ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം ജസ്റ്റ് ഫൊണ്ടൈന്‍ അന്തരിച്ചു

1958 ലെ ലോകകപ്പില്‍ 13 ഗോളുകള്‍ നേടി സ്വന്തമാക്കിയ ഗോള്‍ഡന്‍ ബൂട്ടുമായി ജസ്റ്റ് ഫോണ്ടൈന്‍ | Photo : AFP
1958 ലെ ലോകകപ്പില്‍ 13 ഗോളുകള്‍ നേടി സ്വന്തമാക്കിയ ഗോള്‍ഡന്‍ ബൂട്ടുമായി ജസ്റ്റ് ഫോണ്ടൈന്‍ | Photo : AFP

പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം ജസ്റ്റ് ഫൊണ്ടൈന്‍ (89) അന്തരിച്ചു. താരത്തിന്റെ കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്. 

ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാളായിരുന്നു ജസ്റ്റ് ഫൊണ്ടൈന്‍. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഫൊണ്ടൈന്റെ പേരിലാണ്. 1958-ലെ ലോകകപ്പില്‍ 13 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. പെലെയുടെ ഗംഭീര പ്രകടനത്തില്‍ ബ്രസീല്‍ കപ്പുയര്‍ത്തിയെങ്കിലും ഫൊണ്ടൈന്റെ ഗോള്‍നേട്ടത്തെ മറികടക്കാന്‍ ആര്‍ക്കുമായില്ല. ആ റെക്കോര്‍ഡ് ഇന്നും മറ്റാര്‍ക്കും മറികടക്കാനായിട്ടുമില്ല.

1933-ല്‍ മൊറോക്കോയില്‍ ജനിച്ച ഫൊണ്ടൈന്‍ മൊറോക്കന്‍ ക്ലബ്ബ് യുഎസ്എം കസബ്ലാങ്ക, ഫ്രഞ്ച് ക്ലബ്ബുകളായ നീസ്, സ്റ്റേഡ് ഡി റെയിംസ് എന്നീ ക്ലബ്ബുകള്‍ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. 1950-കളില്‍ റെയിംസിന്റെ സുവര്‍ണകാലഘട്ടത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു ഫൊണ്ടൈന്‍. ടീമിനായി മൂന്ന് ഫ്രഞ്ച് ഡിവിഷന്‍ 1, കൂപ്പ്‌ ഡി ഫ്രാന്‍സ് ട്രോഫിയും നേടിയിട്ടുണ്ട്. 

രാജ്യാന്തര ഫുട്‌ബോളില്‍ ഫ്രാന്‍സിനായി 21 മത്സരങ്ങള്‍ കളിച്ച ഫൊണ്ടൈന്‍ 30 ഗോളുകളും നേടി. 1958- ലോകകപ്പില്‍ 13 ഗോളുകള്‍ നേടിയ ഫൊണ്ടൈന്‍ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കി. ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ 2003-ല്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തെ മികച്ച ഫ്രഞ്ച് താരമായും തിരഞ്ഞെടുത്തിട്ടുണ്ട്. 


 

Content Highlights: France legend Just Fontaine dies aged 89