മാറഡോണയുടെ രണ്ടാം ഗോൾ ഒരു ഫ്ലൂക്ക് ഗോളായിരുന്നു

#ഡോ. എം മുരളീധരൻ
Photo: Getty Images
Photo: Getty Images

ഫുട്ബോൾ ലോകകപ്പിന്റെ കാലത്തെല്ലാം മാറഡോണയുടെ 1986-ലെ ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടു ഗോളുകളും ഗാഢമായി ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോൾ നടക്കുന്ന ലോകകപ്പിലും അർജൻ്റീന - ഈജിപ്ത് മത്സരത്തിൽ വളരെ ഗുരുതരമായ റഫറിയിങ് പിഴവുകൾ ആരോപിക്കപ്പെടുകയും ഈജിപ്ത് കോച്ച് പത്രസമ്മേളനം നടത്തി ഇനിയീ മനസ്സിൽ ഫുട്ബോളില്ല എന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ അർജൻ്റീനിയൻ ഫുട്ബോളുമായി ബന്ധപ്പെട്ട റഫറിയിങ്ങ് പ്രശ്നങ്ങൾ ഒരിക്കൽ കൂടി മുഖ്യധാരയിലേക്ക് എത്തുകയാണ്.

1986-ൽ റഫറി ബിൻ നാസർ കാണാതെ പോയ മാറഡോണയുടെ ഹാൻഡ് ബോൾ ഇംഗ്ലീഷ് പോസ്റ്റിനു വലതു ഭാഗത്തു നിലയുറപ്പിച്ചിരുന്ന മെക്സിക്കൻ ഫോട്ടോഗ്രാഫർ അലെഹാന്ദ്രോ ഒഹേദ കാർബഹാൽ കൃത്യമായി പകർത്തിയിരുന്നുവെങ്കിലും നാല്പതു വർഷം മുമ്പത്തെ ടെക്നോളജിയുടെ പരിമിതികൾ വെച്ച് പിറ്റേ ദിവസം മാത്രമാണ് ആ ഫോട്ടോ വിശകലനത്തിന് ലഭ്യമായത്. ദൈവത്തിൻ്റെ കൈയല്ല, മറിച്ച് ചെകുത്താൻ്റെ കൈയായിരുന്നു ആ ഗോളിനു പിറകിൽ എന്ന പൊതുബോധം സംശയലേശമെന്യേ സാധൂകരിക്കുന്നതായിരുന്നു ആ ഫോട്ടോ. ഇന്നായിരുന്നെങ്കിൽ ആ സെക്കൻ്റിൽ അവരുടെ ഏറ്റവും മികച്ച കളിക്കാരനായിരുന്ന മാറഡോണ ചുവപ്പു കാർഡ് കണ്ട് പുറത്തുപോവുകയും പത്തു പേരായി ചുരുങ്ങുന്ന അർജൻ്റീന ജയിക്കാനുള്ള സാധ്യത വെറും സ്വപ്നമായിത്തീരുകയും ചെയ്യുമായിരുന്നു.

കളി ഒരു യുദ്ധമാണ്, എങ്ങിനെയാണെങ്കിലും ജയിക്കുന്നത് മാത്രമാണ് ലക്ഷ്യം എന്ന് പറയുന്നവർക്കുള്ള മറുപടി 1973-ൽ എ.ബി.രാജ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യത്തെ മുഴുനീള ഫുട്ബോൾ സിനിമയായ ഫുട്ബോൾ ചാമ്പ്യൻ തന്നെ കൃത്യമായി നൽകുന്നുണ്ട്. എതിർ ടീമിലെ ഏറ്റവും മികച്ച കളിക്കാരനെ ക്രൂരമായ ടാക്കിളിങ്ങിന് വിധേയനാക്കി കളിക്കാൻ വയ്യാതാക്കുന്നതും, തലേ ദിവസം പ്രധാന റഫറിയെ വൻ കൈക്കൂലി കൊടുത്ത് വശത്താക്കുന്നതു പോലും ഈ പശ്ചാത്തലത്തിൽ ന്യായീകരിക്കപ്പെട്ടേക്കും.

