ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം; ക്രിസ്റ്റ്യാനോയില്ലാതെ കിക്കോഫ്

ലണ്ടന്‍: രണ്ടുപതിറ്റാണ്ടിനുശേഷം സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന് കിക്കോഫ്. ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്റെയും കൂടുതല്‍ ഗോള്‍ നേടിയതിന്റെയും റെക്കോഡ് പേരിലുള്ള പോര്‍ച്ചുഗല്‍ താരത്തിന് സ്വന്തം ക്ലബ്ബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് യോഗ്യതയില്ലാത്തതാണ് തിരിച്ചടിയായത്. ക്രിസ്റ്റ്യാനോയില്ലെങ്കിലും കിക്കോഫ് ദിനത്തില്‍ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സി, നെയ്മര്‍, കെയ്ലിന്‍ എംബാപ്പെ, എര്‍ലിങ് ഹാളണ്ട് എന്നിവര്‍ ബൂട്ട് കെട്ടും.
ആദ്യദിനമായ ഇന്ന് രാത്രി 12.30-ന് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യും ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസും കൊമ്പുകോര്‍ക്കുന്നുണ്ട്. ചെല്‍സി, മാഞ്ചെസ്റ്റര്‍ സിറ്റി, എ.സി. മിലാന്‍, റയല്‍ മഡ്രിഡ് തുടങ്ങിയ വമ്പന്‍മാരും കളത്തിലിറങ്ങും. മെസ്സി, നെയ്മര്‍, എംബാപ്പെ ത്രയം മുന്നേറ്റത്തില്‍ കളിക്കുന്ന പി.എസ്.ജി.ക്ക് യുവന്റസാണ് എതിരാളി.
റയല്‍ മഡ്രിഡ് ഇതേസമയത്ത് സ്‌കോട്ടിഷ് ക്ലബ്ബ് കെല്‍റ്റിക്കിനെ എവേ മത്സരത്തില്‍ എതിരിടും. ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ടിന്റെ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് സെവിയയാണ് എതിരാളി. എ.സി. മിലാന്‍ സാല്‍സ്ബര്‍ഗുമായി കളിക്കും. അയാക്‌സും റേഞ്ചേഴ്സും തമ്മിലാണ് 12.30-നുള്ള മറ്റൊരു പോരാട്ടം. രാത്രി 10.30-ന് ചെല്‍സി ഡൈനാമോ സാഗ്രെബിനെയും ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡ് കോപ്പന്‍ഹേഗനെയും നേരിടും.
Content Highlights: champions league 2022-22023, champions league,ronaldo, manchester city, psg, juventus, real madrid