ഐ ലീഗ് കിരീടം നേടി മുഹമ്മദന്‍സ്; ഇനി കളി ഐഎസ്എല്ലില്‍

ഷില്ലോങ്: ഐ ലീഗ് ഫുട്ബോള്‍ കിരീടം മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിന്. ശനിയാഴ്ച ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഒരു മത്സരം ശേഷിക്കേ മുഹമ്മദന്‍സ് കിരീടമുറപ്പാക്കിയത്. ക്ലബ്ബിന്റെ ആദ്യ ഐ ലീഗ് കിരീടമാണിത്. കിരീട നേട്ടത്തോടെ ഐഎസ്എല്‍ അടുത്ത സീസണില്‍ കളിക്കാനും ടീം യോഗ്യത നേടി. ഐസിഎല്‍എസ് ലൈസന്‍സ് (ഇന്ത്യന്‍ ക്ലബ്ബ് ലൈസന്‍സിങ് സിസ്റ്റം) പാസായാല്‍ ടീം അടുത്ത സീസണില്‍ ഐഎസ്എല്ലില്‍ പന്തുതട്ടും.
1990-കള്‍ക്കുശേഷം പ്രകടനത്തില്‍ പിന്നാക്കംപോകുകയും ഒരു പതിറ്റാണ്ടുമുമ്പ് കടക്കെണികാരണം അടച്ചുപൂട്ടലിന്റെ വക്കിലെത്തുകയുംചെയ്ത ക്ലബ്ബിന്റെ തിരിച്ചുവരവുകൂടിയാകുന്നു ഈ കിരീടം. അലക്‌സിസ് ഗോമസ്, എവ്ജനി കോസ്ലോവ് എന്നിവരാണ് മുഹമ്മദന്‍സിനായി വലകുലുക്കിയത്. ഷില്ലോങ് ലജോങ്ങിന്റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ ഡഗ്ലസ് ടാര്‍ഡിന്‍ നേടി.
23 കളികളില്‍ നിന്ന് 15 ജയവും ഏഴ് സമനിലയുമായി 52 പോയന്റോടെയാണ് ടീമിന്റെ കിരീട നേട്ടം. ഇത്രയും മത്സരങ്ങളില്‍ തോറ്റത് ഒന്നില്‍ മാത്രം. 43 ഗോളടിച്ചപ്പോള്‍ വഴങ്ങിയത് 19 എണ്ണം മാത്രം.
Content Highlights: mohammedan sc beats shillong lajong to win maiden i league title