ആദ്യം ദൈവം, പിന്നെ മിശിഹ.... അർജന്റീനക്കാർ ഇനിയും കാത്തിരിക്കും !

#ആദർശ് പി.ഐ
അർജന്റീന ആരാധകർ ഉയർത്തിയ ബാനർ | gettyimages
അർജന്റീന ആരാധകർ ഉയർത്തിയ ബാനർ | gettyimages

മൂന്ന് വർഷങ്ങൾക്ക് മുൻപാണ്… പാരീസിലെ ബാലൺദ്യോർ പുരസ്കാരരാവിലെ മെസ്സിയുടെ നിയോഗം… എട്ടാം അത്ഭുതമെന്ന പോലെ ലോകത്തിന് മുന്നിൽ പുഞ്ചിരിച്ചുകൊണ്ടുനിൽക്കുന്ന മെസ്സിക്ക് മറഡോണയെ ഓർക്കാതെ പാരീസിലെ ആ രാവിൽ നിന്ന് കടന്നുപോകാനാവില്ലെന്ന് ഉറപ്പിച്ചതുപോലെ. മെസ്സി ബാലൺദ്യോർ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ 2023 ഒക്ടോബർ 30-ന് യഥാർഥത്തിൽ ഡീഗോയുടെ പിറന്നാൾ കൂടിയാണ്. അയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ആഘോഷിക്കേണ്ട 63-ാം പിറന്നാൾ. കടന്നുപോയ വഴികളിൽ താൻ യാത്ര ചെയ്ത ഇടങ്ങളിൽ അദൃശ്യമായെങ്കിലും അയാളും ഒപ്പം ചേർന്നിട്ടുണ്ടാകുമല്ലോയെന്ന് മെസ്സിയെ ഓർമപ്പെടുത്തുന്നു. താങ്കൾ ജനിക്കുന്നതിനും മുമ്പേ അർജന്റൈൻ ജനതയുടെ സ്വപ്‌നങ്ങൾക്ക് സാക്ഷാത്കാരം കുറിച്ച മനുഷ്യനെ ഓർക്കാതെ, അയാളെ കുറിച്ച് പറയാതെ നിങ്ങൾക്ക് എങ്ങനെയാണ് ആ പുരസ്‌കാരരാവിനെ പൂർണമാക്കാനാവുക ലിയോ എന്ന് കാലം ചോദിക്കുകയായിരിക്കണം. അതിനാൽ ആ നിയോഗത്തെ ഏറ്റെടുത്തുകൊണ്ടല്ലാതെ മെസ്സിക്ക് തിരിച്ചുനടക്കാനാവില്ലല്ലോ. അങ്ങനെ അന്ന് ഫുട്‌ബോൾ ദൈവത്തിന്റെ പിറന്നാളിൽ മിശിഹ ബാലൺദ്യോർ ഏറ്റുവാങ്ങി. തന്റെ പിൻഗാമിയെന്ന് മറഡോണ പറഞ്ഞ അതേ പത്താം നമ്പറുകാരൻ വിശ്വവും കീഴടക്കി എട്ടാം ബാലൺദ്യോറും വാങ്ങിക്കൊണ്ട് തലയുയർത്തി നിന്നു. ഡീഗോയ്ക്ക് ആദരമർപ്പിച്ചുകൊണ്ട്.

പാരീസിൽ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം എല്ലാവർക്കും നന്ദി പറഞ്ഞാണ് മെസ്സി തുടങ്ങിയത്. സഹപ്രവർത്തകർക്കും വോട്ട് ചെയ്തവർക്കുമെല്ലാം നന്ദി പറഞ്ഞു. പുരസ്‌കാരത്തിനായി ശക്തമായ മത്സരം കാഴ്ചവെച്ച ഹാളണ്ടിനേയും എംബാപ്പയേയും മെസ്സി പ്രശംസിച്ചു. വരാനിരിക്കുന്ന വർഷങ്ങളിൽ അവർക്ക് ബാലൺദ്യോർ നേടാനാകുമെന്നും മെസ്സി കൂട്ടിച്ചേർത്തു. കുടുംബത്തിനും കുട്ടികൾക്കും കൂടി നന്ദി പറഞ്ഞ ശേഷം അവസാനം മറഡോണയേയും ഓർത്തു.