മാറഡോണയുടെ രണ്ടാമത്തെ ഗോൾ, ലോകോത്തര ഗോളായതുകൊണ്ട് ദൈവത്തിന്റെ കൈയുടെ പാപം മറഞ്ഞുപോയി എന്ന് ചിലരൊക്കെ അഭിപ്രായപ്പെടാറുണ്ട്. വലിയ ഷോക്കുകൾ മനുഷ്യ മനസ്സിലും ശരീരത്തിലുമുണ്ടാക്കുന്ന കടുത്ത ആഘാതങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയാൽ അത്തരം നീതികരണങ്ങൾ മിക്കവാറും അസാധ്യമായേക്കും. 1998-ലെ ലോകകപ്പിൽ നിന്ന് പുറത്താക്കപ്പെട്ട ഡേവിഡ് ബെക്കാം ഭീതിദമായ വിഷാദത്തിലും ഒറ്റപ്പെടലിലേക്കും വീണു പോയതും പൊതുമണ്ഡലത്തിൽ നിന്നു പിൻവാങ്ങിയതും വളരെ നാളത്തേക്ക് ഔട്ട് ഓഫ് ഫോം തുടർന്നതും ഫുട്ബോൾ പ്രേമികൾ മറന്നുപോയിരിക്കില്ല.

2002-ലെ ലോകകപ്പിൽ ബ്രസീലിൻ്റെ കുന്തമുനയായിരുന്ന റൊണാൾഡോ കടുത്ത വിഷാദവും മാനസിക ക്ഷതവും മൂലം ഡ്രസ്സിങ് റൂമിലിരുന്നു കരഞ്ഞിരുന്നുവെന്ന് റൂംമേറ്റ് റോബർട്ടോ കാർലോസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 1998 ലെ ലോകകപ്പ് സമയത്ത് അജ്ഞാത കാരണം കൊണ്ടുണ്ടായ അപസ്മാരത്തിൻ്റെ ഞെട്ടിക്കുന്ന ഓർമ്മകൾ അദ്ദേഹത്തെ അത്രമാത്രം വേട്ടയാടിയിരുന്നു. ആ ഓർമ്മകളെ അകറ്റാനായിരുന്നു, മുടി ജുഗുപ്സാവഹമായ രീതിയിൽ വെട്ടി സ്വയം ഒരു കോമാളിയായി ചമഞ്ഞ് നടന്നതെന്ന് റൊണാൾഡോ കുമ്പസരിച്ചിട്ടുണ്ട്.

2016-ലെ കോപ്പ അമേരിക്കയിൽ വലിയമ്മയുടെ മരണശേഷം മെസ്സി, 2009-ൽ സുഹൃത്തിൻ്റെ ഹൃദയസ്തംഭനത്തിനു ശേഷം ഇനിയേസ്റ്റ, രണ്ടു വയസ്സായ ലാറ മോളുടെ മരണത്തിനുശേഷം കളിക്കാനാവാതെ പോയ ജർമ്മൻ ഗോൾകീപ്പർ റോബർട്ട് എൻകെയുടെ ആത്മഹത്യ, ലോകഫുട് ബോളിലെ അക്കാലത്തെ ഏററവും പ്രതിഭാധനനെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇൻ്റർ മിലാൻ്റെ 'എംപറർ' , ബ്രസിലീയൻ കളിക്കാരൻ അഡ്രിയാനോ, 2004ൽ തൻ്റെ പ്രിയപ്പെട്ട അച്ഛൻ്റെ മരണശേഷം കളിക്കളത്തിൽ പഴയ കളിക്കാരൻ്റെ നിഴൽ മാത്രമായി പ്പോയത്.... വ്യക്തിപരമായ ഷോക്ക് മൂലം മാനസികമായി തകർന്ന് കളി മറന്ന എത്രയെത്ര കളിക്കാർ ,സംഭവങ്ങൾ .....

