അവസാന നിമിഷം കൈവിട്ട് ഗോകുലം കേരള; സൂപ്പര്‍ കപ്പില്‍ മുംബൈക്കെതിരേ ഞെട്ടിക്കുന്ന തോല്‍വി

Photo | twitter.com/GokulamKeralaFC
Photo | twitter.com/GokulamKeralaFC

ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പ് ഗ്രൂപ്പ് സി.യിലെ മത്സരത്തില്‍ ഗോകുലം കേരളയ്‌ക്കെതിരേ ഐ.എസ്.എല്‍. ടീമായ മുംബൈ സിറ്റി എഫ്.സി.ക്ക് ജയം. മുംബൈക്കെതിരേ 2-1നാണ് ഗോകുലം തോറ്റത്. മത്സരത്തില്‍ ആദ്യം മുന്നിട്ടുനിന്ന ശേഷമാണ് ഗോകുലത്തിന്റെ തോല്‍വി.

ഗോകുലത്തിനായി 23-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അലക്‌സ് സാഞ്ചസ് ഗോള്‍ കണ്ടെത്തിയെങ്കിലും ആധിപത്യത്തിന് ആയുസ്സുണ്ടായില്ല. ഒന്നാം പകുതിയില്‍ 1-0ന് ഗോകുലം മുന്നിട്ടുനിന്നെങ്കിലും രണ്ടാംപകുതിയുടെ അവസാന മിനിറ്റുകളില്‍ കളി മാറി. 76-ാം മിനിറ്റില്‍ എല്‍ ഖയാത്തിയുടെ അസിസ്റ്റില്‍ ആയുഷ് ഛികാര മുംബൈക്കായി സമനില ഗോള്‍ നേടി.

കളി സമനിലയിലേക്ക് നീങ്ങിയെന്ന് കരുതിയ നിമിഷത്തില്‍ മുംബൈക്ക് കിട്ടിയ പെനാല്‍റ്റിയാണ് വഴിത്തിരിവായത്. ഇഞ്ചുറി ടൈമില്‍ മുംബൈയുടെ നൊഗീറയെ ഗോകുലം താരം ബാസിത് ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് മുംബൈക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. 90+ 8-ാം മിനിറ്റില്‍ അബ്ദന്നാസര്‍ അല്‍ ഖയാത്തി അടിച്ച കിക്ക് ലക്ഷ്യത്തില്‍ പതിച്ചതോടെ മുംബൈ ജയം സ്വന്തമാക്കി.

Content Highlights: kalinga super cup mubai city beats gokulam kerala