'ലെവന്‍' വേറെ ടീമാണ്... അറിയാതെ പോലും പാസ് കൊടുക്കല്ലെ, മുള്ളറോട് മാനെ

Photo: AFP
Photo: AFP

മ്യൂണിക്ക്: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബയേണ്‍ മ്യൂണിക്ക്-ബാഴ്‌സലോണ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സിയില്‍ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ പ്രവചനങ്ങള്‍ക്ക് സ്ഥാനമില്ല. മത്സരത്തിന് മുന്നോടിയായി രസകരമായ ഒരു സംഭവത്തെക്കുറിച്ച് വിവരിക്കുകയാണ് ബയേണ്‍ മ്യൂണിക്കിന്റെ തോമസ് മുള്ളര്‍. 

പുതിയ സീസണില്‍ ബയേണ്‍ വിട്ട് ബാഴ്‌സയിലേക്ക് ചേക്കേറിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുമായി ബന്ധപ്പെട്ട് സാദിയോ മാനെ പറഞ്ഞ ഒരു കാര്യം മുള്ളര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടു. ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തില്‍ അറിയാതെ പോലും ലെവന്‍ഡോവ്‌സ്‌കിയ്ക്ക് പാസുകൊടുക്കരുതേ എന്ന് തമാശരൂപേണ മാനേ പറഞ്ഞതായി മുള്ളര്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. പലതവണ മാനെ ഇക്കാര്യം പറഞ്ഞുവെന്നും മുള്ളര്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളോളം ഒരുമിച്ച് കളിച്ച താരങ്ങളാണ് മുള്ളറും ലെവന്‍ഡോവ്‌സ്‌കിയും. ലെവന്‍ഡോവ്‌സ്‌കിയ്‌ക്കെതിരേ കളിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും മുള്ളര്‍ മറുപടി നല്‍കി. ലെവന്‍ഡോവ്‌സ്‌കിയ്ക്ക് കളിക്കാന്‍ അവസരമൊരുക്കാതിരിക്കാനാണ് ബയേണ്‍ ശ്രമിക്കുകയെന്ന് മുള്ളര്‍ പറഞ്ഞു

' ലെവന്‍ഡോവ്‌സ്‌കി എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച് ഗോള്‍ഫ് കളിക്കാന്‍ പോകാറുണ്ട്. അദ്ദേഹവുമായി എനിക്ക് ഇപ്പോഴും നല്ല ബന്ധമാണുള്ളത്. ക്ലബ്ബ് വിട്ടിട്ടും ലെവന്‍ഡോവ്‌സ്‌കിയുമായി വാട്‌സ് ആപ്പിലൂടെ ബന്ധപ്പെടാറുണ്ട്. മത്സരത്തില്‍ അദ്ദേഹത്തിന് കളിക്കാന്‍ അവസരമൊരുക്കാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുക. ബോക്‌സിനടുത്തുവെച്ച് ബോള്‍ ലഭിച്ചാല്‍ അദ്ദേഹം അപകടകാരിയാകും. അത് സംഭവിക്കാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും.' -മുള്ളര്‍ പറഞ്ഞു. 

രാത്രി 12.30 നാണ് ബയേണ്‍-ബാഴ്‌സ മത്സരം നടക്കുന്നത്. നിലവില്‍ ഗ്രൂപ്പ് സിയില്‍ ബാഴ്‌സയാണ് ഒന്നാമത്. ബയേണ്‍ രണ്ടാമതുണ്ട്. 

പുതിയ സീസണില്‍ ലെവന്‍ഡോവ്‌സ്‌കി പോയ ഒഴിവിലേക്കാണ് ലിവര്‍പൂളില്‍ നിന്ന് സാദിയോ മാനെ ബയേണിലെത്തിയത്. പുതിയ ക്ലബ്ബില്‍ മാനെ മികച്ച പ്രകടനം നടത്തുന്നുണ്ട്. മറുവശത്ത് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയ്ക്ക് വേണ്ടി മിക്ക മത്സരങ്ങളിലും ഗോളടിച്ചുകൂട്ടുന്നുമുണ്ട്. 

Content Highlights: sadio mane, thomas mueller, bayern munich, barcelona, bayern vs barca, bayern munich vs barcelona