'എനിക്ക് അവസാനമായി സൂചിപ്പിക്കാനുള്ളത് മറഡോണയേയാണ്. അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ. പിറന്നാൾ ആശംസകൾ നേരാൻ ഇതിലും നല്ല വേദിയില്ല. ഈ ബാലൺദ്യോർ നിങ്ങൾക്കും കൂടി ഉള്ളതാണ്. എല്ലാ അർജന്റീനക്കാർക്കും.'-മെസ്സി പറഞ്ഞു.

ലോകകപ്പ് നേട്ടമാണ് ബാലൺദ്യോർ പുരസ്‌കാരം ആ കൈകളിലെത്തിച്ചത്. അതിൽ തർക്കമില്ല. വ്യക്തിഗതമികവിൽ ഒരു പക്ഷേ ഹാളണ്ട് മെസ്സിക്കൊപ്പമോ അതിന് മുകളിലോ ഉണ്ട്. എന്നാൽ വിശ്വകിരീടത്തിന്റെ പൊൻതിളക്കത്തെ മറികടക്കാൻ ഹാളണ്ട് ആവനാഴിയിൽ കരുതിവെച്ച ഒന്നും മതിയായിരുന്നമില്ല. അതിനാൽ ലോകകപ്പ് നേട്ടത്തിന്റെ പിൻബലത്തിൽ മെസ്സി വീണ്ടും അത്ഭുതമാകുമ്പോൾ ഡീഗോ മറഡോണയെന്ന മനുഷ്യനെ വിസ്മരിക്കാനാവില്ല. അയാൾ കിരീടം നേടിയതിന് ശേഷമുള്ള 36 വർഷത്തെ കാത്തിരിപ്പിന് കൂടിയാണ് മെസ്സി ഖത്തറിൽ തിരശ്ശീലകുറിച്ചത്.

മറഡോണ വിശ്വകിരീടമുയർത്തിയ 1986

കാൽപ്പന്തിന്റെ ചരിത്രത്തിൽ എക്കാലവും അടയാളപ്പെടുത്തിവെക്കാവുന്ന ഒന്നായിരുന്നു 1986-ലോകകപ്പിലെ മറഡോണയുടെ പ്രകടനം. അത് കണ്ട് അത്ഭുതപ്പെടാത്തവരായി ആരുമുണ്ടായിരുന്നില്ല. ക്വാർട്ടറിലെ ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള പോരാട്ടം. അന്ന് മെക്‌സിക്കോയിലെ ആസ്റ്റക്ക് സ്‌റ്റേഡിയത്തിൽ ദൈവവും ചെകുത്താനും ഒന്നിച്ച് പന്തുതട്ടാനിറങ്ങി.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 51-ാം മിനിറ്റിലാണ് അത് സംഭവിക്കുന്നത്. മറഡോണയും സഹതാരം ജോർജ് വാൽഡാനോയും ചേർന്ന് നടത്തിയ ഒരു മുന്നേറ്റം. വാൽഡാനോ ഇംഗ്ലീഷ് പ്രതിരോധക്കാരെ വെട്ടിയൊഴിയാൻ ശ്രമിക്കുന്നു. അത് പ്രതിരോധിച്ചെങ്കിലും ഇംഗ്ലീഷ് പ്രതിരോധതാരം സ്റ്റീവ് ഹോഡ്ജിന് അടുത്ത നീക്കത്തിൽ പിഴച്ചു. ഗോൾകീപ്പർ പീറ്റർ ഷിൽട്ടന് മറിച്ച് നൽകാൻ ശ്രമിച്ച പന്ത് ഉയർന്നുപൊങ്ങി. മറഡോണയും ഷിൽട്ടനും പന്തിനായി ഉയർന്നുചാടി. എന്നാൽ ഗോൾ കീപ്പറെ മറികടക്കാനാവില്ലെന്ന് മനസിലാക്കിയ മറഡോണ ആ കൈ പ്രയോഗം നടത്തി. ഇടംകൈകൊണ്ട് പന്ത് തട്ടി വലയിലാക്കി. ഇംഗ്ലണ്ട് താരങ്ങൾ അത് ഹാൻഡ്‌ബോളാണെന്ന് വാദിച്ചെങ്കിലും റഫറി ഗോളനുവദിച്ചു. ആസ്റ്റക്കിലെ കാണികൾ ചെകുത്താന്റെ കൈ എന്ന് കൂകിവിളിച്ചു.

