കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിൽ, ടീമിലെടുത്തതിൽ രൂക്ഷവിമർശനം; ഒടുവിൽ ബ്രസീലിനെതിരേ ഗോൾ നേടി ഹീറോ

#ലോകകപ്പ് ഡെസ്ക്
കയ്ഷു സാനോ | AP
കയ്ഷു സാനോ | AP

ന്യൂയോർക്ക്: ലോകകപ്പിന്റെ നോക്കൗട്ടിൽ ബ്രസീലിനെ ഞെട്ടിച്ചാണ് ജപ്പാൻ തുടങ്ങിയത്. ആദ്യ പകുതിയിൽ തന്നെ മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞ ജപ്പാൻ മുന്നിലുമെത്തി. 29-ാം മിനിറ്റിൽ കയ്ഷു സാനോ ഏഷ്യൻ കരുത്തർക്കായി വലകുലുക്കി. കൃത്യമായി ഇന്റർസെപ്റ്റ് ചെയ്ത് മുന്നേറിയ സാനോ കസമിറോയെ ഡ്രിബിൾ ചെയ്ത് മുന്നേറി. പിന്നാലെ ബോക്‌സിന് പുറത്തുനിന്ന് ഉഗ്രൻ ഷോട്ടിലൂടെ വലകുലുക്കി.

ജാപ്പനീസ് നിരയിലെ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളാണ് സാനോ. എതിരാളികളുടെ മുന്നേറ്റങ്ങൾ മനസിലാക്കി മൈതാനമധ്യത്ത്‌വെച്ച് തന്നെ അത് തടയാൻ പ്രത്യേക മികവ് പുലർത്തുന്ന താരം. അതേ മികവാണ് കാനറികൾക്കെതിരേയും കണ്ടത്. 25 വയസ്സുള്ള താരം ജർമൻ ലീഗിൽ മെയ്ൻസിന് വേണ്ടിയാണ് കളിക്കുന്നത്. 2019 ലാണ് താരം പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്.

അതേസമയം ലോകകപ്പിന് മുൻപ് തന്നെ വാർത്തകളിലിടം നേടിയ താരമാണ് സാനോ. ഘാന മിഡ്ഫീൽഡർ തോമസ് പാർട്ടിയെപ്പോലെ തന്നെ ബലാത്സംഗക്കേസിൽ ഉൾപ്പെട്ടയാളാണ് കയ്ഷു സാനോ. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർക്കൊപ്പം സാനോയും 2024 ൽ അറസ്റ്റിലായിരുന്നു. എന്നാൽ കേസ് അധികം മുന്നോട്ടുപോയില്ല. കോടതിക്ക് പുറത്തുവെച്ച് കേസ് ഒത്തുതീർപ്പാക്കി. കസ്റ്റഡിയിൽ നിന്ന് മോചിതനായി.

ജപ്പാനിലെ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 2024 ജൂലൈ 14-ന് ടോക്കിയോയിലെ ഒരു ഹോട്ടലിൽ വെച്ച് സാനോയും കൂട്ടാളികളും ചേർന്ന് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു. സംഭവം നടന്നയുടൻ അതിജീവിത പോലീസിനെ സമീപിക്കുകയും സാനോയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സാനോ കുറ്റം നിഷേധിച്ചെങ്കിലും, പിന്നീട് നഷ്ടപരിഹാരം നൽകി അതിജീവിതയുമായി ഒത്തുതീർപ്പിലെത്തി. ഇതിനെത്തുടർന്ന് ടോക്കിയോ ഡിസ്ട്രിക്ട് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് കേസുകൾ പിൻവലിച്ചു.

സാനോയെ ടീമിൽ ഉൾപ്പെടുത്തിയതിൽ വൻ വിമർശനവും നേരിട്ടിരുന്നു. ഇപ്പോഴിതാ ബ്രസീലിനെതിരേ ഗോളടിച്ച് ലോകകപ്പിലെ ടീമിന്റെ ഹീറോ ആയി മാറിയിരിക്കുകയാണ് താരം.

Content Highlights: Kaishu Sano scored the opening goal for Japan against Brazil in the 2026 World Cup., Sano plays for Mainz in the German Bundesliga., The player was previously involved in a 2024 legal controversy in Tokyo., Despite past criticism regarding his selection, Sano has emerged as a key player for Japan.