പുതുവര്‍ഷം ജയത്തോടെ തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്; സൂപ്പര്‍ കപ്പില്‍ ഷില്ലോങ്ങിനെതിരേ വന്‍ ജയം

ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ വടക്കുകിഴക്കന്‍ ടീമായ ഷില്ലോങ് ലജോങ് എഫ്.സി.ക്കെതിരേ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി.ക്ക് ഉജ്ജ്വല വിജയം. 3-1നാണ് ഷില്ലോങ്ങിനെ തകര്‍ത്തത്. ക്വാമി പെപ്രയുടെ ഇരട്ട ഗോളാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയത്തില്‍ നിര്‍ണായകമായത്. മുഹമ്മദ് അയ്മന്‍ ഒരു ഗോളും നേടി. റെനാന്‍ പൗളീഞ്ഞോയാണ് ഷില്ലോങ്ങിനായി ഗോള്‍ കണ്ടെത്തിയത്.
മത്സരത്തിന്റെ പതിന്നാലാം മിനിറ്റില്‍തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടി. ദിമിത്രിയോസ് ഡയമന്റക്കോസിന്റെ കിടിലന്‍ പാസില്‍നിന്ന് ലഭിച്ച പന്ത് പെപ്ര ഗോളാക്കി മാറ്റുകയായിരുന്നു. പെപ്ര ക്ലബ്ബിനുവേണ്ടി നേടുന്ന ആദ്യത്തെ ഗോളാണിത്. 26-ാം മിനിറ്റില്‍ പെപ്രയുടെ വക വീണ്ടും ഗോളെത്തി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് 2-0ന് മുന്നിലായി.
എന്നാല്‍ രണ്ട് മിനിറ്റിനുശേഷം ഷില്ലോങ് ലജോങ് സ്‌ട്രൈക്കര്‍ കരീമിനെ ബ്ലാസ്‌റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷ് ടാക്കിള്‍ ചെയ്തതിന് ഷില്ലോങ്ങിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ഷില്ലോങ് നായകന്‍ റെനാന്‍ പൗളീഞ്ഞോ എടുത്ത കിക്ക് പിഴച്ചില്ല. സച്ചിനെ മറികടന്ന് വലയിലേക്ക്. ഇതോടെ സ്‌കോര്‍ 2-1 എന്ന നിലയിലായി.
രണ്ടാം പകുതിയിലെ ഒന്നാം മിനിറ്റില്‍തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഗോള്‍ നേടി. ദെയ്‌സുകെ സകായുടെ അസിസ്റ്റില്‍ മുഹമ്മദ് അയ്മനാണ് ഗോള്‍ നേടിയത്.
Content Highlights: kerala blasters shillong lajong kalinga super cup