ഈ പശ്ചാത്തലത്തിൽ നിന്നു വേണം മാറഡോണയുടെ രണ്ടാമത്തെ ഗോളിൻ്റെ മഹത്വം നാം വിലയിരുത്തേണ്ടത്. അൻപത്തി ഒന്നാം മിനിറ്റിലെ നീതി നിഷേധത്തിൻ്റെ ഞെട്ടിക്കുന്ന ആ ഗോൾ, പീറ്റർ ഷിൽട്ടനേയും മറ്റു 'ടീമംഗങ്ങളേയും അമ്പേ തകർത്തു കളഞ്ഞിരുന്നു.. മാറഡോണയുമായി കൂട്ടിയിടിച്ച് നിലത്തു വീഴുമ്പോൾ പോലും ഇടതു കൈയുയർത്തിപ്പിടിച്ച് ഹാൻഡ് ബോൾ എന്ന് പറയാൻ ശ്രമിക്കുന്നുണ്ട് ഷിൽട്ടൺ. കൃത്യം മൂന്നര മിനിറ്റിനു ശേഷം മൈതാനമധ്യത്തു നിന്ന് പത്തു വാര കഴിഞ്ഞ് മാറഡോണക്ക് പന്ത് ലഭിക്കുമ്പോൾ മാനസികവും ശാരീരികവുമായി ആ ഷോക്കിൽ നിന്ന് അവരാരും ഒട്ടും മുക്തരായിരുന്നില്ല. ലോകകപ്പ് പോലെയുള്ള ഒരു വലിയ സ്റ്റേജിൽ എതിരാളിയുടെ ഒരു ചെറിയ ബലഹീനത പോലും വലിയ തോതിൽ ചൂഷണം ചെയ്യപ്പെടാം.. രണ്ടാം ഗോളിൻ്റെ കഥയുമതാണ്. നൈജീരിയൻ മധ്യനിരക്കാരനായിരുന്ന ജയ് ജയ് ഒകോച്ചയുടേയോ, ഗാരിഞ്ചയുടേയോ, സയ്ദ് ഒവൈറാൻ്റെയോ, റൊണാൾഡിഞ്ഞോയുടേയോ, യോഹാൻ ക്രൈഫിൻ്റേയോ സോളോ ഗോളുകളേക്കാൾ മഹത്തരമാണ് നൂറ്റാണ്ടിൻ്റെ ഗോൾ എന്ന് വിളിക്കപ്പെട്ട 1986-ലെ മാറഡോണയുടെ ഗോൾ എന്ന് തീരുമാനിക്കുന്നതിനു മുമ്പ് നിശ്ചയമായും മേൽ പറഞ്ഞവരുടെ പ്രകടനങ്ങളുമായി സൂക്ഷ്മമായി താരതമ്യപ്പെടുത്തുകയും അസ്തപ്രജ്ഞരായിപ്പോയ ഇംഗ്ലീഷ് കളിക്കാരുടെ അവസ്ഥ കണക്കിലെടുക്കുകയും വേണം. നമ്മുടെ സ്വന്തം ഇതിഹാസത്തിൽ തന്നെയുണ്ടല്ലോ ഏറ്റവും മികച്ച കാലാതീതമായ ഉദാഹരണം. മഹാമേരുപോലെ അജയ്യനായി പടക്കളത്തിൽ നിന്ന അധ്യഷ്യനായ ദ്രോണരെ വീഴ്ത്താൻ പാണ്ഡവർ മനഃശാസ്ത്ര പരമായ യുദ്ധമുറയാണ് പരീക്ഷിക്കുന്നത്. അശ്വത്ഥാമാ ഹത: (കുഞ്ജരാ:). തളർന്നു നിന്ന ദ്രോണരെ അവർ എത്ര വേഗമാണ് വീഴ്ത്തിയത് ?

