ഡോര്‍ട്ട്മുണ്ടല്ല,ആരാധകരില്‍ മുമ്പന്‍ ബ്ലാസ്‌റ്റേഴ്‌സെന്ന് പോള്‍; അഭിനന്ദനവുമായി ജര്‍മന്‍ ക്ലബ്ബ്

Photo: twitter.com/KeralaBlasters
Photo: twitter.com/KeralaBlasters

ന്യൂഡല്‍ഹി: ഗാലറികളിലെ ആരാധകബാഹുല്യം കൊണ്ട് പ്രശസ്തമാണ് കേരള ബ്ലാസ്‌റ്റേഴ്‌സും ബുണ്ടസ് ലീഗ് ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടും. ടീമുകള്‍ മത്സരിക്കുമ്പോള്‍ ഗാലറികള്‍ ആരാധകരുടെ ആവേശത്തില്‍ മുങ്ങും. ആര്‍പ്പുവിളികളാല്‍ മുഖരിതമാകും. ഹോം മത്സരമാണെങ്കില്‍ പിന്നെ മഞ്ഞക്കടലായിരിക്കും സ്റ്റേഡിയങ്ങള്‍. ഇങ്ങിവിടെ കൊച്ചിയിലേയും അങ്ങ് സിഗ്നല്‍ ഇഡുന പാര്‍ക്കിലും മഞ്ഞക്കടലിരമ്പം എത്രയോ വട്ടം കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ ബ്ലാസ്‌റ്റേഴ്‌സിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഡോര്‍ട്ട്മുണ്ട്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബേതെന്ന ചോദ്യവുമായി സാമൂഹികമാധ്യമങ്ങളില്‍ നടത്തിയ ഒരു പോള്‍ പങ്കുവെച്ചാണ് ക്ലബ്ബിന്റെ പ്രതികരണം.

ഫിയാഗോ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് പോള്‍ സംഘടിപ്പിച്ചത്. ഫിയാഗോ ഫാന്‍സ് കപ്പ് എന്ന പേരില്‍ സംഘടിപ്പിച്ച പോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ലേതെന്ന ചോദ്യമാണ് ഉന്നയിച്ചത്. പോളില്‍ പങ്കെടുത്തവര്‍ കേരള ബ്ലാസ്റ്റേഴ്‌സാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബെന്നാണ് വോട്ട് ചെയ്തത്. 50.3% പേര്‍ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി വോട്ടുചെയ്തപ്പോള്‍ 49.7% പേര്‍ ഡോര്‍ട്ട്മുണ്ടിനും വോട്ട് ചെയ്തു. 

ഫിയാഗോ പുറത്തുവിട്ട ഈ ഫലം പങ്കുവെച്ചാണ് ജര്‍മന്‍ ക്ലബ്ബ് ബ്ലാസ്റ്റേഴ്‌സിന് കൈകൊടുത്തത്. രണ്ടുപേര്‍ കൈകൊടുക്കുന്ന ഒരു മീം ക്ലബ് പങ്കുവെച്ചു. . സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് ക്ലബ്ബിന്റെ പ്രതികരണം. 

റിവര്‍പ്ലേറ്റ്, ബൊക്കാ ജൂനിയേഴ്‌സ് തുടങ്ങിയ ക്ലബ്ബുകള്‍ പോളിലെ അവസാന എട്ടിലെത്തിയിരുന്നു. ഇതില്‍ ബ്ലാസ്‌റ്റേഴ്‌സും ഡോര്‍ട്ട്മുണ്ടും മാത്രമാണ് അവസാന റൗണ്ടിലെത്തിയത്. 

Content Highlights: Kerala Blasters hyped by Borussia Dortmund of Bundesliga online poll