റൊണാൾഡീന്യോയേയും ടീമിനെയും മൈതാനത്ത് നിയന്ത്രിച്ചത് മലയാളി സംഘം

കൊച്ചി: കാണികളെ ആവേശംകൊള്ളിച്ചാണ് ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾസ്റ്റാർ ടീമും കലൂർ സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയത്. റൊണാൾഡീന്യോയും റിവാൾഡോയുമടക്കം എതിർ ചേരിയിൽ അണിനിരന്ന ബ്രസീൽ ടീമിനെതിരേ ഐ.എം വിജയനും ജോ പോൾ അഞ്ചേരിയും സി.കെ. വിനീതും മുഹമ്മദ് റാഫിയും റിനോ ആന്റോയും ആസിഫ് സഹീറും എം. സുരേഷും എൻ.പി. പ്രദീപും അജയനും കെ.ടി. ചാക്കോയുമെല്ലാം കളിക്കാനിറങ്ങി. എന്നാൽ മൈതാനത്തെ മലയാളി സാന്നിധ്യം ടീം അംഗങ്ങളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല.
ബ്രസീൽ ലെജൻഡ്സ്-ഇന്ത്യൻ ഓൾസ്റ്റാർ മത്സരം നിയന്ത്രിക്കാൻ ഗ്രൗണ്ടിലുണ്ടായിരുന്ന മാച്ച് കമ്മീഷണറും റഫറിമാരുമെല്ലാം മലയാളികളായിരുന്നു.
ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ മാച്ച് കമ്മീഷ്ണറും കോഴിക്കോട് ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറിയും കൂടിയായ ഷാജേഷായിരുന്നു ഈ മത്സരത്തിന്റെ മാച്ച് കമ്മീഷ്ണർ. ഐഎസ്എൽ റഫറിയും കോട്ടയം സ്വദേശിയുമായ അജയ് കൃഷ്ണനായിരുന്നു മത്സരം നിയന്ത്രിച്ച മുഖ്യ റഫറി. കേരള പോലീസിൽ ജോലി ചെയ്യുകയാണ് അജയ്.
അസിസ്റ്റന്റ് റഫറിയായ സഞ്ജയ് ഇ.എസ് തൃത്താല ഗവ. കോളേജിലെ കായികാധ്യാപകനാണ്. ഐഎസ്എൽ റഫറി കൂടിയാണ് ഇദ്ദേഹം. മറ്റ് അസിസ്റ്റന്റ് റഫറിമാരായ ആൻസൻ സി ആന്റോയും ഫഹദ് യൂസഫ് ദേശീയ റഫറിമാരാണ്. ആൻസൻ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ കായികാധ്യാപകനും ഫഹദ് യൂസഫ് തൃശൂർ, മുണ്ടൂർ സൽസബീൽ സ്‌കൂളിലെ കായികാധ്യാപകനുമാണ്. തൃശൂർ സ്വദേശികളാണ് ഇരുവരും.
Content Highlights: Brazil Legends and Indian All-Stars played an exciting match at Kaloor Stadium., The match was officially overseen and refereed entirely by a team of Malayali officials., Key officials included match commissioner Shajesh and referee Ajay Krishnan.