ഗോളടിച്ച് (!) ആത്മ വിശ്വാസത്തിൻ്റെ കൊടുമുടിയിൽ നിൽക്കുന്ന താരതമ്യേന മികച്ച ഒരു കളിക്കാരൻ മനസ്സും ശരീരവും തകർന്നു ദുർബലമായി നിൽക്കുന്ന ഒരു ഡിഫൻസിലൂടെ കുറച്ചു ഭാഗ്യത്തിൻ്റെ പിന്തുണ കൊണ്ടു കൂടി ഓടിക്കയറി അടിച്ച ഒരു ഗോൾ. അതുമാത്രമായിരുന്നു അൻപത്തി അഞ്ചാം മിനുട്ടിലെ ഗോൾ. അത്തരമൊരു ഗോൾ എങ്ങിനെയാണ് നൂറ്റാണ്ടിൻ്റെ ഗോൾ എന്ന വിശേഷണം അർഹിക്കുന്നത്? ഒന്നാം ഗോളിൻ്റെ പാപക്കറ പുരണ്ട രണ്ടാം ഗോൾ ഡീഗോ അർമാൻഡോ മാറഡോണയെ ഒട്ടും വിശുദ്ധനാക്കുന്നില്ല.

മാറഡോണ എന്ന ആ കുറിയ മനുഷ്യൻ ഭാഗ്യം കൊണ്ട് അത്രയേറെ അനുഗ്രഹിക്കപ്പെട്ടിരുന്നു. അയാളുടെ ജീവിതത്തിലുടനീളം ഒരു പക്ഷേ കളി മിടുക്കി നേക്കാളേറെ അയാളെ ഭാഗ്യം തുണച്ചിരുന്നതായി കാണാം.. 86 ലെ ആ ഹാൻഡ് ബോൾ ഗോളിനു ശേഷം 1990-ൽ ,അടുത്ത ലോകകപ്പിൽ തന്നെ സോവിയറ്റ് റഷ്യയുമായുള്ള ഗ്രൂപ്പ് മാച്ചിൽ ഗോൾ ലൈനിൽ വെച്ച് കൈ കൊണ്ട് പന്തു തടഞ്ഞ് മറഡോണ അർജൻ്റീനയെ ഗോളിൽ നിന്നു രക്ഷിക്കുന്നുണ്ട്. അടുത്തടുത്ത രണ്ടു ലോകകപ്പുകളിലെ ഹാൻഡ് ബോളുകൾ, അല്ലെങ്കിൽ റഫറിമാർ മാത്രം കാണാതിരിക്കുന്നതെങ്ങിനെ? 1986-ൽ അൽബിൻ നാസർ ആയിരുന്നെങ്കിൽ 90-ൽ എറിക് ഫ്രെഡറിസൺ ആയി എന്നു മാത്രം..

ബിൻ നാസർ കാണാതെ പോയ, അന്നത്തെ നിയമമനുസരിച്ച് ആ ഡെലിബെറേറ്റ് ഹാൻഡ് ബോൾ കണ്ടെങ്കിലും ലൈൻ റഫറി ദോഷേവിന് കൊടി ഉയർത്താൻ കഴിയാതെ പോയ, 86 -ലെ ആ ഹാൻഡ് ബോളാണ് മാറഡോണയെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി ഉയർത്തിയത് എന്ന് നിസ്സംശയം പറയാം. റെഡ് കാർഡ് കണ്ട് പുറത്തുപോവേണ്ടി വരുന്ന മറഡോണക്ക് ഒരു തിരിച്ചു വരവ് മിക്കവാറും അസാധ്യമായേക്കും . തൻ്റെ നേട്ടങ്ങൾക്കെല്ലാം ആ രണ്ടു റഫറിമാരോടും അപാരമായ ഭാഗ്യത്തിനോടും അയാൾ നിശ്ചയമായും കടപ്പെട്ടിരിക്കുന്നു. ദോഷേവ് ഉയർത്താതെ പോയ ആ കൊടിയുടെ ഔദാര്യം മാത്രമായിരുന്നു ആ കളിക്കാരനെ ഫുട്ബോൾ രാജകുമാരനായി അവരോധിക്കാനിടയാക്കിയ പ്രധാന ഘടകം.

Content Highlights: Critique of the 1986 'Hand of God' goal in the context of refereeing failures., Comparison of modern VAR technology vs. 1986 limitations