എന്നാൽ നാലുമിനിറ്റകം അയാൾ ആ അട്ടഹാസങ്ങളെയൊക്കെ നിശബ്ദമാക്കി. ലോകത്തെ അമ്പരപ്പിച്ചൊരു ഗോളിലൂടെ. 55-ാം മിനിറ്റിൽ സ്വന്തം ഹാഫിൽ നിന്ന് ഹെക്ടർ എൻ​റിക്കെ പന്ത് മറഡോണയ്ക്ക് നൽകി. പിന്നെയൊരു പത്ത് സെക്കന്റ് നേരം അയാൾ അതിമാനുഷനായി. മുന്നിൽ വന്നുനിന്ന എതിരാളികളെയെല്ലാം വെട്ടിച്ചുകടന്നു. ഒടുക്കം ഗോളി പീറ്റർ ഷിൽട്ടനേയും മറികടന്ന് വലകുലുക്കി. കൺമുന്നിൽകണ്ടത് വിശ്വസിക്കാനാവാതെ എതിരാളികൾ സ്തബ്ദരായി നിന്നു. ചെകുത്താനിൽ നിന്ന് ദൈവത്തിലേക്കുള്ള പരകായപ്രവേശം. ഒടുവിൽ ഇംഗ്ലണ്ടിനെ കീഴടക്കി സെമിയിലേക്ക്.

അവിടെയും അയാളുടെ കുതിപ്പ് തടയാനായില്ല. മറഡോണയുടെ ഇരട്ടഗോളിൽ ബെൽജിയത്തെ തകർത്ത് അർജന്റീന ഫൈനലിൽ പ്രവേശിച്ചു. അയാൾ പകർന്നാടിയ അതേ ആസ്റ്റക്കിൽ വെച്ച് തന്നെ വിശ്വകിരീടവുമുയർത്തി. അർജന്റീനക്കാർ മതിമറന്നാടി. മറഡോണയെന്നാൽ അവർക്കൊടുങ്ങാത്ത ആവേശമായി മാറി. സ്വപ്‌നസാഫല്യമേകിയ ദൈവവും. അയാളത്ര ഗാഡമായി അവരുടെ ആത്മാവിൽ ലയിച്ചുകഴിഞ്ഞിരുന്നു.

ഉന്മാദിയായ അവരുടെ ദൈവം 1990-ൽ ലോകകപ്പിൽ വീണ്ടും കലാശപ്പോരിനെത്തി. പക്ഷേ ഇത്തവണ അയാൾ നിരായുധനായി. അർജന്റീനയെ പരാജയപ്പെടുത്തി പശ്ചിമ ജർമനി കിരീടമുയർത്തി. കൊടിതോരണങ്ങളും മുദ്രാവാക്യങ്ങളും ഉയർത്തിക്കൊണ്ട് ജർമൻ ആരാധകർ ഗാലറിയിൽ വിജയമാഘോഷിക്കുമ്പോൾ മൈതാനമധ്യത്ത് മറഡോണ പൊട്ടിക്കരഞ്ഞു. ആ നീലക്കുപ്പായക്കാരെ പ്രണയിച്ചവരൊക്കെയും കൂടെ കരഞ്ഞു. അയാൾ പിന്നേയും ഒടുങ്ങാത്ത ആവേശത്തോടെ ആൽബിസെലസ്റ്റൻ സ്വപ്‌നങ്ങളും വഹിച്ച് പന്തുതട്ടിക്കൊണ്ടിരുന്നു. 1994-ലും അർജന്റീനയ്ക്കായി വിശ്വം കീഴടക്കാനിറങ്ങി. ആദ്യ രണ്ട് മത്സരങ്ങളിൽ മൈതാനത്തിറങ്ങി. എന്നാൽ ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെ ആ കരിയറിന് തിരശ്ശീലവീണു.

