പരിക്കും നിര്‍ഭാഗ്യവും തുലച്ച കരിയര്‍; ഏദന്‍ ഹസാര്‍ഡ് വിരമിച്ചു

Photo: AFP
Photo: AFP

ഫുട്‌ബോളിലെ ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ ബെല്‍ജിയത്തിന്റെ ഏദന്‍ ഹസാര്‍ഡ് ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 32-ാം വയസിലാണ് താരം കളിമതിയാക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിക്കായി കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഹസാര്‍ഡ് പിന്നീട് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞ സീസണ്‍ അവസാനം റയല്‍ വിട്ട താരം അധികം വൈകാതെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

2019-ല്‍ ചെല്‍സിയില്‍ നിന്ന് 89 ദശലക്ഷം പൗണ്ടിന് റയലിലെത്തിയ ഹസാര്‍ഡിനെ പിന്നീട് പരിക്ക് വലയ്ക്കുകയായിരുന്നു. 54 ലീഗ് മത്സരങ്ങളടക്കം ആകെ 76 മത്സരങ്ങളില്‍ മാത്രമാണ് സ്പാനിഷ് ക്ലബ്ബിനായി ഹസാര്‍ഡിന് കളത്തിലിറങ്ങാനായത്. കഴിഞ്ഞ ജൂണില്‍ റയല്‍, താരവുമായുള്ള കരാര്‍ അവസാനിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ ഹസാര്‍ഡ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു. 2022 ഖത്തര്‍ ലോകകപ്പില്‍ ബെല്‍ജിയം ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായതിനു പിന്നാലെയായിരുന്നു വിരമിക്കല്‍.

''16 വര്‍ഷത്തിനും 700-ലധികം മത്സരങ്ങള്‍ക്കും ശേഷം, ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനെന്ന നിലയില്‍ എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു.'' - വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ഹസാര്‍ഡ് പറഞ്ഞു.

ചെല്‍സിക്കൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് വിജയങ്ങളില്‍ പങ്കാളിയായ ഹസാര്‍ഡ് റയലിനൊപ്പം ചാമ്പ്യന്‍സ് ലീഗ്, ഒരു ക്ലബ് ലോകകപ്പ്, ഒരു യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, രണ്ട് ലാ ലിഗ കിരീടങ്ങള്‍, ഒരു കോപ്പ ഡെല്‍ റേ, രണ്ട് സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നിവ നേടിയിട്ടുണ്ട്. എന്നാല്‍ സ്‌പെയ്‌നിലെ ഹസാര്‍ഡിന്റെ കരിയര്‍ തീര്‍ത്തും നിരാശാജനകമായിരുന്നു. ക്ലബ്ബിനായി 76 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരത്തിന് നേടാനായത് ഏഴ് ഗോളുകള്‍ മാത്രമാണ്.

ഫ്രഞ്ച് ക്ലബ്ബായ ലില്ലെയില്‍ കരിയറാരംഭിച്ച ഹസാര്‍ഡ് 149 മത്സരങ്ങളില്‍ നിന്ന് 50 ഗോളുകള്‍ നേടിയിരുന്നു. പിന്നീട് 2012-ലാണ് ചെല്‍സി ഹസാര്‍ഡിനെ ടീമിലെത്തിക്കുന്നത്. 32 ദശലക്ഷം പൗണ്ടിനായിരുന്നു കൂടുമാറ്റം. നീലപ്പടയുടെ ഇതിഹാസ താരമായി വളര്‍ന്ന ഹസാര്‍ഡ് ക്ലബ്ബിനായി 352 മത്സരങ്ങളില്‍ നിന്ന് 110 ഗോളുകള്‍ നേടി. 2019-ലെ യൂറോപ്പ ലീഗ് ഫൈനലില്‍ ക്ലബ്ബിനായുള്ള അവസാന മത്സരത്തില്‍ ആഴ്‌സണലിനെതിരേ വിജയഗോള്‍ നേടിയതും ഹസാര്‍ഡായിരുന്നു. 2014-15ല്‍ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: Eden Hazard has announced his retirement from football