റെക്കോഡ് തുകയ്ക്ക് ആന്റണിയെ സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ഡുബ്രാവ്കയും ടീമില്‍

മാഞ്ചെസ്റ്റര്‍: ബ്രസീല്‍ യുവതാരം ആന്റണിയെയും സ്ലൊവാക്യന്‍ ഗോള്‍കീപ്പര്‍ മാര്‍ട്ടിന്‍ ഡുബ്രാവ്കയെയും സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ആന്റണിയെ അയാക്‌സില്‍ നിന്ന് റെക്കോഡ് തുകയ്ക്കാണ് യുണൈറ്റഡ് റാഞ്ചിയത്. അതേസമയം ഡുബ്രാവ്ക വായ്പാ അടിസ്ഥാനത്തിലാണ് ടീമിലെത്തിയത്.
അയാക്‌സിന്റെ മുന്നേറ്റതാരമായ ആന്റണിയ്ക്ക് വേണ്ടി ആഴ്ചകളായി യുണൈറ്റഡ് ചരടുവലികള്‍ നടത്തുകയായിരുന്നു. വലിയ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ആന്റണിയെ വിടാന്‍ അയാക്‌സ് തയ്യാറായിരുന്നില്ല. ഒടുവില്‍ 794 കോടിയോളം രൂപ മുടക്കി യുണൈറ്റഡ് ആന്റണിയെ സ്വന്തമാക്കി. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. കരാര്‍ ഉറപ്പിച്ച ഉടന്‍ തന്നെ ആന്റണി മാഞ്ചെസ്റ്ററിലെത്തി. ശാരീരിക പരിശോധനകള്‍ വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. അഞ്ചുവര്‍ഷത്തേക്കാണ് ആന്റണിയുമായുള്ള കരാര്‍.
ആന്റണിയെ വിട്ടുകൊടുക്കാന്‍ അയാക്സ് തയ്യാറായിരുന്നില്ല. എന്നാല്‍, യുണൈറ്റഡ് തുക വര്‍ധിപ്പിച്ചതും ക്ലബ്ബ് വിടാനുള്ള താരത്തിന്റെ താത്പര്യവും പരിഗണിച്ചാണ് അയാക്സ് വഴങ്ങിയത്. ഈ ട്രാന്‍സ്ഫറിലൂടെ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായി ആന്റണി മാറി. ഇതേ തുകയ്ക്കാണ് മുമ്പ് ഹാരി മഗ്വയറെ ലെസ്റ്റര്‍ സിറ്റിയില്‍നിന്ന് കൊണ്ടുവന്നത്. യുവന്റസില്‍നിന്ന് പോള്‍ പോഗ്ബയെ 831 കോടി രൂപയ്ക്ക് കൊണ്ടുവന്നതാണ് റെക്കോഡ്.
അയാക്‌സിനുവേണ്ടി 57 മത്സരങ്ങള്‍ കളിച്ച ആന്റണി 18 ഗോളുകള്‍ നേടിയിട്ടുണ്ട്. 22 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം. ബ്രസീലിനുവേണ്ടി ഒന്‍പത് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ നേടാനും താരത്തിന് സാധിച്ചു.
നിലവിലെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായ ഡേവിഡ് ഡി ഹിയയ്ക്ക് താഴെ രണ്ടാം ഗോള്‍കീപ്പറായാണ് ഡുബ്രാവ്കയെ യുണൈറ്റഡ് പരിഗണിക്കുന്നത്. ന്യൂകാസിലില്‍ നിന്ന് താരം യുണൈറ്റഡിന്റെ തട്ടകത്തിലെത്തി ശാരീരിക പരിശോധനയ്ക്ക് വിധേയനായി. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. രണ്ടാം ഗോള്‍കീപ്പറായ ഡീന്‍ ഹെന്‍ഡേഴ്‌സണ്‍ ടീം വിട്ടതോടെയാണ് ഡുബ്രാവ്കയെ യുണൈറ്റഡ് നോട്ടമിട്ടത്. ന്യൂ കാസിലിലും രണ്ടാം നമ്പര്‍ ഗോള്‍കീപ്പറാണ് ഡുബ്രാവ്ക. ഇതോടെ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ യുണൈറ്റഡ് സ്വന്തമാക്കുന്ന ആറാമത്തെ താരമായി ഡുബ്രാവ്ക. ടൈറല്‍ മലാസിയ, ക്രിസ്റ്റ്യന്‍ എറിക്‌സണ്‍, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, കാസെമിറോ എന്നിവര്‍ നേരത്തേ ടീമിന്റെ ഭാഗമായി.
Content Highlights: antony, manchester united, antony manchester united deal, dubravka, epl 2023, erk ten hag