കളിമറന്ന് ബ്ലാസ്റ്റേഴ്സ്; അട്ടിമറി ജയവുമായി ശ്രീനിധി ഡെക്കാന്‍

കോഴിക്കോട്: കാല്‍പ്പന്തിന് പേരുകേട്ട മലബാറിലെ മൈതാനത്ത് സൂപ്പര്‍ കപ്പിലെ രണ്ടാം മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോല്‍വി. ഹൈദരാബാദ് ആസ്ഥാനമായ ഐ ലീഗ് ക്ലബ്ബ് ശ്രീനിധി ഡെക്കാന്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ കൊമ്പന്‍മാരെ കെട്ടുകെട്ടിച്ചത്. റില്‍വാന്‍ ഒളാന്‍ റ്യൂ ഹസന്‍, ക്യാപ്റ്റന്‍ ഡേവിഡ് കാസ്റ്റനെഡ എന്നിവരാണ് ശ്രീനിഥിയുടെ സ്‌കോറര്‍മാര്‍.
കളിയുടെ എല്ലാ മേഖലകളിലും മികവ് പുലര്‍ത്തിയ ശ്രീനിധി, അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. റൗണ്ട്ഗ്ലാാസ് പഞ്ചാബിനെതിരേ വിജയിച്ച ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നിന്നും ഏഴ് മാറ്റങ്ങളുമായാണ് ഫ്രാങ്ക് ഡോവന്‍ ശ്രീനിധി എഫ്സിക്കെതിരേ ബ്ലാസ്റ്റേഴ്സ് ടീമിനെ ഇറക്കിയത്.
ഡാനിഷ് ഫറൂഖി, സഹല്‍ അബ്ദുള്‍ സമദ്, ബിജോയ്, വിക്ടര്‍ മോംഗില്‍, സൗരവ് മണ്ഡല്‍, വിബിന്‍ മോഹന്‍, അപ്പോസ്തലോസ് ജിയാനു എന്നിവര്‍ക്ക് പകരം ഹോര്‍മിപാം, രാഹുല്‍ കെ.പി, ജീക്സണ്‍ സിങ്, ബിദ്യാസാഗര്‍ സിങ്, മാര്‍ക്കോ ലെസ്‌കോവിച്ച്, ഇവാന്‍ കലിയുഷ്നി, ബ്രൈസ് മിറാന്‍ഡ എന്നിവര്‍ ആദ്യ ഇലവനിലെത്തി.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ താളംകണ്ടെത്താന്‍ ബ്ലാസ്റ്റേഴ്സ് പാടുപെട്ടപ്പോള്‍ ശ്രീനിഥി മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞു. ശ്രീനിധി മിഡ്ഫീല്‍ഡര്‍ കൊന്‍സം ഫാല്‍ഗുനി സിങ്ങിന്റെ മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്സിന് തുടക്കംമുതല്‍ തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു.
പിന്നാലെ 17-ാം മിനിറ്റില്‍ ശ്രീനിധിയുടെ മികച്ച മുന്നേറ്റങ്ങള്‍ക്ക് ആദ്യ ഫലം ലഭിച്ചു. കൊന്‍സം ഫാല്‍ഗുനി സിങ് നല്‍കിയ പാസ് സ്വീകരിച്ച് ഇടതുഭാഗത്ത് കൂടി മുന്നേറിയ ഹസന്‍ പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു.
23-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് അവസരമെത്തി. ഡിയാമാന്റക്കോസ് ഇടതുഭാഗത്തു നിന്ന് നല്‍കിയ പന്തില്‍ നിന്ന് കലിയുഷ്നിയുടെ ഷോട്ട് പക്ഷേ ബാറിന് മുകളിലൂടെ പുറത്തേക്ക് പറന്നു.
29-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഡേവിഡ് കാസ്റ്റനെഡയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ സച്ചിന്‍ കൈപ്പിടിയിലാക്കി.
വലതുവിങ്ങില്‍ രാഹുല്‍ കെ.പിയെ സൊറൈഷാം ദിനേഷ് സിങ് ഫലപ്രദമായി പൂട്ടിയതോടെ ആദ്യ പകുതിയില്‍ വലതുവിങ്ങിലൂടെയുള്ള ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു.
പിന്നാലെ 43-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ശ്രീനിധി വീണ്ടും മുന്നിലെത്തി. ഇടതുവിങ്ങിലൂടെ മുന്നേറി സൊറൈഷാം ദിനേഷ് സിങ് നല്‍കിയ ക്രോസ് ബ്ലാസ്റ്റേഴ്സ് ബോക്സില്‍ വെച്ച് കിടിലനൊരു വോളിയിലൂടെ ക്യാപ്റ്റന്‍ ഡേവിഡ് കാസ്റ്റനെഡ വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ മാര്‍ക്കോ ലെസ്‌കോവിച്ചിന് പകരം വിക്ടര്‍ മോംഗിലിനെയും ബിദ്യാസാഗര്‍ സിങ്ങിന് പകരം അപ്പോസ്തലോസ് ജിയാനുവിനെയും ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. പിന്നാലെ 51-ാം മിനിറ്റില്‍ ആയുഷ് അധികാരി നല്‍കിയ ക്രോസില്‍ നിന്ന് സ്‌കോര്‍ ചെയ്യാനുള്ള മികച്ച അവസരം അപ്പോസ്തലോസ് ജിയാനു നഷ്ടപ്പെടുത്തി.
55-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധം പൊളിച്ച് പന്തുമായി മുന്നേറിയ റോസന്‍ബര്‍ഗ് ഹബ്രിയേലിന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി സച്ചിന്‍ ബ്ലാസ്റ്റേഴ്സിന്റെ രക്ഷയ്ക്കെത്തി. 58-ാം മിനിറ്റില്‍ ഡിയാമാന്റക്കോസിന്റെ ഗോള്‍ശ്രമം ശ്രീനിധി ഗോള്‍കീപ്പര്‍ ആര്യന്‍ നിരജ് ലാംബ രക്ഷപ്പെടുത്തി. 62-ാം മിനിറ്റില്‍ കാസ്റ്റനെഡയുടെ ഷോട്ട് നെടുനീളന്‍ ഡൈവിലൂടെ രക്ഷപ്പെടുത്തി സച്ചിന്‍ വീണ്ടും ബ്ലാസ്റ്റേഴ്സിനെ കാത്തു.
മത്സരം 70-ാം മിനിറ്റിലേക്ക് കടന്നതോടെ ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചു. ഇതിനിടെ ജിയാനുവിന്റെ ഹെഡര്‍ പോസ്റ്റിലിടിച്ച് മടങ്ങിയതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. പിന്നാലെ 73-ാം മിനിറ്റില്‍ ഗോളിലേക്കുള്ള ഇവാന്‍ കലിയുഷ്നിയുടെ ഷോട്ട് ആര്യന്‍ തട്ടിയകറ്റുകയും ചെയ്തു.
പിന്നാലെ ഗോള്‍ നേടാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങളെല്ലാം ഫലപ്രദമായി പ്രതിരോധിച്ച ശ്രീനിധി അര്‍ഹിച്ച ജയവും സ്വന്തമാക്കി.
Content Highlights: Super cup, Kerala Blasters, Sreenidi Deccan