ഇരട്ടഗോളുമായി നെയ്മര്‍; പി.എസ്.ജിയ്ക്ക് തകര്‍പ്പന്‍ വിജയം

Photo: AFP
Photo: AFP

പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയ്ക്ക് തകര്‍പ്പന്‍ വിജയം. പി.എസ്.ജി മോണ്ട്‌പെല്ലിയറിനെ രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തു. സൂപ്പര്‍ താരം നെയ്മര്‍ ഇരട്ട ഗോളുമായി തിളങ്ങി. 

43, 51 മിനിറ്റുകളിലാണ് നെയ്മര്‍ വലകുലുക്കിയത്. പുതുമുഖതാരം റെനറ്റോ സാഞ്ചസ്, സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ എന്നിവരും പി.എസ്.ജിയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. ഫലായി സാക്കോയുടെ സെല്‍ഫ് ഗോളും ടീമിനി തുണയായി. മോണ്ട്‌പെല്ലിയറിനായി വഹ്ബി ഖാസ്രിയും എന്‍സോ ജിയാനി ടാറ്റോ എംബിയായിയും സ്‌കോര്‍ ചെയ്തു. 

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ പി.എസ്.ജിയ്ക്ക് വേണ്ടി മുന്നേറ്റത്തില്‍ നെയ്മര്‍-മെസ്സി-എംബാപ്പെ സഖ്യമാണ് നിരന്നത്. പി.എസ്.ജിയുടെ ലീഗിലെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ ടീം എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് ക്ലെര്‍മോണ്ടിനെ തകര്‍ത്തിരുന്നു. 

നെയ്മര്‍ ഹാട്രിക്ക് നേടിയിരുന്നെങ്കിലും വി.എ.ആറിലൂടെ മൂന്നാം ഗോള്‍ നിഷേധിക്കപ്പെട്ടു. ഈ വിജയത്തോടെ പി.എസ്.ജി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റാണ് ടീമിനുള്ളത്.

Content Highlights: neymar, messi, mbappe, psg, league 1, french league, football news, neymar goals, sports news