സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചില്ല; ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ വാർത്താ സമ്മേളനം തടഞ്ഞ് ജിസിഡിഎ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
File photo: Mathrubhumi
File photo: Mathrubhumi

കൊച്ചി: ഇന്ത്യ-ഹോങ്കോങ് ഫുട്‌ബോൾ മത്സരത്തിനു മുന്നോടിയായി കൊച്ചി കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ടീം നടത്താനിരുന്ന വാർത്താ സമ്മേളനം ഉപേക്ഷിച്ചു. വാർത്താ സമ്മേളനത്തിനായി എത്തിയ ഇന്ത്യൻ സംഘത്തെ സ്‌റ്റേഡിയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ഇന്ത്യ - ഹോങ്കോങ് എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനു മുന്നോടിയായി നടത്താനിരുന്ന വാർത്താ സമ്മേളനമാണ് ഉപേക്ഷിക്കേണ്ടി വന്നത്. വ്യാഴാഴ്ച മൂന്നു മണിക്കാണ് വാർത്താ സമ്മേളനം നിശ്ചയിച്ചിരുന്നത്. മാർച്ച് 31-ന് കലൂർ സ്റ്റേഡിയത്തിലാണ് ഇന്ത്യ - ഹോങ്കോങ് മത്സരം.

പരിശീലകൻ ഖാലിദ് ജമീലും ടീമിലെ മലയാളി താരങ്ങളും പങ്കെടുക്കുന്ന വാർത്താ സമ്മേളനമായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി ഉച്ച തിരിഞ്ഞ് പരിശീലകനും താരങ്ങളും എത്തിയിരുന്നു. മാധ്യമപ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ ഇവരെ ആരെയും സുരക്ഷാ ഉദ്യോഗസ്ഥർ അകത്തേക്ക് കയറ്റിയില്ല. മത്സരത്തിന് മുന്നോടിയായി നൽകേണ്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചില്ല എന്ന കാരണത്താലാണ് ഇവരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാതിരുന്നത്. ഇതോടെ കോച്ചും താരങ്ങളും മടങ്ങിപ്പോകുകയാണുണ്ടായത്.

മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാർത്താ സമ്മേളനവും ജിസിഡിഎ തടഞ്ഞിരുന്നു. ഇത്തവണത്തെ ഐഎസ്എൽ സീസണിൽ മുംബൈ സിറ്റി എഫ്.സി.ക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനമായിരുന്നു അന്ന് തടഞ്ഞിരുന്നത്.

കോച്ചായിരുന്ന ഡേവിഡ് കറ്റാലയും ഇന്ത്യൻതാരം റൗളിൻ ബോർഗസും ഉൾപ്പെടെയുള്ള ബ്ലാസ്റ്റേഴ്‌സ് സംഘത്തെയാണ് പത്രസമ്മേളനം നടക്കുന്ന മുറിയിൽനിന്ന് ഇറക്കിവിട്ടത്.

Content Highlights: Indian football team denied entry to Kaloor Stadium for press conference., Reason cited was non-payment of required security deposit., Coach Khalid Jamil and players forced to return., Similar incident occurred previously with Kerala Blasters.