ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സിന്റെ അമ്മ അന്തരിച്ചു; നോർവേയ്ക്കെതിരായ മത്സരത്തിനില്ല

പാരീസ്: ഫ്രാൻസ് ഫുട്‌ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ദിദിയർ ദെഷാംപ്സിന്റെ അമ്മ അന്തരിച്ചു. അമ്മയുടെ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാൽ ശനിയാഴ്ച നടക്കുന്ന ഫ്രാൻസിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ടീമിനൊപ്പം അദ്ദേഹമുണ്ടാകില്ല. മത്സരത്തിന് മുന്നോടിയായി നടക്കുന്ന പരിശീലന സെഷനുകളിലും അദ്ദേഹം പങ്കെടുക്കില്ല. ശനിയാഴ്ച അർധരാത്രി 12.30-ന് നോർവേയുമായാണ് ഫ്രാൻസിന്റെ അവസാന മത്സരം.
ചൊവ്വാഴ്ച നടക്കുന്ന സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ ദെഷാംപ്‌സ് ഫ്രാൻസിലേക്ക് മടങ്ങുമെന്ന് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ (എഫ്.എഫ്.എഫ്.) അറിയിച്ചു.
ചൊവ്വാഴ്ച രാവിലെയായിരുന്നു അമ്മയുടെ മരണം. ദെഷാംപ്‌സിന്റെ അഭാവത്തിൽ, ഫ്രാൻസ് ടീമിന്റെ താത്കാലിക ചുമതല അസിസ്റ്റന്റ് കോച്ച് ഗൈ സ്‌റ്റെഫാന് കൈമാറിയെന്നും എഫ്.എഫ്.എഫ്. പറഞ്ഞു. ദെഷാംപ്‌സ് തിരിച്ചെത്തുന്നതുവരെ ഗൈ സ്റ്റെഫാൻ ചുമതലയിൽ തുടരും.
കളിക്കാരനായും പിന്നീട് പരിശീലകനായും ഫിഫ ലോകകപ്പ് നേടിയ മൂന്ന് വ്യക്തികളിൽ ഒരാളാണ് ദെഷാംപ്‌സ്. 1998-ൽ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. തുടർന്ന് 2018-ൽ റഷ്യയിൽ ഫ്രാൻസിന്റെ പരിശീലകനായും അദ്ദേഹം ലോകകപ്പ് കിരീടമുയർത്തി. ഇത്തവണയും കിരീടമുയർത്താൻ പോന്ന ടീമിനെയാണ് അദ്ദേഹം വാർത്തെടുത്തത്. ആദ്യമത്സരത്തിൽ സെനഗലിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കും, തുടർന്ന് ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കും തകർത്ത ഫ്രാൻസ്, ഇതിനകംതന്നെ നോക്കൗട്ട് ഉറപ്പിച്ചുകഴിഞ്ഞു. ശനിയാഴ്ച നോർവേയെക്കൂടി കീഴടക്കി ഗ്രൂപ്പ് ചാമ്പ്യൻമാരായി റൗണ്ട് 32-ലെത്തുകയാണ് ടീം ലക്ഷ്യമിടുന്നത്.
Content Highlights: Didier Deschamps absent for France vs Norway match on June 27, 2026, Coach returning to France for mother's funeral, Assistant Guy Stephan to lead the squad temporarily, France already qualified for the Round of 32