പാകിസ്താനെതിരേ ഉഗ്രൻ തിരിച്ചുവരവ്; സാഫ് ചാമ്പ്യൻഷിപ്പ് ഫുട്ബോളിൽ ഇന്ത്യ ജേതാക്കൾ

ധാക്ക: സാഫ് ചാമ്പ്യൻഷിപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് പത്താം കിരീടം. ഫൈനലിൽ പാകിസ്താനെ കീഴടക്കിയാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ജയം. പിന്നിൽ നിന്ന് തിരിച്ചുവന്നാണ് ഇന്ത്യയുടെ കിരീടവിജയം. മത്സരത്തിൽ പാക് താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ സാഫ് കിരീടത്തിൽ മുത്തമിടുന്നത്.
മത്സരം ആരംഭിച്ച് ആദ്യ മിനിറ്റുകളിൽ തന്നെ ഇന്ത്യ മുന്നേറ്റം നടത്തി. സുഹൈൽ അഹമ്മദിന് നാലാം മിനിറ്റിൽ മികച്ച അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ഷോട്ട് ഗോൾ ബാറിന് മുകളിലൂടെ പോയി. പിന്നാലെ ഇരുടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചു. 18-ാം മിനിറ്റിൽ പാകിസ്താന് മികച്ച അവസരം ലഭിച്ചെങ്കിലും ഇന്ത്യൻ ഗോൾകീപ്പർ അർഷ് അൻവർ രക്ഷകനായി. തുടർന്നും പാകിസ്താൻ മുന്നേറ്റങ്ങളുമായി ഇന്ത്യൻ ബോക്സിൽ ഇരച്ചെത്തി. എന്നാൽ ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു.
34-ാം മിനിറ്റിൽ ഇന്ത്യ ഗോളിനടുത്തെത്തി. എന്നാൽ റിക്കി ഷബോങ്ങിന്റെ ഷോട്ട് പാക് ഗോളി തട്ടിയകറ്റി. ആദ്യപകുതി ഗോൾരഹിതമായി അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാനനിമിഷം പാകിസ്താൻ ഗോളടിച്ചു. ഇഞ്ചുറി ടൈമിന്റെ ആദ്യമിനിറ്റിലാണ് ഗോൾ പിറന്നത്. ഇടതുവിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുക്കം ബോക്സിനുള്ളിൽ വെച്ച് മധ്യനിരതാരം അലാംഗിർ ഗാസിയാണ് ലക്ഷ്യം കണ്ടത്. അതോടെ ആദ്യപകുതി പാകിസ്താൻ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ആദ്യ മിനിറ്റുകളിൽ മികച്ച നീക്കങ്ങളും നടത്തി. 58-ാം മിനിറ്റിൽ പാക് പ്രതിരോധതാരം ജുനൈദ് ഷാ ചുവപ്പ് കാർഡ് കിട്ടി പുറത്തുപോയി. പിന്നാലെ ഇന്ത്യയുടെ തിരിച്ചടിയുമെത്തി. 60-ാം മിനിറ്റിൽ സുഹൈൽ അഹമ്മദ് ഭട്ടിലൂടെയാണ് സമനില പിടിച്ചത്. വലതുവിങ്ങിൽ നിന്നുള്ള ക്രോസ് പിടിച്ചെടുത്ത ഭട്ട് തകർപ്പൻ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. അതോടെ സ്കോർ 1-1 ആയി.
പിന്നീട് മുന്നേറ്റങ്ങൾക്ക് ശക്തി കൂട്ടിയ ഇന്ത്യ പാകിസ്താനെ പ്രതിരോധത്തിലാക്കി. തുടർച്ചയായി പാക് ബോക്സിൽ ഇന്ത്യൻ മുന്നേറ്റനിരയെത്തി. പാക് ടീം പ്രതിരോധത്തിലേക്ക് വലിഞ്ഞു. എന്നാൽ 88-ാം മിനിറ്റിൽ ഇന്ത്യ മുന്നിലെത്തി. പ്രതിരോധതാരം സന്ദീപ് മാണ്ഡിയാണ് സ്കോറർ. തകർപ്പൻ ഹെഡറിലൂടെ വലകുലുക്കി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ പാകിസ്താനായില്ല.
Content Highlights: India vs Pakistan, SAFF Championship Final