കേരള പ്രീമിയര്‍ ലീഗ്; കേരള യുണൈറ്റഡ് എഫ്.സി.ക്ക് കിരീടം; സാറ്റ് തിരൂരിനെ 3-1ന് തോല്‍പ്പിച്ചു

കണ്ണൂര്‍: കേരള പ്രിമീയര്‍ലീഗ് ഫുട്ബോളില്‍ കേരള യുണൈറ്റഡ് എഫ്.സി. കിരീടം നിലനിര്‍ത്തി. ഫൈനലില്‍ സാറ്റ് തിരൂരിനെ 3-1-ന് തോല്‍പ്പിച്ചു. ഇഞ്ചുറി ടൈമിലെ ആറുമിനിറ്റില്‍ തുടരെ മൂന്നുഗോള്‍ സ്‌കോര്‍ ചെയ്താണ് വിജയം.
ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. 50-ാം മിനിറ്റില്‍ യദുകൃഷ്ണയുടെ ഗോളിലൂടെ സാറ്റ് തിരൂര്‍ മുന്നിലെത്തി. പിന്നീട് യുണൈറ്റഡ് ആക്രമണം കടുപ്പിച്ചു. ഒട്ടേറെ ഫ്രീകിക്കുകള്‍ ലഭിച്ചിട്ടും അവ ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇഞ്ചുറിടൈമിന്റെ തുടക്കത്തില്‍ സാറ്റിന്റെ പെനാല്‍ട്ടി ഏരിയയില്‍വെച്ച് ഹാന്‍ഡ്ബോളായതിനെത്തുടര്‍ന്ന് ലഭിച്ച പെനാല്‍ട്ടി യുണൈറ്റഡിന്റെ ലാല്‍സീം ഗോളാക്കിയതോടെ തുല്യനിലയിലായി. തുടര്‍ന്ന് ലിന്‍ങ്കായുടെ (90+8) ഗോള്‍ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. മുഹീബിന്റെ (90+9) ഗോള്‍ ജയമുറപ്പിച്ചു.
യുണൈറ്റഡിന്റെ മുഹമ്മദ് മെഹദി കളിയിലെ താരമായി. മുത്തൂറ്റ് അക്കാദമിയുടെ സലാഹുദ്ദീന്‍ അദിനാന്‍ ടോപ് സ്‌കോററായി. മികച്ച പ്രതിരോധതാരമായി കേരള പോലീസിന്റെ ജി. സഞ്ജുവിനെയും ഗോള്‍കീപ്പറായി കേരള പോലീസിന്റെ മുഹമ്മദ് അസ്ഹാസാറിനെയും തിരഞ്ഞെടുത്തു. മേയര്‍ മുസ്ലിഹ് മഠത്തില്‍ ട്രോഫി സമ്മാനിച്ചു. ക്യാപ്റ്റന്‍ കെ. മുഹമ്മദ് നൗഫലും കോച്ച് സഹീദ് റമോണും ചേര്‍ന്ന് ഏറ്റുവാങ്ങി. റണ്ണേഴ്പ്പിന് മുന്‍ മേയര്‍ ടി.ഒ. മോഹനന്‍ ട്രോഫി സമ്മാനിച്ചു.
1973-ലെ സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗങ്ങളായ ജി. രവീന്ദ്രന്‍ നായര്‍, എന്‍.കെ. ഇട്ടിമാത്യു, സി.സി. ജേക്കബ്, വിക്ടര്‍ മഞ്ഞില, കെ.പി. സേതുമാധവന്‍, പി.പി. പ്രസന്നന്‍, എം. മിത്രന്‍, പി. പൗലോസ്, പി. അബ്ദുള്‍ ഹമീദ്, ബ്ലാസി ജോര്‍ജ്, എ. നജിമുദ്ദീന്‍ എന്നിവരെ കെ.എഫ്.എ. പ്രസിഡന്റ് നവാസ് മീരാന്‍, സെക്രട്ടറി പി. അനില്‍കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ആദരിച്ചു.
Content Highlights: kerala premier league kerala united fc title win against sat tirur