ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ച ഫുട്ബോൾ താരം മോർച്ചറിയിൽ കൈകൾ ചലിപ്പിച്ചോ? വസ്തുതയെന്ത്

അബൂജ (നൈജീരിയ): ദിവസങ്ങൾക്കു മുമ്പ് 27 വയസുകാരനായ നൈജീരിയൻ ഫുട്ബോൾ താരം ചിനെഡു ഓസോർ ഒരു മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഓഗസ്റ്റ് 11ന് മുഹമ്മദ് ദിക്കോ സ്റ്റേഡിയത്തിൽ നടന്ന നൈജർ ടൊർണാഡോസിനെതിരായ പ്രീ-സീസൺ മത്സരത്തിനിടെയാണ് കട്സീന യുണൈറ്റഡിന്റെ റൈറ്റ് ബാക്കായ ഓസോറിന് ശാരീരിക അസ്വസ്ഥത ഉണ്ടായത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ അദ്ദേഹം മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ മൈതാനത്ത് വെച്ച് പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ കട്സീനയിലെ കെ-ദാര സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ വെച്ച് ചിനെഡു ഓസോറിന്റെ മരണം സ്ഥിരീകരിച്ചു. താരത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കട്സീന യുണൈറ്റഡ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
ഓസോറിന്റെ മരണവാർത്തയ്ക്ക് പിന്നാലെ, അദ്ദേഹം മോർച്ചറിയിൽ വെച്ച് ജീവന്റെ ലക്ഷണങ്ങൾ കാണിച്ചുവെന്ന തരത്തിലുള്ള അവിശ്വസനീയമായ റിപ്പോർട്ടുകൾ പുറത്തുവന്നു. മോർച്ചറി അറ്റൻഡന്റ് താരത്തിന്റെ കൈകളിൽ ചലനം ശ്രദ്ധിച്ചുവെന്നും, തുടർന്ന് അദ്ദേഹത്തെ തിരികെ ആശുപത്രിയിലെത്തിച്ച് ഓക്സിജൻ നൽകിയെന്നും ചില വാർത്താ മാധ്യമങ്ങൾ അവകാശപ്പെട്ടു. ഈ വാർത്തകൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയും ആരാധകർക്കിടയിൽ താരം തിരിച്ചുവരുമെന്ന വലിയ പ്രതീക്ഷ നൽകുകയും ചെയ്തു.
എന്നാൽ, ഇത്തരത്തിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി കട്സീന യുണൈറ്റഡ് രംഗത്തെത്തി. താരം ബോധം വീണ്ടെടുത്തുവെന്ന വാർത്തകൾ തെറ്റാണെന്ന് ക്ലബ്ബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 'ചിനെഡു പിന്നീട് ബോധം വീണ്ടെടുത്തുവെന്നോ 'ജീവിതത്തിലേക്ക് തിരിച്ചുവന്നു' എന്നോ ഉള്ള റിപ്പോർട്ടുകൾ സത്യമല്ലെന്ന് ഞങ്ങൾ ഖേദപൂർവ്വം അറിയിക്കുന്നു' എന്ന് ക്ലബ്ബ് വ്യക്തമാക്കി. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ താരത്തിന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ക്ലബ്ബ് അഭ്യർഥിച്ചു.
നൈജീരിയൻ ആഭ്യന്തര ഫുട്ബോളിലെ പരിചയസമ്പന്നനായ താരമായിരുന്നു ചിനെഡു ഓസോർ. നൈജീരിയ പ്രീമിയർ ഫുട്ബോൾ ലീഗിൽ ഏകദേശം 190 മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. കട്സീന യുണൈറ്റഡിൽ ചേരുന്നതിന് മുമ്പ് ഹാർട്ട്‌ലാൻഡ്, കാനോ പില്ലേഴ്സ് എന്നീ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടിയും കളത്തിലിറങ്ങി.
Content Highlights: Nigerian footballer Chinedu Ozor collapsed and died during a pre-season match on August 11., Rumors circulated on social media claiming he showed signs of life in the morgue., Katsina United officially denied the rumors, confirming the reports are baseless.