വാർഡിയോള കാലത്തിനുശേഷം എൻസോ മരെസ്‌ക മാഞ്ചെസ്റ്റർ സിറ്റിയുടെ പരിശീലകനായി ചുമതലയേറ്റു. മുമ്പ് ഗ്വാർഡിയോളയുടെ അസിസ്റ്റന്റായി സിറ്റിയിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് മരെസ്‌ക. പെപ് സ്‌കൂളിൽപ്പെട്ടയാൾ തന്നെയാണെങ്കിലും പെപ്പിന്റെ പകർപ്പാവുക എന്നതല്ല അദ്ദേഹത്തിന്റെ ജോലി. കഴിഞ്ഞ സീസണിൽ രണ്ടാമതായിപ്പോയ ടീമിനെ സ്വന്തം രീതിയിൽ പുനർനിർമിക്കുക എന്നതാണ് മരെസ്‌കയ്ക്ക് മുന്നിലുള്ള വെല്ലുവിളി. നോട്ടിങ്ങാം ഫോറസ്റ്റിൽ നി്‌ന് ഇംഗ്ലീഷ് മിഡ്ഫീൽഡർ ഏലിയറ്റ് ആൻഡേഴ്‌സണും ലെസ്റ്റർ സിറ്റിയിൽ നിന്ന് 17-കാരൻ വിങ്ങർ ജെറെമി മോങ്ങയും ഇത്തവണ ടീമിലെത്തിയിട്ടുണ്ട്. ബെർണാർഡോ സിൽവ, ജോൺ സ്‌റ്റോൺസ്, നഥാൻ അകെ തുടങ്ങിയ മുഖങ്ങൾ ഇത്തവണ ക്ലബ്ബിനൊപ്പമില്ല. കൂടാതെ മിഡ്ഫീൽഡിലെ പ്രധാനി റോഡ്രി ബാഴ്‌സലോണയിലേക്ക് പോയതും സിറ്റിയുടെ ഘടന തന്നെ മാറ്റിക്കളയുന്ന കാര്യങ്ങളാണ്. അതിനാൽ സിറ്റിയെ മികച്ച നിലയിൽ നിലനിർത്തുക എന്നതാകും എൻസോ മരെസ്‌ക നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി.

ആർനെ സ്ലോട്ടിന് പകരക്കാരനായി ബേൺമൗത്തിൽ നിന്ന് ആൻഡോണി ഇറയോള എത്തിയതാണ് ഇത്തവണ ആൻഫീൽഡിലെ പ്രധാന മാറ്റം. ഇത് ക്ലബ്ബിന്റെ കളിശൈലിയിലും വലിയ മാറ്റത്തിനുള്ള സൂചനയാണ്. പേടിയില്ലാത്ത ഫുട്‌ബോൾ കളിക്കുക എന്നതാണ് ഇറയോളയുടെ ശൈലി. അതിനാൽ തന്നെ യുർഗൻ ക്ലോപ്പ് കാലത്തെ ചില ഘടകങ്ങൾ ആൻഫീൽഡിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്. ഇത്തവണ ലിവർപൂൾ വിട്ട പേരുകളുടെ വലിപ്പം നോക്കിയാൽ മാറ്റത്തിന്റെ ഗൗരവം മനസിലാകും. മുഹമ്മദ് സലാ, ആൻഡി റോബർട്‌സൺ, ഇബ്രാഹിമ കൊണാട്ടെ. സലായുടെ ഗോളുകളും വലതു വിങ്ങിൽ താരം എതിർ ടീമുകൾക്ക് സൃഷ്ടിക്കുന്ന സമ്മർദവും മറ്റൊരു കളിക്കാരനെ വെച്ച് നികത്താൻ ബുദ്ധിമുട്ടാണെന്ന് ക്ലബ്ബിന് ബോധ്യമുണ്ട്. ഇക്കാരണത്താൽ ലിവർപൂളിന്റെ ആക്രമണത്തിന്റെ സ്വഭാവം തന്നെ പുതിയ സീസണിൽ മാറും.

