മഡ്രിഡില്‍ സമനില: എല്ലാ കണ്ണുകളും മാഞ്ചെസ്റ്ററിലേക്ക്; റയല്‍-സിറ്റി പോരാട്ടം തീപാറും

Photo: AFP
Photo: AFP

മഡ്രിഡ്: 2023 യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലെ ആദ്യപാദ മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയും റയല്‍ മഡ്രിഡും സമനിലയില്‍ പിരിഞ്ഞതോടെ ഫുട്‌ബോള്‍ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ ഇനി മാഞ്ചെസ്റ്ററിലെ എത്തിഹാദ് സ്‌റ്റേഡിയത്തിലേക്ക്. രണ്ടാംപാദ മത്സരത്തിന് സിറ്റിയാണ് വേദിയാകുന്നത്. മേയ് 18 നാണ് മത്സരം.

റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ നടന്ന ആദ്യപാദ സെമിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. റയലിനായി വിനീഷ്യസ് ജൂനിയറും സിറ്റിയ്ക്ക് വേണ്ടി കെവിന്‍ ഡിബ്രുയിനെയും വലകുലുക്കി.

മത്സരത്തിന്റെ 36-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ ആതിഥേയരാണ് ആദ്യം മുന്നിലെത്തിയത്. കാമവിങ്ങയുടെ പാസ് സ്വീകരിച്ച വിനീഷ്യസ് ബോക്‌സിന് പുറത്തുനിന്ന് തൊടുത്തുവിട്ട വെടിയുണ്ട കണക്കെയുള്ള ഷോട്ട് പോസ്റ്റിന്റെ ഇടത്തേമൂലയില്‍ തറച്ചുകയറി. സിറ്റിയുടെ ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ടിനെ റയല്‍ പ്രതിരോധം അനങ്ങാനനുവദിക്കാതെ പൂട്ടി. 

എന്നാല്‍, രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച സിറ്റി പ്ലേമേക്കര്‍ കെവിന്‍ ഡിബ്രുയിനെയിലൂടെ സമനില ഗോള്‍ നേടി. ഗുണ്ടോവന്റെ പാസ് സ്വീകരിച്ച് ഡിബ്രുയിനെ തൊടുത്ത ഷോട്ട് ഗോള്‍കീപ്പര്‍ കുര്‍ട്വയെ നിസ്സഹായനാക്കി വല തുളച്ചു. പിന്നാലെ മഡ്രിഡ് പലതവണ ആക്രമിച്ചെങ്കിലും ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ അതെല്ലാം വിഫലമാക്കി. 

കഴിഞ്ഞവര്‍ഷം നടന്ന ചാമ്പ്യന്‍സ് ലീഗ് സെമിയിലും സിറ്റി-റയല്‍ പോരാട്ടമാണ് നടന്നത്. സിറ്റിയെ വീഴ്ത്തി ഫൈനലിലെത്തിയ റയല്‍ കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു.

Content Highlights: Kevin De Bruyne Rocket Leaves Man City And Madrid Level 1-1