സമനില നേടിയാല്‍ സൂപ്പര്‍ കപ്പ് സെമി, പ്രതീക്ഷ തകര്‍ത്ത് 88-ാം മിനിറ്റിലെ സെല്‍ഫ് ഗോള്‍; ബ്ലാസ്റ്റേഴ്സ് പുറത്ത്

മഡ്ഗാവ്: സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ഗ്രൂപ്പ് ഡിയിലെ നിര്‍ണായകമത്സരത്തില്‍ മുംബൈ സിറ്റിയോട് തോറ്റാണ് ബ്ലാസ്റ്റേഴ്സ് പുറത്തായത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം. ജയത്തോടെ മുംബൈ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക് മുന്നേറി. ഇരുടീമുകള്‍ക്കും ആറുപോയന്റാണെങ്കിലും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ലഭിച്ച പോയന്റ് കണക്കിലെടുത്താണ് മുംബൈയുടെ സെമിപ്രവേശം.
സമനില നേടിയാല്‍ പോലും സൂപ്പര്‍ കപ്പ് സെമിയിലേക്ക് മുന്നേറാനാകുമെന്ന ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട മുംബൈക്കെതിരേ കളിക്കാനിറങ്ങിയത്. ആദ്യപകുതി ഇരുടീമുകളും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു. അതേസമയം ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് സന്ദീപ് സിങ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. അതോടെ പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതി കളിച്ചത്.
ഗോള്‍ ലക്ഷ്യമിട്ട് മുംബൈ ആക്രമണം അഴിച്ചുവിട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉറച്ചുനിന്നു. മത്സരം സമനിലയില്‍ അവസാനിക്കുമെന്നാണ് തോന്നിച്ചതെങ്കിലും അവസാനനിമിഷം സെല്‍ഫ് ഗോള്‍ വഴങ്ങിയത് ടീമിന് തിരിച്ചടിയായി. 87-ാം മിനിറ്റുവരെ ബ്ലാസ്റ്റേഴ്സ് പ്രതിരോധിച്ചു. 88-ാം മിനിറ്റിലാണ് ടീമിനെ ഞെട്ടിച്ച സെല്‍ഫ് ഗോള്‍. ബോക്സിനുള്ളില്‍ നിന്ന് ഫ്രെഡി ലാല്വമ്മാമയുടെ ദേഹത്തുതട്ടിയ പന്ത് വലയിലേക്ക് കയറി. അതോടെ ഒരു ഗോളിന് തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തായി.
Content Highlights: Mumbai City qualifies for semifinal with victory over Kerala Blasters