എമിലിയാനോ സല കൊല്ലപ്പെട്ട വിമാനാപകടം; പൈലറ്റിന് ലൈസന്‍സ് ഇല്ലായിരുന്നെന്ന് കണ്ടെത്തല്‍

ലണ്ടന്‍: അര്‍ജന്റീന ഫുട്ബോള്‍ താരം എമിലിയാനോ സലയുടെ മരണത്തിന് കാരണമായ വിമാനാപകടത്തില്‍ പൈലറ്റിന് ലൈസന്‍സ് ഇല്ലായിരുന്നെന്ന് കണ്ടെത്തല്‍.
2019 ജനുവരി 21-ന് ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപം ഇംഗ്ലീഷ് ചാനലിന് മുകളില്‍ വെച്ചാണ് സല സഞ്ചരിച്ച ചെറുവിമാനം അപകടത്തില്‍പ്പെട്ടത്.
തന്റെ പഴയ ക്ലബ്ബ് നാന്റെസ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു താരം. ഈ ചെറുവിമാനം പറത്തിയിരുന്ന പൈലറ്റ് ഡേവിഡ് ഇബോട്ട്സണ് ലൈസന്‍സ് ഇല്ലായിരുന്നെന്ന് വിമാനാപകടം അന്വേഷിച്ച എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എ.എ.ഐ.ബി) വ്യക്തമാക്കി. ഇതോടെ പൈലറ്റിന്റെ പരിചയക്കുറവാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍.
രാത്രിയില്‍ വിമാനം പറത്താനാവശ്യമായ പരിശീലനം പൈലറ്റ് പൂര്‍ത്തിയാക്കിയിരുന്നില്ല. ഒറ്റ ടര്‍ബൈന്‍ എഞ്ചിനുള്ള പൈപ്പര്‍ മാലിബു ചെറുവിമാനം അനുവദനീയമായതിലും കൂടുതല്‍ വേഗത്തിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. പരിചയസമ്പന്നനായ പൈലറ്റ് ആയിരുന്നെങ്കില്‍ അപകടം ഉണ്ടാകുമായിരുന്നില്ലെന്നും ബോണ്‍മൗത്ത് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡേവിഡ് ഇബോട്ട്സണ് അംഗീകൃത കമേഷ്യല്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് നേരത്തെ തന്നെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അപകടത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൈലറ്റിന്റെ ലോഗ്ബുക്കും ലൈസന്‍സും കണ്ടെടുക്കാനായിരുന്നില്ല. വിമാനത്തിന്റെ രേഖകളും കണ്ടെടുക്കാനായിട്ടില്ല.
ഇവരുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പൈപ്പര്‍ പി.എ-46 മാലിബു എന്ന വിമാനം പറത്തിയ ഇബോട്ട്സണ് അമച്വര്‍ ലൈസന്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയുന്നുണ്ട്. അമച്വര്‍ ലൈസന്‍സ് ഉള്ള ഒരാള്‍ക്ക് പരിചയ സമ്പന്നനായ പൈലറ്റിന് ഒപ്പം പറക്കാനുള്ള അനുമതിയേയുള്ളൂ.
അപകടത്തിനു പിന്നാലെ സലയോടൊപ്പം പൈലറ്റ് ഡേവിഡ് ഇബോട്ട്സണേയും കാണാതായിരുന്നു. പിന്നീട് ആഴ്ച്ചകള്‍ നീണ്ട തിരച്ചലിനൊടുവില്‍ ഇംഗ്ലീഷ് ചാനലില്‍ നിന്ന് വിമാനാവശിഷ്ടങ്ങളും ഒരു മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഈ മൃതദേഹം ആരുടേതാണെന്ന് തിരച്ചില്‍ നടത്തിയ എയര്‍ അക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എ.എ.ഐ.ബി) പുറത്തുവിട്ടിരുന്നില്ല. പോര്‍ട്ട്ലാന്‍ഡിലേക്ക് മാറ്റിയ ഈ മൃതദേഹം സലയുടേതാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
തലയ്ക്കും നെഞ്ചിലുമേറ്റ പരിക്കാണ് സലയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇംഗ്ലീഷ് ചാനലില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം വിരലടയാളങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് സലയുടേതെന്ന് ഉറപ്പിച്ചത്.
Content Highlights: Emiliano Sala crash pilot was not licensed to fly plane
Content Highlights: