ഫുട്‌ബോൾ ജേർണലിസ്റ്റിനെ വെടിവച്ചുകൊന്ന് തീകൊളുത്തിയ സംഭവം; അന്വേഷണം മാഫിയ സംഘത്തിലേക്ക്

സാലെർണോ (ഇറ്റലി): പ്രശസ്ത ഇറ്റാലിയൻ ഫുട്‌ബോൾ മാധ്യമപ്രവർത്തകനായ ലൂയിജി 'ലൂക്ക' എസ്‌പോസിറ്റോയുടെ ക്രൂര കൊലപാതകത്തിൽ അന്വേഷണം ഇറ്റലിയിലെ കുപ്രസിദ്ധ മാറിയ സംഘം കമോറയിലേക്ക്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ശനിയാഴ്ച മുതലാണ് 53-കാരനായ ലൂക്ക എസ്‌പോസിറ്റോയെ കാണാതാകുന്നത്. പിന്നീട് സാലെർണോയിലുള്ള ഒരു വിജനമായ പാടത്ത്, പൂർണമായും കത്തിനശിച്ച ഒരു കാറിനുള്ളിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഒടുവിൽ കാറിന്റെ താക്കോലുകൾ പരിശോധിച്ചാണ് മൃതദേഹം എസ്‌പോസിറ്റോയുടേതാണെന്ന് സ്ഥിരീകരിച്ചത്.
എസ്‌പോസിറ്റോയ്ക്ക് വെടിയേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വെടിയേൽക്കുന്നതിന് മുൻപ് അദ്ദേഹം ക്രൂരമായ മർദനത്തിന് ഇരയായിരുന്നുവെന്നും തലയ്ക്ക് മാരകമായ പരിക്കേൽക്കുകയും എല്ലുകൾ ഒടിയുകയും ചെയ്തിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. കൊലപാതകത്തിനു ശേഷം മൃതദേഹം കത്തിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
ഇറ്റലിയിലെ പ്രമുഖ മാഫിയ വിരുദ്ധ അന്വേഷണ ഉദ്യോഗസ്ഥനായ റാഫേൽ കാന്റോണിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഇറ്റലിയിലെ നാഷണൽ ആന്റി-കറപ്ഷൻ അതോറിറ്റിയുടെ മുൻ പ്രസിഡന്റു കൂടിയായിരുന്നു ഇദ്ദേഹം.
എസ്‌പോസിറ്റോ താമസിക്കുകയും പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്ത സാലെർണോ പ്രദേശം ഇറ്റലിയിലെ കരുത്തുറ്റ മാഫിയാ സംഘമായ 'കമോറ'യുടെ കേന്ദ്രമാണ്. ഫുട്‌ബോൾ, രാഷ്ട്രീയം, ബിസിനസ് തുടങ്ങി എല്ലാ മേഖലകളിലും സ്വാധീനമുള്ള ഈ സംഘം അക്രമത്തിലൂടെയും ഭീഷണിയിലൂടെയുമാണ് തങ്ങളുടെ അധികാരം നിലനിർത്തുന്നത്. എസ്‌പോസിറ്റോയുടെ കൊലപാതകത്തിൽ കമോറയ്ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
നോസെറ ഇൻഫെരിയോറിൽ നിന്നുള്ള എസ്‌പോസിറ്റോ, സീരി ബി ടീമായ സലെർനിറ്റാന 1919-ന്റെ കടുത്ത ആരാധകനായിരുന്നു. ക്ലബ്ബിന്റെ ഏറ്റവും ജനപ്രിയമായ ഫാൻ സൈറ്റുകളിൽ ഒന്ന് നടത്തിയിരുന്ന അദ്ദേഹം, പ്രാദേശിക വാർത്താ ഏജൻസിയായ ലാ സിറ്റ ഡി സലെർണോയിൽ സ്‌പോർട്‌സ് കോളമിസ്റ്റായി ജോലി ചെയ്തിരുന്നു. ഇറ്റാലിയൻ ബ്രോഡ്കാസ്റ്റർ ഓട്ടോചാനൽ ടിവിയിൽ ഫുട്‌ബോളുമായി ബന്ധപ്പെട്ട ചർച്ചകളിലും അദ്ദേഹം പങ്കെടുത്തിരുന്നു.
എന്നാൽ അന്വേഷണത്തിനിടെ പുറത്തുവന്ന ചില വിവരങ്ങൾ ദുരൂഹമാണ്. കാമ്പാനിയ റീജിയണൽ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയിൽ താൻ ജോലി ചെയ്തിട്ടുണ്ടെന്നാണ് എസ്‌പോസിറ്റോ, വർഷങ്ങളായി കുടുംബത്തോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. എന്നാൽ തങ്ങളുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഏജൻസി ഔദ്യോഗികമായി അറിയിച്ചു.
മാത്രമല്ല വർഷങ്ങളായി ദി ഓർഡർ ഓഫ് ബയോളജിസ്റ്റ്‌സ് ഓഫ് കാമ്പാനിയ ആൻഡ് മോളിസിന്റെ (ഒബിസിഎം) അംഗമാണെന്ന് എസ്‌പോസിറ്റോ അവകാശപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം ഒബിസിഎം പ്രസിഡന്റ് അർനോൾഫോ പെട്രൂസിയെല്ലോ, എസ്‌പോസിറ്റോയുമായി തങ്ങൾക്ക് യാതൊരു പ്രൊഫഷണൽ ബന്ധവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. ഇതോടെയാണ് സംഭവത്തിൽ ദുരൂഹത വർധിച്ചത്.
Content Highlights: Journalist Luigi 'Luca' Esposito found dead in a burned-out car in Salerno., Post-mortem confirms gunshot wounds and severe physical trauma prior to death., Investigation led by anti-mafia official Raffaele Cantone focusing on the Camorra syndicate., Contradictory claims regarding Esposito's professional background have deepened the mystery., Esposito was a prominent figure in Salernitana 1919 fan media and local sports journalism.