ചെൽസിയുടെ ഈ സീസണിലെ സൈനിങ് ഒരു കളിക്കാരനല്ല, കോച്ച് സാബി അലോൺസോയാണ്. സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിൽ നിന്നാണ് സാബിയുടെ വരവ്. റയലിൽ അത്ര നല്ല അനുഭവമായിരുന്നില്ല സാബിയുടേത്. എന്നാൽ, ബുണ്ടസ്​ലിഗയിൽ ബയേർ ലെവർകുസനെ അവരുടെ ചരിത്രത്തിലെ ആദ്യ ലീഗ് കിരീടത്തിലേക്ക് നയിച്ചത് സാബിയുടെ പരിശീലക ജീവിതത്തിലെ വലിയ നേട്ടമാണ്. കഴിഞ്ഞ സീസണിലെ അനിശ്ചിതത്വങ്ങൾക്കുശേഷം ഒരു തിരിച്ചുവരവിനാണ് ചെൽസിയുടെ ശ്രമം. അതിനായാണ് അവർ സാബിയെ എത്തിച്ചിരിക്കുന്നതും. എട്ടോളം താരങ്ങളെയാണ് ചെൽസി ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കിയത്. ലെവർകൂസൻ കാലത്തെ അലോൺസോയുടെ 3-4-3 ഫോർമേഷന് പറ്റിയ സ്‌ക്വാഡാണ് ഇത്തവണ ചെൽസിയുടേത്. പലെസ്ട്ര, ജെയിംസ്, ക്വെൻഡ, ബാർകോ തുടങ്ങിയ വിങ് ബാക്ക് ഓപ്ഷനുകൾ ഇതിനു വേണ്ടിയാണ് ചെൽസി സ്വന്തമാക്കിയത്. ഇത്തവണ യൂറോപ്യൻ മത്സരങ്ങൾ ഇല്ലാത്തതും ചെൽസിക്ക് നേട്ടമാണ്. ലീഗിൽ മാത്രം പൂർണ ശ്രദ്ധ കൊടുക്കാൻ അലോൺസോയ്ക്കാകും.

മൈക്കൽ കാരിക്കിനു കീഴിൽ പുതിയ സീസണിൽ വലിയ പ്രതീക്ഷവെച്ചാണ് മാഞ്ചെസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നത്. 2026 ജനുവരിയിൽ റൂബൻ അമോറിം പോയതിനു ശേഷം താത്കാലിക ചുമതലയേറ്റ കാരിക്കിനു കീഴിൽ 16 ലീഗ് മത്സരങ്ങളിൽ 11-ലും യുണൈറ്റഡ് ജയം സ്വന്തമാക്കിയിരുന്നു. ഏഴാം സ്ഥാനത്തായിരുന്ന യുണൈറ്റഡിനെ മൂന്നാം സ്ഥാനത്തേക്കും ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്കും എത്തിക്കാൻ കാരിക്കിന് സാധിച്ചു. അതിന്റെ പ്രതിഫലമായി കഴിഞ്ഞ മേയ് 22-ന് ക്ലബ്ബ് കാരിക്കിനെ സ്ഥിരം കോച്ചായി നിയമിക്കുകയായിരുന്നു. കാസെമിറോ ടീം വിട്ടത് യുണൈറ്റഡിന് വലിയ തിരിച്ചടിയാണ്. അതിനാൽ തന്നെ താരത്തിന്റെ അഭാവത്തിൽ യുണൈറ്റഡിന്റെ മിഡ്ഫീൽഡിനെ പുതുക്കിപ്പണിയുക എന്ന ഭാരിച്ച ജോലിയാണ് കാരിക്കിനു മുന്നിലുള്ളത്.

Content Highlights: Arsenal enters the season as defending champions under Mikel Arteta, adding Bruno Guimaraes and Christos Solis., Enzo Maresca takes over Manchester City following Pep Guardiola's departure, facing major squad rebuilds., Liverpool appoints Andoni Iraola, adjusting to life without Mohamed Salah., Xabi Alonso joins Chelsea as manager, utilizing a squad tailored for his 3-4-3 tactical setup., Michael Carrick continues as permanent manager for Manchester United after a strong finish last season.