ബെല്‍ഫോര്‍ട്ട് വീണ്ടും കേരള ഫുട്‌ബോളിലേക്ക്; ഇത്തവണ കാലിക്കറ്റ് എഫ്.സി.യില്‍

കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിന് നല്‍കിയ സ്വീകരണം
കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിന് നല്‍കിയ സ്വീകരണം

കോഴിക്കോട്: ഒറ്റ സീസണ്‍കൊണ്ട് ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച ഹെയ്തി താരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് വീണ്ടും കേരള ഫുട്ബോളിലേക്ക്. ഇത്തവണ സൂപ്പര്‍ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് എഫ്.സി.യിലാണ് താരം പന്തുതട്ടാനെത്തുന്നത്. കഴിഞ്ഞദിവസം കോഴിക്കോട്ടെത്തിയ ബെല്‍ഫോര്‍ട്ട് ടീമിനൊപ്പം പരിശീലനം തുടങ്ങി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി കളിക്കാനാണ് ബെല്‍ഫോര്‍ട്ട് ആദ്യം കേരളത്തിലെത്തിയത്. 2016-17 സീസണില്‍ ബ്ലാസ്റ്റേഴ്സിനായി 15 മത്സരം കളിച്ചു. മൂന്നു ഗോളും നേടി.

വിങ്ങറായും മുന്നേറ്റനിരക്കാരനായും കളിപ്പിക്കാന്‍ കഴിയുന്ന ബെല്‍ഫോര്‍ട്ട് ഹെയ്തി ടീമിനുവേണ്ടി 41 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. ഇതില്‍ 14 ഗോളുണ്ട്. കോഴിക്കോട്ടെത്തിയ ബെല്‍ഫോര്‍ട്ടിന് കാലിക്കറ്റ് എഫ്.സി. ആരാധകക്കൂട്ടായ്മയായ ബീക്കണ്‍സ് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കി. ഡോ. നിഖില്‍, ക്ലബ്ബ് സെക്രട്ടറി, ബിനോ ജോസ് ഈപ്പന്‍, ജിബു ഗിബ്സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: kervens belfort in calicut fc