ക്രിസ്റ്റ്യാനോയുടെ പ്രസ്താവന വായിച്ചു, കൂടുതൽ പ്രതികരണത്തിനില്ല - പോർച്ചുഗൽ കോച്ച്

#സ്പോർട്സ് ഡെസ്ക്
യൊര്‍ഗെ ജെസ്യൂസ് | AFP
യൊര്‍ഗെ ജെസ്യൂസ് | AFP

മദീര: പരിശീലകൻ വാക്ക് പാലിക്കാത്തതിനാലാണ് ദേശീയ ടീമിന്റെ ക്യാമ്പ് വിട്ടതെന്ന റൊണാൾഡോയുടെ പ്രസ്താവനയിൽ കൂടുതൽ പ്രതികരണത്തിന് മുതിരാതെ പോർച്ചുഗൽ കോച്ച് യൊർഗെ ജെസ്യൂസ്. ക്രിസ്റ്റ്യാനോയുടെ പ്രതികരണം വായിച്ചെന്നും എന്നാൽ മറ്റ് കാര്യങ്ങളൊന്നും പറയാനില്ലെന്നും ജെസ്യൂസ് പറഞ്ഞു. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ ജെസ്യൂസിനെതിരേ റോണോ തുറന്നടിച്ചിരുന്നു. പുതിയ കോച്ചായി ജെസ്യൂസ് വരുന്നതിൽ ആത്മാർഥമായി സന്തോഷിച്ചയാളാണ് താനെന്നും എന്നാൽ വാക്ക് പാലിക്കാത്തതിനാലാണ് ടീം ക്യാമ്പ് വിട്ടതെന്നും റോണോ വ്യക്തമാക്കി.

‘ക്രിസ്റ്റ്യാനോയുടെ പ്രസ്താവന വായിച്ചു. എല്ലാ ദിവസത്തേയും പോലെ ഫെഡറേഷനിൽ ജോലിയുമായി ബന്ധപ്പെട്ട് പോകുകയാണ്. പോർച്ചുഗൽ ദേശീയ ടീമിനെ കുറിച്ചാണ് ചിന്ത. കൂടുതൽ ഒന്നും പറയാനില്ല.’ - ജെസ്യൂസ് പറഞ്ഞു. പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ പ്രതികരണം ചോദിച്ച മാധ്യമത്തോട് അത് വായിച്ചിട്ടില്ലെന്നും പോർച്ചുഗൽ അണ്ടർ-21 മത്സരം കാണുകയാണെന്നുമാണ് ജെസ്യൂസ് പറഞ്ഞത്. ഇപ്പോഴിതാ പ്രസ്താവന വായിച്ചെന്ന് സ്ഥിരീകരിക്കുന്നതല്ലാതെ കൂടുതൽ മറുപടി നൽകാൻ ജെസ്യൂസ് തയ്യാറായില്ല.

നാഷൻസ് ലീഗ് മത്സരങ്ങളിൽ തന്നെ എപ്പോൾ കളിപ്പിക്കുമെന്ന കാര്യത്തിൽ മുഖ്യപരിശീലകൻ യോർഗെ ജെസ്യൂസ് നൽകിയ വാക്ക് പാലിച്ചില്ലെന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ആരോപിച്ചിരുന്നത്. നാഷണൽ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കണമെന്നും അതിനായി പോർച്ചുഗലിൽ തുടരണമെന്നും പരിശീലകൻ നേരിട്ടുവന്ന് പറഞ്ഞിരുന്നു. ആദ്യ മത്സരത്തിൽ താൻ കളിച്ചു. സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടെങ്കിലും പരാതി പറഞ്ഞില്ല. സന്തോഷത്തോടെയാണ് ബ്രൂണോ ഫെർണാണ്ടസിന് ആംബാൻഡ് അണിയിച്ചു നൽകിയതെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

എന്നാൽ, നോർവേയുമായുള്ള മത്സരത്തിൽ 30 മിനിറ്റ് കളിക്കാമോയെന്ന് കോച്ച് തന്നോട് ചോദിച്ചു. പറ്റുമെന്ന് മറുപടിയും നൽകി. അതിനെത്തുടർന്ന് ഹാഫ്‌ടൈം മുതൽ വാംഅപ്പ് ചെയ്തു. എന്നിട്ടും അവസാനംവരെ എന്നെ വിളിച്ചില്ല. വാക്കുപാലിച്ചില്ലെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി.

നോർവെയുമായുള്ള മത്സരത്തിൽ എനിക്ക് 30 മിനിറ്റ് കളിക്കാൻ ഫിറ്റ്നസ് ഉണ്ടോ എന്ന് പരിശീലകൻ എന്നോട് ചോദിച്ചു. ഞാൻ എന്റെ ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഉണ്ട് എന്ന് മറുപടി നൽ‌കി. 30 മിനിറ്റ് കളിക്കാൻ തയ്യാറായിരിക്കണമെന്ന് അദ്ദേഹം മറുപടി നൽകി. ബാക്കിയുള്ളത് എല്ലാവർക്കും അറിയാം. ഞാൻ ഹാഫ് ടൈം മുതൽ വാം-അപ്പ് ചെയ്തു, മിനിറ്റുകൾ കടന്നുപോകുന്നത് കണ്ടു, പക്ഷേ എന്നെ വിളിച്ചില്ല. പരിശീലകൻ എനിക്ക് നൽകിയ വാക്ക് പാലിച്ചില്ല’, ക്രിസ്റ്റ്യാനോ വിശദീകരിച്ചു.

Content Highlights: Jorge Jesus acknowledged reading Ronaldo's statement but refused to comment further.