സന്തോഷ് ട്രോഫി; കേരളം ഫൈനല്‍ റൗണ്ട് യോഗ്യതയ്ക്കരികില്‍

ബെനോലിം: സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതോടെ കേരളം ഫൈനല്‍ റൗണ്ട് യോഗ്യതയ്ക്കരികില്‍. ആറ് ഗ്രൂപ്പുകളില്‍നിന്നായി മികച്ച മൂന്ന് രണ്ടാംസ്ഥാനക്കാര്‍ക്ക് ഫൈനല്‍ റൗണ്ട് ബര്‍ത്ത് ലഭിക്കും. ആറ് ഗ്രൂപ്പ് ചാമ്പ്യന്മാരും മൂന്ന് മികച്ച രണ്ടാംസ്ഥാനക്കാരും ഫൈനല്‍ റൗണ്ടില്‍ കളിക്കും. ഇതാണ് കേരളത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ എഐഎഫ്എഫ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ നിര്‍ണായക മത്സരത്തില്‍ ഗോവയോട് തോറ്റതോടെയാണ് (1-0) കേരളത്തിന് ഫൈനല്‍റൗണ്ട് യോഗ്യതയ്ക്കായി കാത്തിരിക്കേണ്ടി വന്നത്. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഗോവ ഫൈനല്‍ റൗണ്ടില്‍ കടന്നിരുന്നു. നാലുകളിയില്‍ മൂന്നുജയവും ഒരു തോല്‍വിയുമടക്കം കേരളത്തിന് ഒമ്പത് പോയന്റുണ്ട്. 12 ഗോള്‍ അടിക്കുകയും രണ്ടുഗോള്‍ വഴങ്ങുകയും ചെയ്ത കേരളത്തിന് 10 ഗോളിന്റെ വ്യത്യാസവും ഉണ്ട്.
ഡിസംബറില്‍ അരുണാചല്‍പ്രദേശിലാണ് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍.
Content Highlights: Kerala qualified for Santosh Trophy final round