ഷൂട്ടൗട്ടില്‍ നോര്‍ത്ത്ഈസ്റ്റിനെ കീഴടക്കി; 19 വര്‍ഷത്തിനുശേഷം ഈസ്റ്റ്ബംഗാള്‍ ഡ്യൂറന്റ്കപ്പ് ഫൈനലില്‍

കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാള്‍ ഡ്യൂറന്റ് കപ്പ് ഫൈനലില്‍. തോറ്റെന്ന് കരുതിയ മത്സരം ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ സമനിലയിലെത്തിച്ച് ഷൂട്ടൗട്ടില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്താണ് കൊല്‍ക്കത്ത വമ്പന്മാരുടെ ഫൈനല്‍ പ്രവേശനം. 19 വര്‍ഷത്തിനു ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഡ്യൂറന്റ് കപ്പ് ഫൈനലിലെത്തുന്നത്. 16 തവണ ജേതാക്കളായ ഈസ്റ്റ് ബംഗാള്‍ 2004-ന് ശേഷം ഇതാദ്യമായാണ് ഫൈനലിലെത്തുന്നത്.
നിശ്ചിത സമയത്ത് ഇരു ടീമും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയിലായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് ജയിച്ചാണ് ഈസ്റ്റ് ബംഗാളിന്റെ ഫൈനല്‍ പ്രവേശനം. 76-ാം മിനിറ്റ് വരെ 2-0ന് മുന്നിലായിരുന്നു നോര്‍ത്ത്ഈസ്റ്റിനെതിരേ തകര്‍പ്പന്‍ തിരിച്ചുവരവാണ് ഈസ്റ്റ് ബംഗാള്‍ നടത്തിയത്.
കളിതുടങ്ങി 22-ാം മിനിറ്റില്‍ തന്നെ നോര്‍ത്ത്ഈസ്റ്റ് മുന്നിലെത്തി. ഫാല്‍ഗുനി ഇടതുവിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് സബാക്കോയാണ് ടീമിന് ലീഡ് നല്‍കിയത്. പിന്നാലെ 57-ാം മിനിറ്റില്‍ ഫാല്‍ഗുനി തന്റെ ഇടംകാലനടിയിലുടെ നോര്‍ത്ത്ഈസ്റ്റിന്റെ ലീഡുയര്‍ത്തി.
ഗോളിനായുള്ള ഈസ്റ്റ് ബംഗാളിന്റെ ശ്രമങ്ങളെല്ലാം പാഴാകുകയായിരുന്നു. ഒടുവില്‍ 77-ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോള്‍ ഈസ്റ്റ് ബംഗാളിന്റെ അക്കൗണ്ട് തുറന്നു. നെറോം മഹോഷിന്റെ ഷോട്ട് നോര്‍ത്ത്ഈസ്റ്റ് താരം ദിനേഷിന്റെ ദേഹത്ത് തട്ടി വലയില്‍ കയറുകയായിരുന്നു. പിന്നാലെ ഈസ്റ്റ് ബംഗാള്‍ സമനില ഗോളിനായി ആക്രമണം കടുപ്പിച്ചു. ഇതിനിടെ ഇഞ്ചുറി ടൈമില്‍ സബാക്കോ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയതോടെ നോര്‍ത്ത്ഈസ്റ്റ് 10 പേരായി ചുരുങ്ങി. പിന്നാലെ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നന്ദകുമാര്‍ ശേഖര്‍ ഒരു ഹെഡറിലൂടെ ഈസ്റ്റ് ബംഗാളിന് സമനില സമ്മാനിച്ചു.
പിന്നാലെ ഷൂട്ടൗട്ടില്‍ ക്ലെയ്റ്റണ്‍ സില്‍വ, സോള്‍ ക്രെസ്‌പോ, ബോര്‍ഹ ഹെരേര, നെറോം മഹേഷ്, നന്ദകുമാര്‍ ശേഖര്‍ എന്നിവര്‍ ഈസ്റ്റ് ബംഗാളിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ഇബ്‌സണ്‍ ഡെല്‍മെലോ, ഗനി അഹമ്മദ്, പ്രഗ്യാന്‍ ഗോഗോയ് എന്നിവര്‍ക്ക് മാത്രമാണ് നോര്‍ത്ത്ഈസ്റ്റിനായി വലകുലുക്കാനായത്. പാര്‍ഥിവ് ഗോഗോയിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. താരത്തിന്റെ ആദ്യ കിക്ക് ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ പ്രബ്‌സുഖന്‍ ഗില്‍ രക്ഷപ്പെടുത്തിയെങ്കിലും ഗില്‍ ലൈന്‍വിട്ടിറങ്ങിയതിനാല്‍ റഫറി വീണ്ടും കിക്കെടുപ്പിക്കുകയായിരുന്നു. എന്നാല്‍ ഈ അവസരവും മുതലാക്കാന്‍ പാര്‍ഥിവിനായില്ല.
Content Highlights: East Bengal wins 5-3 on penalties to go through to Durand Cup Final