‘സമാധാനമില്ല, അമ്മയുടെ വീട്ടിൽ പോലും ആളുകളെത്തുന്നു’; പഴയ ജീവിതം തന്നെ മതിയെന്ന് വൊസീന്യ

മഡ്രിഡ്: ഒരൊറ്റ ലോകകപ്പ് കൊണ്ട് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് കേപ് വെർദെ ഗോൾകീപ്പർ വൊസീന്യ. ഇക്കഴിഞ്ഞ ലോകകപ്പിൽ അസാമാന്യ പ്രകടനം കാഴ്ചവെച്ച വൊസീന്യയുടെ മികവിലാണ് കേപ് വെർദെ ലോകകപ്പിന്റെ പ്രീക്വാർട്ടർ വരെയെത്തുന്നത്. സ്‌പെയിൻ, അർജന്റീന ടീമുകൾക്കെതിരേ പുറത്തെടുത്ത പ്രകടനം രാജ്യത്തിന്റെ ഹീറോയാക്കി മാറ്റി. പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ ഫോളോവേഴ്‌സും കുതിക്കുകയാണ്. അതിനിടെ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് വൊസീന്യ. പ്രശസ്തി കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്നും റസ്റ്ററന്റിൽ പോലും ആളുകൾ വന്ന് ഫോട്ടോയെടുക്കുന്നതായും കേപ് വെർദെ ഗോളി പറഞ്ഞു.
"എന്റെ സമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ടു. എനിക്ക് ഇപ്പോൾ യാതൊരു സ്വകാര്യതയുമില്ല, അല്ലെങ്കിൽ പണ്ട് ഉണ്ടായിരുന്ന അത്രയുമില്ല. - 40 കാരനായ ഗോൾകീപ്പർ ദി ഒബ്സർവറിനോട് പറഞ്ഞു.
"ഞാൻ പുറത്തുപോയാലും ഒരു റസ്റ്ററന്റിൽ പോയാലും, എന്നോടൊപ്പം ഫോട്ടോയെടുക്കാൻ ആഗ്രഹിക്കുന്നവരോ ഓട്ടോഗ്രാഫ് ചോദിക്കുന്നവരോ എപ്പോഴും കാണും. അല്ലെങ്കിൽ അതിലും മോശമായി ആരെങ്കിലും എന്നെ വീഡിയോയിൽ പകർത്തുന്നുണ്ടാകും. ഇതാണ് എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ മാറിയിട്ടുള്ളത്, എനിക്ക് ഇതിൽ കാര്യമായൊന്നും ചെയ്യാനാവില്ല." - വൊസീന്യ പറഞ്ഞു
പലരും പ്രശസ്തരാകാനും പൊതുരംഗത്ത് അറിയപ്പെടാനും ആഗ്രഹിക്കുന്നു, പക്ഷേ അവർ ആ യാഥാർത്ഥ്യത്തിന്റെ നല്ല വശം മാത്രമേ കാണുന്നുള്ളൂവെന്നും കേപ് വെർദെ ഗോൾകീപ്പർ പറഞ്ഞു. സത്യം പറഞ്ഞാൽ, ഇന്നത്തെ എന്റെ ജീവിതമോ അതോ പണ്ടത്തെ ജീവിതമോ വേണമെന്ന് ചോദിച്ചാൽ, ഞാൻ പണ്ടത്തെ ജീവിതം തന്നെ തിരഞ്ഞെടുക്കും. - വൊസീന്യ കൂട്ടിച്ചേർത്തു.
കേപ് വെർദെയിലെ തന്റെ അമ്മയുടെ വീട്ടിൽ ഇപ്പോൾ ദിവസവും ആരാധകർ എത്താറുണ്ടെന്നും വോസീന്യ വെളിപ്പെടുത്തി. "ഞാൻ അവിടെ ഇല്ലാത്തതിനാൽ എനിക്ക് മാതാപിതാക്കളെ സഹായിക്കാൻ കഴിയില്ല. അവർ ഈ സാഹചര്യം മനസിലാക്കി അതിരുകൾ നിശ്ചയിക്കണം. - വൊസീന്യ പറഞ്ഞു.
Content Highlights: Cape Verde goalkeeper Vozinha gained massive global attention after an impressive World Cup run., He admitted that his peace and privacy have been severely affected by sudden fame