90-ാംമിനിറ്റിലെ ഗോള്‍; ജംഷേദ്പുര്‍ - ചെന്നൈയിന്‍ മത്സരം സമനിലയില്‍

ജാര്‍ഖണ്ഡ്: ഐ.എസ്.എലില്‍ ജംഷേദ്പുര്‍ എഫ്.സി - ചെന്നൈയിന്‍ എഫ്.സി. മത്സരത്തില്‍ ആവേശ സമനില. ജയിച്ചെന്നുറപ്പിച്ച ചെന്നൈയിന് 90-ാം മിനിറ്റില്‍ ജംഷേദ്പുരിന്റെ ഡാനിയേല്‍ ചിമ ചുക്‌വു നല്‍കിയ ഷോക്കാണ് മത്സരം സമനിലയില്‍ അവസാനിക്കുന്നതിലേക്ക് നയിച്ചത്. രണ്ടു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ജംഷേദ്പുരിലെ ജെ.ആര്‍.ഡി. ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.
മത്സരത്തിലെ ആദ്യത്തെ മൂന്ന് ഗോളുകളും ഒന്നാംപകുതിയിലായിരുന്നു. ഒന്‍പതാം മിനിറ്റില്‍ ഫാറൂഖ് ചൗധരിയാണ് ചെന്നൈയിനായി ആദ്യ അക്കൗണ്ട് തുറന്നത്. 40-ാം മിനിറ്റില്‍ നിന്തൊയിങ്ങാബ മീറ്റെയ്‌യും ചെന്നൈക്കായി വല കുലുക്കി. ജംഷേദ്പുരിനായി ലാല്‍ദിന്‍പിയ മറുപടി ഗോള്‍ പിറന്നത് ആദ്യ പകുതിയുടെ അധികസമയത്ത്. രണ്ടാമത് വന്ന ഗോള്‍ രണ്ടാം പകുതിയുടെ 90-ാം മിനിറ്റില്‍.
മത്സരത്തില്‍ ജംഷേദ്പുരാണ് പന്ത് കൂടുതല്‍ സമയം കൈവശം വെച്ചിരുന്നതെങ്കിലും ജയം അകന്നുനിന്നു. ഇതോടെ ഒന്‍പത് കളികളില്‍നിന്ന് ഒരു ജയവും മൂന്ന് സമനിലയും അഞ്ച് തോല്‍വിയുമായി ജംഷേദ്പുര്‍ പത്താം സ്ഥാനത്ത്. അത്രതന്നെ കളികളില്‍നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും നാല് തോല്‍വിയുമായി ചെന്നൈയിന്‍ ഒരു പടികടന്ന് ഏഴാമതെത്തി. ചെന്നൈക്ക് ഒന്‍പതും ജംഷേദ്പുരിന് ആറും പോയിന്റുകളാണുള്ളത്.
Content Highlights: isl, jamshedpur fc chennaiyin fc, draw