മറ്റൊരു 'ദൈവത്തി'നായുള്ള കാത്തിരിപ്പ്

പിന്നീടങ്ങോട്ട് അയാളുടെ പത്താം നമ്പർ കുപ്പായവുമണിഞ്ഞ് പലരും വിശ്വപോരാട്ടത്തിനിറങ്ങി. പന്തുകൊണ്ട് മായാജാലം കാട്ടി. വീണ്ടും ആ പ്രതീക്ഷകൾ തളിരിട്ടു. പക്ഷേ കാത്തിരിപ്പിന്റെ നീളമേറിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. നീലക്കുപ്പായത്തിൽ തിളങ്ങിക്കൊണ്ടിരുന്നവരിലെല്ലാം അവർ പുതിയൊരു ദൈവത്തെ തേടി. ആദ്യം വന്നത് ഏരിയേൽ ഒർട്ടേഗയായിരുന്നു. ഒപ്പം ബാറ്റിസ്റ്റ്യൂട്ടയും. പിന്നെ റിക്വെൽമിയും വല്ലാതെ മോഹിപ്പിച്ചു. പക്ഷേ ആൽബിസെലസ്റ്റൻ ആകാശം കറുത്തിരുണ്ടുതന്നെ കിടന്നു.

അത്ഭുതങ്ങൾ ബൂട്ടിലൊളിപ്പിച്ചൊരു റൊസാരിയോക്കാരൻ പയ്യൻ ആ നീലയും വെള്ളയും നിറത്തിലുള്ള കുപ്പായമണിയാൻ തുടങ്ങിയതുമുതലാണ് പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വെക്കുന്നത്. സ്‌പെയിനിലെ കളിത്തട്ടിൽ അപ്പോഴേക്കും മെസ്സി പയറ്റിത്തെളിഞ്ഞിരുന്നു. തട്ടകമായ ക്യാമ്പ്‌നൗവിലും സാന്റിയാഗോ ബെർണബ്യൂവിലും നിറഞ്ഞാടിയ പയ്യനിൽ അർജന്റീനക്കാർ പ്രത്യാശയുടെ കിരണങ്ങൾ കണ്ടു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലൺദ്യോർ വേദിയിലും തരംഗമായതോടെ മങ്ങലേറ്റ സ്വപ്‌നങ്ങൾക്ക് ചിറകുമുളച്ചു.

2010-ലോകകപ്പിനെത്തിയ അർജന്റീനിയൻ സംഘത്തിൽ മെസ്സിക്കൊപ്പം മറഡോണയുമുണ്ടായിരുന്നു. മെസ്സി മൈതാനത്തും മറഡോണ വെള്ളവരയ്ക്കുപുറത്തും. എന്നാൽ കിരീടസ്വപ്‌നങ്ങൾക്ക് അടുത്തെത്തുംമുമ്പേ തന്നെ അവർ തിരിഞ്ഞുനടന്നു. മൈതാനത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച മറഡോണയ്ക്ക് പരിശീലകവേഷത്തിൽ ആ സ്വപ്‌നദൂരം താണ്ടാനാകാതെ വന്നു.

നാല് വർഷങ്ങൾക്കിപ്പുറം 2014-ൽ ലോകകപ്പിനെത്തുമ്പോഴേക്കും മെസ്സി അവരുടെ മിശിഹയായി മാറിയിരുന്നു. രാജ്യത്തിന്റെ പ്രതീക്ഷകളത്രയും മെസ്സിയുടെ ചുമലിലായിരുന്നു. കരിയറിലെ തന്നെ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന മെസ്സി ലോകകപ്പിലും ആ പ്രകടനം തുടർന്നു. അങ്ങനെ രണ്ട് പതിറ്റാണ്ടിനുശേഷം അവർ ഫൈനലിലുമെത്തി. ഇത്തവണ കാത്തിരിപ്പിന് വിരാമമാകുമെന്ന് അർജന്റീനക്കാർ ഉറച്ചുവിശ്വസിച്ചു. കാലങ്ങളായി ഞങ്ങൾ തിരഞ്ഞുകൊണ്ടിരുന്നത് നിങ്ങളേ പോലൊരു നായകനെയായിരുന്നല്ലോ എന്ന് അവർ മന്ത്രിച്ചു.

