ഗോള്‍ മഴയില്‍ നിറഞ്ഞാടി ബ്ലാസ്‌റ്റേഴ്‌സും ഗോകുലവും; കേരള വിമന്‍സ് ലീഗില്‍ ജയത്തോടെ തുടക്കം

photo: twitter/Kerala Football Association
photo: twitter/Kerala Football Association

കൊച്ചി: 2022-23 കേരള വിമന്‍സ് ലീഗ് ഫുട്‌ബോളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വനിതാ ടീമിന് തകര്‍പ്പന്‍ ജയം. എമിറേറ്റ്‌സ് എഫ്‌സിയെ ഏകപക്ഷീയമായ പത്ത് ഗോളുകള്‍ക്കാണ് വനിതാ ടീം തകര്‍ത്തെറിഞ്ഞത്. ഇതോടെ കേരള വിമന്‍സ് ലീഗില്‍ ജയത്തോടെ തുടങ്ങാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പെണ്‍പടയ്ക്കായി. മറ്റൊരു മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി കേരള യുണൈറ്റഡ് എഫ്‌സിയെ ഏകപക്ഷീയമായ 11 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

എറണാകുളം മഹാരാജാസ് കോളേജ് സ്‌റ്റേഡിയത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് വനിതാ ടീം കളിക്കാനിറങ്ങിയത്. എമിറേറ്റ്‌സിനെതിരേ തുടക്കം മുതല്‍ തന്നെ ഗംഭീര പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് വനിതാ താരങ്ങള്‍ പുറത്തെടുത്തത്. ആദ്യ മിനിറ്റില്‍ തന്നെ മുസ്‌കാനിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. 19-ാം മിനിറ്റില്‍ സുനിത ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പിന്നീട് അപൂര്‍ണ്ണയുടെ മിന്നുംപ്രകടനമാണ് മൈതാനത്ത് കാണാനായത്. ആദ്യ പകുതിയില്‍ തന്നെ ഹാട്രിക് നേടിക്കൊണ്ട് അപൂര്‍ണ്ണ എമിറേറ്റ്‌സിനെ തരിപ്പണമാക്കി. 34, 40, 42 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍ പിറന്നത്. ആദ്യ പകുതി 5-0 ന് ബ്ലാസ്റ്റേഴ്‌സ് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിലും പെണ്‍പട ഗോളടി തുടര്‍ന്നു. ആദ്യ പകുതിയിലെ ആവര്‍ത്തനമെന്ന പോലെ രണ്ടാം പകുതിയിലും അഞ്ച് ഗോളുകളാണ് അടിച്ചുകയറ്റിയത്. കിരണും അശ്വതിയും ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ മാളവികയും സ്‌കോര്‍ ഷീറ്റില്‍ ഇടം നേടി.പത്ത് ഗോളിന്റെ വിജയത്തോടെ വിമന്‍സ് ലീഗിലെ ആദ്യ മത്സരം തന്നെ ബ്ലാസ്‌റ്റേഴ്‌സ് വനിതാ ടീം ഗംഭീരമാക്കി. 

കേരളത്തിലെ മറ്റൊരു ടീമായ ഗോകുലം കേരളയുടെ വനിതാ ടീമും ആദ്യ മത്സരം ഉജ്വലമാക്കി. കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരള യുണൈറ്റഡിനെ പതിനൊന്ന് ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ പെണ്‍പട പരാജയപ്പെടുത്തിയത്. ഗോകുലത്തിനായി സാബിത്ര അഞ്ച് ഗോളുകളും സന്ധ്യ ഇരട്ട ഗോളുകളും നേടി. 

കിരീടനേട്ടത്തോടെ ഇന്ത്യന്‍ വനിതാ ലീഗിലേക്ക് യോഗ്യത നേടുകയാണ് ബ്ലാസ്റ്റേഴ്‌സ് വനിതാ ടീമിന്റെ ലക്ഷ്യം. മുന്‍ താരവും പരിശീലകനുമായ ഫെരീഫ് ഖാനാണ് ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഹെഡ്‌കോച്ച്. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരള വിമന്‍സ് ലീഗില്‍ ആകെ പത്ത് ടീമുകളാണ് പങ്കെടുക്കുന്നത്. 46 മത്സരങ്ങളുളള ലീഗ് ഒക്ടോബര്‍ 15 ന് അവസാനിക്കും.
 

Content Highlights: kerala womens league 2022-23 blasters gokulam fc