മെസ്സി ബാഴ്‌സയിലേക്കെത്തും; പക്ഷേ ഫ്രാങ്കി ഡിയോങ് വിചാരിക്കണം

ഫ്രാങ്കി ഡിയോങ്, ലയണല്‍ മെസ്സി | Photo: AP, AFP
ഫ്രാങ്കി ഡിയോങ്, ലയണല്‍ മെസ്സി | Photo: AP, AFP

ബാഴ്‌സലോണ: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ക്ലബ്ബ് മാറ്റം സംബന്ധിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്യുന്നത്.

അടുത്തിടെ ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്രചെയ്തതിന് മെസ്സിയെ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ വിഷയത്തില്‍ ക്ലബ്ബിനോടും താരങ്ങളോടും മെസ്സി ഖേദം പ്രകടിപ്പിച്ചെങ്കിലും താരവും ക്ലബ്ബും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായാണ് വിവരം. ഇതോടെ പി.എസ്.ജിയുമായുള്ള കരാര്‍ മെസ്സി അവസാനിപ്പിക്കാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്തായാലും ഈ സീസണോടെ മെസ്സി പിഎസ്ജി വിടുമെന്നുള്ള കാര്യം ഏതാണ്ട് ഉറപ്പാണ്. ജൂണ്‍ വരെയാണ് മെസ്സിക്ക് ഫ്രഞ്ച് ക്ലബ്ബുമായി കരാറുള്ളത്.

ഇതോടെ മെസ്സി ഏത് ക്ലബ്ബിലേക്ക് പോകുമെന്നതാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. മെസ്സിയെ തിരികെ ടീമിലെത്തിക്കാന്‍ അദ്ദേഹത്തിന്റെ മുന്‍ ക്ലബ്ബ് ബാഴ്‌സലോണ പരസ്യമായി തന്നെ രംഗത്തുണ്ട്. ഇക്കാര്യം ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് റാഫേല്‍ യുസ്‌തെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സ്പാനിഷ് ലീഗിന്റെ സാമ്പത്തിക നിയന്ത്രണങ്ങളും ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയും ഇക്കാര്യത്തില്‍ ബാഴ്‌സയ്ക്ക് തിരിച്ചടിയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ബാഴ്‌സ ഒരു വഴികണ്ടെത്തിയതായി സ്പാനിഷ് മാധ്യമം മുണ്‍ഡോ ഡിപോര്‍ട്ടിവോ റിപ്പോര്‍ട്ട് ചെയ്യുന്നു. മെസ്സിയെ തിരികെയെത്തിക്കാനുള്ള തുക കണ്ടെത്തുന്നതിനായി ബാഴ്‌സലോണ തങ്ങളുടെ മിഡ്ഫീല്‍ഡര്‍ ഫ്രാങ്കി ഡിയോങ്ങിനോട് വേതനം വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഈ വിഷയത്തില്‍ ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസ് അടുത്തിടെ പ്രതികരിച്ചിരുന്നു. പുതിയ സൈനിങ്ങുകള്‍ നടത്തുന്നതിനായി ബാഴ്‌സലോണ ഏകദേശം 200 ദശലക്ഷം യൂറോ ലാഭിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിന് ഇനിയും സമയമുണ്ട്, പക്ഷേ മെസ്സിയെ ടീമിലെത്തിക്കണമെങ്കില്‍ ബാഴ്‌സയ്ക്ക് അതിനായി കളിക്കാരെ വില്‍ക്കുകയും വേതനം വെട്ടിക്കുറയ്ക്കുകയും വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പണം കണ്ടെത്തുന്നതിനായാണ് ഇപ്പോള്‍ ക്ലബ്ബ് ഡിയോങ്ങിനോട് വേതനം വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്.

എങ്കിലും മെസ്സിക്ക് ഇപ്പോള്‍ പിഎസ്ജി നല്‍കുന്ന പ്രതിഫലം പോലും നിലവിലെ സാഹചര്യത്തില്‍ ബാഴ്‌സയ്ക്ക് നല്‍കാന്‍ സാധിക്കുമോ എന്ന കാര്യം സംശയമാണ്. അങ്ങനെയെങ്കില്‍ തന്റെ വേതനത്തില്‍ കുറവ് വരുത്തി മാത്രമേ മെസ്സിക്ക് ബാഴ്‌സയിലേക്ക് തിരികെയെത്താന്‍ സാധിക്കൂ.

അതേസമയം സീസണിനൊടുവില്‍ മെസ്സി, പിഎസ്ജി വിടുമെന്ന് ഉറപ്പായതോടെ താരത്തിന് റെക്കോഡ് പ്രതിഫലം വാഗ്ദാനം ചെയ്ത് സൗദി ക്ലബ്ബ് അല്‍ ഹിലാലും രംഗത്തെത്തിയിരുന്നു. 3270 കോടി രൂപ വാര്‍ഷികപ്രതിഫലത്തിന്റെ വാഗ്ദാനമാണ് ക്ലബ്ബ് നല്‍കിയത്. കരാര്‍ നടന്നാല്‍ ഫുട്‌ബോള്‍ചരിത്രത്തില്‍ പുതിയ റെക്കോഡ് പിറക്കും. ഇതിന്റെ പകുതി തുകയ്ക്ക് പോര്‍ച്ചുഗല്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി ക്ലബ്ബ് അല്‍ നസ്ര്‍ സ്വന്തമാക്കിയതാണ് നിലവിലെ റെക്കോഡ്.

മെസ്സി ഫ്രഞ്ച് ക്ലബ്ബില്‍ അടുത്ത സീസണില്‍ തുടരില്ലെന്ന് പിതാവും ഏജന്റുമായ യോര്‍ഗെ വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് അല്‍ ഹിലാല്‍ ക്ലബ്ബ് രംഗത്തുവന്നത്. സൗദി ഭരണകൂടത്തിന്റെ പിന്തുണയും നീക്കത്തിനുപിന്നിലുണ്ട്. എന്നാല്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിലേക്ക് മടങ്ങിപ്പോകാനാണ് മെസ്സിക്ക് താത്പര്യം. എന്നാല്‍, മെസ്സിയുടെ ഉയര്‍ന്ന വേതനമടക്കമുള്ള കാര്യങ്ങള്‍ ബാഴ്‌സയിലേക്കുള്ള മടക്കത്തിന് സാങ്കേതികതടസ്സം സൃഷ്ടിക്കുന്നുണ്ട്. മെസ്സിയുടെ വമ്പന്‍ പ്രതിഫലമാണ് മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളെയും കുഴക്കുന്നത്.

Content Highlights: Lionel Messi to Barcelona now depends on Frenkie de Jong