പക്ഷേ കലാശപ്പോരിന്റെ 113-ാം മിനിറ്റിൽ ഗോട്‌സെ വെടിയുതിർത്തു. ജർമൻകാർ ആഹ്ലാദത്തിലാറാടി. അവസാനസെക്കന്റുവരെ അർജന്റീനക്കാർ ഒരു തിരിച്ചടിക്കായി കാത്തിരുന്നു. പെനാൽറ്റി ബോക്‌സിന് പുറത്ത് വെച്ച് കിട്ടിയ ഫ്രീകിക്ക് അവസാന പ്രതീക്ഷയായിരുന്നു. ഗോൾവലയിലേക്ക് ഒരു കിക്ക്, ഒരേയൊരു കിക്ക്. സ്‌പെയിനിലും യൂറോപ്പിലും മാരിവില്ലഴകുകൾ വിരിയിച്ച ആ ബൂട്ടിൽ നിന്ന് ജീവൻ തിരികെ പിടിക്കാൻ അത് വേണമായിരുന്നു അവർക്ക്. പക്ഷേ ഗോൾബാറിന് മുകളിലൂടെ ആ പന്തിനൊപ്പം അവരുടെ പ്രതീക്ഷകളും ലക്ഷ്യം തെറ്റി പറന്നകന്നു.

കോപ്പ അമേരിക്കയുടെ കലാശപ്പോരിൽ തുടർച്ചയായി രണ്ടുതവണ പരാജയപ്പെട്ടിട്ടാണ് മെസ്സിപ്പട വീണ്ടും വിശ്വം കീഴടക്കാനെത്തിയത്. യൂറോപ്പിലെ മിന്നും താരങ്ങളൊന്നുമില്ലാതെ ഉഴറിയ അർജന്റീന 2018-ലോകകപ്പിന് യോഗ്യതനേടുന്നത് പോലും അവസാനഘട്ടത്തിലാണ്. ലോകകപ്പിലും അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ല. പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് പറത്തായി. ഇനി അർജന്റീനയ്ക്ക് അടുത്തകാലത്തൊന്നും കിരീടം നേടാനാകില്ലെന്ന വിലയിരുത്തലുകൾ വന്നു. മെസ്സിക്ക് ഇനി ഒന്നും ചെയ്യാനാകില്ലെന്ന വിമർശനങ്ങളും.

ഒടുക്കം മിശിഹയുടെ കിരീടധാരണം

2022-ലോകകപ്പിനെത്തുമ്പോഴേക്കും കളിയും കഥയും മാറിക്കഴിഞ്ഞിരുന്നു. മറഡോണയില്ലാതെ മൈതാനങ്ങളിൽ തലങ്ങും വിലങ്ങും പലവട്ടം പന്തുരുണ്ടു. സ്‌കലോണി തന്റേതായ ചരിത്രം എഴുതിത്തുടങ്ങി. പുത്തൻ താരങ്ങളെ വാർത്തെടുത്ത സ്‌കലോണി ടീമിനെ എത് പോരാട്ടത്തിനും കെൽപ്പുള്ളൊരു സംഘമായി മാറ്റിയെടുത്തു. കാൽപ്പനികതയെ വെള്ളവരയ്ക്ക് പുറത്തുനിർത്തി പ്രായോഗികതയിലൂടെയാണ് സ്‌കലോണി മുന്നോട്ടുപോയത്. 28 വർഷത്തെ കാത്തിരിപ്പിനൊടുക്കം അവർ കോപ്പ അമേരിക്കയിലും മുത്തമിട്ടു. പിന്നാലെ ഫൈനലിസ്സിമ ട്രോഫിയിലും. എതിരാളികളെയെല്ലാം തകർത്തെറിഞ്ഞ് അപരാജിതകുതിപ്പുമായാണ് അർജന്റീന ലോകകപ്പിനെത്തുന്നത്.

ആദ്യ മത്സരത്തിൽ പക്ഷേ സൗദിയോട് അപ്രതീക്ഷിത തോൽവിയേറ്റു. പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കുമിടയിലൂടെ മെസ്സിപ്പട തിരിഞ്ഞുനടന്നു. ആ പത്താം നമ്പറുകാരന്റെ സ്വപ്‌നങ്ങളിത്തവണയും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തകർന്നുടയുമെന്ന വിലയിരുത്തൽ. എന്നാൽ സ്‌കലോണി ടീമിനെ ഒരുക്കിനിർത്തി. പതിവുപോലെ പ്രായോഗികതയിലൂടെ വഞ്ചി തുഴഞ്ഞു. പിന്നീടൊരു മത്സരവും അർജന്റീന തോറ്റിട്ടില്ല. എതിരാളികളെയെല്ലാം തകർത്തെറിഞ്ഞ് കലാശപ്പോരിലേക്ക്...

