യുഎസ്സിൽ ഇറാൻ ലോകകപ്പ് കളിക്കുമോ? പൗരന്മാർക്ക് യാത്രാവിലക്ക്; ദേശീയഗാനം ആലപിക്കാതെ വനിതാ താരങ്ങൾ

ടെഹ്‌റാൻ: യുഎസ്സും ഇസ്രയേലും സംയുക്തമായി ആക്രമണം നടത്തിയതോടെ പ്രത്യാക്രമണവും കടുപ്പിക്കുകയാണ് ഇറാൻ. ആക്രമണം ആരംഭിച്ചിട്ട് നാലുദിവസമായിട്ടും സംഘർഷങ്ങൾക്ക് അയവ് വന്നിട്ടില്ല. യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ വരാനിരിക്കുന്ന ഫുട്‌ബോൾ ലോകകപ്പിൽ ഇറാൻ പങ്കെടുക്കുന്ന കാര്യം സംശയത്തിലാണ്. യുഎസ് ആതിഥേയരാജ്യമായതിനാൽ അവിടേക്ക് പോയി ഇറാൻ ലോകകപ്പ് കളിക്കുമോയെന്ന് ഉറപ്പില്ല. മാത്രമല്ല, ഇറാൻ താരങ്ങൾക്ക് കളിക്കാനുള്ള അനുമതി ലഭിക്കുമോ എന്നും ഉറപ്പില്ല. ഇറാൻ പൗരന്മാർക്ക് യാത്രാവിലക്കുണ്ടെങ്കിലും കായികതാരങ്ങൾക്ക് ഇളവുണ്ട്. എന്നാൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ലോകകപ്പിൽ ഗ്രൂപ്പ് ജിയിലാണ് ഇറാൻ ഉൾപ്പെട്ടിരിക്കുന്നത്. ബെൽജിയം, ഈജിപ്ത്, ന്യൂസിലൻഡ് ടീമുകളാണ് ഗ്രൂപ്പിലെ മറ്റംഗങ്ങൾ. ഇറാന്റെ ഗ്രൂപ്പ് മത്സരങ്ങൾ യഎസ്സിലാണ്. ലോകകപ്പിൽ കളിക്കുന്ന കാര്യം ഉറപ്പില്ലെന്നാണ് ഇറാൻ ഫുട്‌ബോൾ അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് മുൻപ് ദേശീയഗാനം ആലപിക്കാൻ ഇറാൻ വനിതാ താരങ്ങൾ തയ്യാറായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഏഷ്യൻ കപ്പ് മത്സരത്തിൽ ദക്ഷിണകൊറിയക്കെതിരായ മത്സരത്തിന് മുൻപാണ് സംഭവം. വനിതാ താരങ്ങളും പരിശീലകരും ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് നിശബ്ദമായിരുന്നു. ഇറാൻ പരിശീലകൻ യുഎസ് ആക്രമണത്തെ സംബന്ധിച്ചോ പരമോന്നത നേതാവ് ഖമിനേയിയുടെ മരണത്തെ കുറിച്ചോ പ്രതികരിക്കാനും തയ്യാറായില്ല.
ഇറാനുൾപ്പെടെ 12 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് യുഎസിലേക്ക് യാത്രാവിലക്കുണ്ട്. അതിനാൽ ഇറാൻ പൗരന്മാർക്ക് അമേരിക്കയിൽ വെച്ച് കളികാണാൻ സാധിച്ചേക്കില്ല. കഴിഞ്ഞ വർഷം ജൂണിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിലക്കേർപ്പെടുത്തിയത്. അഫ്ഗാനിസ്താൻ, മ്യാൻമാർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് നിരോധനമേർപ്പെടുത്തിയത്.ക്യൂബ ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് ഭാഗിക വിലക്കും ട്രംപ് ഏർപ്പെടുത്തിയിരുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷ മുൻനിർത്തിയാണ് നിരോധനമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം.
യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലെ 16 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. യുഎസിൽ ന്യൂയോർക്ക്, ഡാലസ്, കൻസാസ് സിറ്റി, ഹൂസ്റ്റൺ, അറ്റ്‌ലാന്റ, ലോസ് ആഞ്ജലിസ്, ഫിലാഡെൽഫിയ, സിയാറ്റിൽ, സാൻ ഫ്രാൻസിസ്‌കോ, ബോസ്റ്റൺ, മയാമി എന്നിവിടങ്ങളിലായി 11 സ്റ്റേഡിയങ്ങളിൽ ലോകകപ്പ് മത്സരം നടക്കും. കാനഡയിൽ രണ്ടും (വാൻകൂവർ, ടൊറന്റോ) മെക്സിക്കോയിൽ മൂന്നും (മെക്സിക്കോ സിറ്റി, മോണ്ടെറി, ഗൗതലജാറ) വേദികളുണ്ട്.
48 ടീമുകൾ അണിനിരക്കുന്ന ലോകകപ്പിന് 42 ടീമുകൾ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കി ആറു ടീമുകൾ പ്ലേ ഓഫിലൂടെ യോഗ്യതനേടും. യൂറോപ്പിൽനിന്നാണ് നാലു ടീമുകൾ. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫിലൂടെ രണ്ടു ടീമുകൾക്കാണ് യോഗ്യത. ആറു ടീമുകൾ മത്സരിക്കുന്നു. മാർച്ച് 26-നും 31-നുമാണ് പ്ലേ ഓഫ് മത്സരങ്ങൾ.
Content Highlights: Iran's World Cup participation is in doubt due to ongoing military conflict with the US and Israel., The US, a host nation for the World Cup, has existing travel restrictions on Iranian citizens., Iran is placed in Group G with Belgium, Egypt, and New Zealand, with matches scheduled in the US., The article highlights recent political protests by Iranian athletes, such as the women's team not singing the national anthem.