ഡ്യൂറന്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഷെഡ്യൂള്‍ പുറത്ത്; ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു മത്സരം 23-ന്

ന്യൂഡല്‍ഹി: ഡ്യൂറന്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ഷെഡ്യൂള്‍ പുറത്തുവിട്ടു. യോഗ്യത നേടിയ എട്ടു ടീമുകളുടെയും പ്രതിനിധികളുമായി നറുക്കെടുപ്പ് നടത്തിയാണ് മത്സരക്രമം തയ്യാറാക്കിയത്. ഗ്രൂപ്പ് എഫില്‍ ശനിയാഴ്ച എഫ്.സി. ഗോവയും ഷില്ലോങ് ലജോങ് എഫ്.സി.യും തമ്മിലുള്ള മത്സരം പൂര്‍ത്തിയായതോടെയാണ് ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞത്. ഇതോടെ വീഡിയോ കോള്‍ വഴി എട്ട് ടീമിന്റെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് നറുക്കെടുപ്പ് നടത്തുകയായിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ പഞ്ചാബ് എഫ്.സി.യെ നേരിടും. നാല് വേദികളിലായാണ് മത്സരങ്ങള്‍. ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം മത്സരമായ ഷില്ലോങ് ലജോങ്-ഈസ്റ്റ് ബംഗാള്‍ മത്സരം കൊല്‍ക്കത്തയില്‍നിന്ന് ഷില്ലോങ്ങിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലേക്ക് മാറ്റാനും തീരുമാനമായി. ബുധനാഴ്ചയാണ് ഈ മത്സരം. പി.ജി. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം.
ജൂലായ് 27-ന് ആരംഭിച്ച ടൂര്‍ണമെന്റ് ഓഗസ്റ്റ് 31-നാണ് അവസാനിക്കുക. നേപ്പാളില്‍നിന്ന് ഒരു ടീം ഉള്‍പ്പെടെ 24 ടീമുകളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. ഇതില്‍ 12 ടീമുകള്‍ ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ ഡിവിഷനായ ഐ.എസ്.എലില്‍നിന്നുള്ളവയാണ്. ഗ്രൂപ്പ് എ യില്‍നിന്ന് മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഗ്രൂപ്പ് ബി യില്‍നിന്ന് ബെംഗളൂരു എഫ്.സി.യും ഗ്രൂപ്പ് സി യില്‍നിന്ന് കേരളാ ബ്ലാസ്റ്റേഴ്‌സും പഞ്ചാബ് എഫ്.സി.യും ഇടം കണ്ടെത്തി. ഇന്ത്യന്‍ ആര്‍മി എഫ്.ടി. ഗ്രൂപ്പ് ഡി യില്‍നിന്നും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗ്രൂപ്പ് ഇ യില്‍നിന്നും ഷില്ലോങ് ലജോങ് ഗ്രൂപ്പ് എഫില്‍നിന്നും വിജയിച്ചുകയറി.
മത്സരക്രമം
ഓഗസ്റ്റ് 21 വൈകീട്ട് നാലിന്
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി. - ഇന്ത്യന്‍ ആര്‍മി എഫ്.ടി. (സായ് സ്‌റ്റേഡിയം കൊക്രാഞ്ഞര്‍)
ഓഗസ്റ്റ് 21 വൈകീട്ട് ഏഴിന്
ഷില്ലോങ് ലജോങ് എഫ്.സി. - ഈസ്റ്റ് ബംഗാള്‍ എഫ്.സി. (ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, ഷില്ലോങ്)
ഓഗസ്റ്റ് 23 വൈകീട്ട് നാലിന്
മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് - പഞ്ചാബ് എഫ്.സി. (ജെ.ആര്‍.ഡി. ടാറ്റ കോംപ്ലക്‌സ്, ജംഷേദ്പുര്‍)
ഓഗസ്റ്റ് 23 വൈകീട്ട് ഏഴിന്
ബെംഗളൂരു എഫ്.സി. - കേരളാ ബ്ലാസ്‌റ്റേഴ്‌സ് (വിവേകാനന്ദ യുവഭാരതി ക്രിരംഗന്‍, കൊല്‍ക്കത്ത)
Content Highlights: durand cup quarter final schedule announced