ജീവനും മരണത്തിനുമിടയിലങ്ങനെ കുമ്മായം കൊണ്ട് വരച്ചുനിർത്തിയ ആ ബോക്‌സിനുള്ളിൽ നിന്ന് കലാശപ്പോരിലെ 23-ാം മിനിറ്റിൽ ആ കിക്കെടുക്കുമ്പോൾ ഭൂതകാലമങ്ങനെ ഓർമയിൽ മിന്നിമറഞ്ഞിട്ടുണ്ടാകണം. പലതവണ നിരായുധനായി മടങ്ങേണ്ടി വന്ന ആ സ്‌പോട്ടിൽ നിന്ന് ഹ്യൂഗോ ലോറിസ്സങ്ങനെ ഏകാന്തനായി നിൽക്കുമ്പോൾ ഗാലറി ഒന്നടങ്കം നിശബ്ദമായിരുന്നു. സ്വാഭാവികമായും സമ്മർദത്തിനടിപ്പെടേണ്ട ആ നിമിഷം പക്ഷേ ഇത്തവണ അയാൾ അതിശയിപ്പിക്കുന്ന അനായാസതയോടെ വലയിലെത്തിച്ചു. പിന്നാലെ മാലാഖയും വലകുലുക്കി.

കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറി വിസിൽ മുഴക്കുന്നതുവരെ ലുസെയ്ൽ സ്റ്റേഡിയത്തിലെ ഇരുട്ട് നിറഞ്ഞ കോണിൽ ആ സ്വപ്‌നക്കിരീടം അയാളേയും കാത്തുനിന്നു. പിന്നെ ശ്വാസമടക്കിപ്പിടിച്ചതല്ലാതെ ലോകം ആ മത്സരം വീക്ഷിച്ചിട്ടുണ്ടാകില്ല. അവസാന മിനിറ്റുകളിൽ എംബാപ്പേയുടെ തിരിച്ചടി. അർജന്റീനക്കാരുടെ ശ്വാസം നിലച്ചു. പിന്നെ എക്‌സ്ട്രാ ടൈമിലും അടിക്ക് തിരിച്ചടി. പിന്നെ പെനാൽറ്റി ഷൂട്ടൗട്ട്.

അവിടെ തോറ്റാൽ മരണമാണ്. ദൈവം പക്ഷേ മുകളിലെവിടെയോ ഇരുന്ന് കാണുന്നുണ്ടായിരിക്കണം. ദൈവം കഴിഞ്ഞാൽ പിന്നെ അവരുടെ മിശിഹയ്ക്ക് വേണ്ടി അവർക്കത് നേടണമായിരുന്നു. അല്ലാതെ അയാൾക്ക് അവിടെ നിന്ന് മടങ്ങാനാവില്ലല്ലോ. ഒടുക്കം പെനാൽറ്റി ഷൂട്ടൗട്ടിൽ എമിലിയാനോ വീണ്ടും നായകനായി. മിശിഹ ഉലകം കീഴടക്കിക്കൊണ്ട് മൈതാനത്ത് കണ്ണീരണിഞ്ഞു. ആനന്ദനൃത്തമാടി. ലോകം കീഴടക്കി അർജന്റീന. മാറഡോണയ്ക്ക് ശേഷം അർജന്റീനയ്ക്ക് കിരീടം നേടിക്കൊടുത്ത നായകനായി മെസ്സി മാറി. മാറഡോണയെപ്പോലെ നാലുവർഷങ്ങൾക്കിപ്പുറം വീണ്ടും ടീമിനെ ലോകകപ്പ് ഫൈനലിലെത്തിച്ചു മെസ്സി. അതേവിധി തന്നെ. അന്ന് മറഡോണ കണ്ണീരണിഞ്ഞപോലെ മെസ്സിയും 2026 ൽ കണ്ണീരണിഞ്ഞു. ഒടുക്കമിതാ മെസ്സി പടിയിറങ്ങുന്നു. അർജന്റീനക്കാർ കാത്തിരിപ്പ് തുടരുന്നു, മറ്റൊരു ദൈവത്തിനായി.

Content Highlights: Diego Maradona and Lionel Messi as Argentina's ultimate football icons, Messi receiving his eighth Ballon d'Or on Maradona's birth anniversary, dedicating it to him and Argentina, Tracing Argentina's World Cup journey from Maradona's 1986 heroics to Messi's 2022 triumph, The emotional weight of carrying the number 10 jersey and the eternal search for football deities in Argentina