ഫുട്ബോള്‍ അസോസിയേഷന് സ്പോര്‍ട്സ് കൗണ്‍സിലിന്റെ 'മഞ്ഞക്കാര്‍ഡ്'

Photo: facebook.com|Keralafootballassociation, insidesport.co
Photo: facebook.com|Keralafootballassociation, insidesport.co

കൊച്ചി: കേരള ഫുട്ബോള്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കില്ലെന്ന് സൂചന. മാനദണ്ഡങ്ങള്‍ക്കനുസൃതമായല്ല അസോസിയേഷന്റെ തിരഞ്ഞെടുപ്പ് നടന്നതെന്നാണ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ കെ.എഫ്.എ.യോട് വിശദീകരണം തേടി.

ഏഴുദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ നല്‍കിയിരിക്കുന്ന മെമ്മോ ഫലത്തില്‍ ഒരു 'മഞ്ഞക്കാര്‍ഡ്' തന്നെയാണ്. അത് തൃപ്തികരമല്ലെങ്കില്‍ ഫുട്ബോള്‍ അസോസിയേഷനെതിരേ കടുത്തനടപടിയിലേക്ക് നീങ്ങാനിടയുണ്ട്.

കേരള സ്പോര്‍ട്സ് ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായാണ് കെ.എഫ്.എ. ജനറല്‍ബോഡി യോഗവും തിരഞ്ഞെടുപ്പും നടന്നതെന്നാണ് നിരീക്ഷകന്റെ റിപ്പോര്‍ട്ടിലുള്ളത്. ഇലക്ടറല്‍ കോളേജിലുള്ള അംഗങ്ങളെയല്ല ഭാരവാഹികളായി തിരഞ്ഞെടുത്തത്. ഇലക്ടറല്‍ കോളേജിലുള്ള അംഗങ്ങളെക്കാള്‍ കൂടുതല്‍ അംഗങ്ങള്‍ വാര്‍ഷികപൊതുയോഗത്തിലും തിരഞ്ഞെടുപ്പിലും പങ്കെടുത്തിരുന്നെന്നും സെക്രട്ടറി തിരഞ്ഞെടുപ്പ് നടത്തിയില്ലെന്നും നിരീക്ഷകന്റെ റിപ്പോര്‍ട്ടിലുണ്ട്.

സ്പോര്‍ട്സ് കൗണ്‍സിലിന്റെ മെമ്മോ നിയമാനുസൃതം നിലനില്‍ക്കില്ലെന്നാണ് കെ.എഫ്.എ.യുടെ നിലപാട്. സ്പോര്‍ട്സ് കൗണ്‍സില്‍ ആക്ടും ഫുട്ബോള്‍ അസോസിയേഷന്‍ ആക്ടും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എഫ്.എ. കൗണ്‍സിലിന്റെ നീക്കത്തിന് തടയിടുന്നത്. അന്താരാഷ്ട്ര സംഘടനയായ ഫിഫയുടെ ഭരണഘടനയനുസരിച്ചാണ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനും അതിനുകീഴിലുള്ള കേരള ഫുട്ബോള്‍ അസോസിയേഷനും പ്രവര്‍ത്തിക്കുന്നത്. ഫിഫയും അവരുടെ സെക്രട്ടറിയെ നിയമിക്കുകയാണ് പതിവ്. അതനുസരിച്ചാണ് കെ.എഫ്.എ.യും സെക്രട്ടറിയെ നിയമിച്ചതെന്നാണ് വിശദീകരണം.

ഓഗസ്റ്റ് 20-നാണ് എറണാകുളത്ത് കെ.എഫ്.എ. വാര്‍ഷികപൊതുയോഗവും തിരഞ്ഞെടുപ്പും നടന്നത്. പ്രസിഡന്റായി വ്യവസായി നവാസ് മീരാനെ തിരഞ്ഞെടുത്തശേഷം പിന്നീട് സെക്രട്ടറിയായി പി. അനില്‍കുമാറിനെ നിയമിക്കുകയായിരുന്നു. കഴിഞ്ഞതവണയും അനില്‍കുമാറായിരുന്നു സെക്രട്ടറി.

Content Highlights: Kerala Football Association elections will not be approved by the State Sports Council