സൂപ്പർ ലീഗിൽ ആറാടി കാലിക്കറ്റ്; മലപ്പുറം എഫ്.സി.യെ (6-2) തകർത്തു

#അജ്മല്‍ പഴേരി

മഞ്ചേരി: മലബാർ ഡെർബിയിൽ വിജയമെന്ന മലപ്പുറത്തിന്റെ സ്വപ്‌നം വീണ്ടും പൊലിഞ്ഞു. സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ സ്വന്തം മൈതാനത്ത് കാലിക്കറ്റ് എഫ്.സി.യോട് 6-2 നാണ് മലപ്പുറത്തിന്റെ തോൽവി.

വിജയികൾക്കായി ലിയോ ഡേവിഡും ഫെഡെറിക്കോ ബൊവാസോയും ഇരട്ടഗോൾ നേടി. കാൽവിൻ തോമസ്, അലെക്‌സിസ് സോസ എന്നിവരുടെ വകയാണ് മറ്റു ഗോളുകൾ. ക്യാപ്റ്റൻ അമദോ സുക്കൂനോ, നെദീം ഹസിച്ച് എന്നിവരാണ് ആതിഥേയരുടെ സ്‌കോറർമാർ.

മത്സരത്തിന്റെ തുടക്കത്തിൽ മലപ്പുറം ആധിപത്യം സ്വന്തമാക്കി. എന്നാൽ, ആദ്യ പകുതിക്ക് അവസാനിക്കാൻ അഞ്ച് മിനിറ്റ് ബാക്കിനിൽക്കെ കാലിക്കറ്റ് മലപ്പുറത്തിന്റെ നടുവൊടിച്ചു. ഈ അഞ്ച് മിനിറ്റിൽ മലപ്പുറം പോസ്റ്റിൽ വീണത് മൂന്ന് ഗോളുകൾ. 40, 42, 45 മിനിറ്റുകളിലായിരുന്നു ഈ ഗോളുകൾ.

രണ്ടാം പകുതിയിൽ തിരിച്ചുവരാമെന്ന മലപ്പുറത്തിന്റെ മോഹം കാലിക്കറ്റ് തുടക്കത്തിലേ തല്ലിതകർത്തു. 46-ാം മിനിറ്റിൽ ടീം നാലാം ഗോൾ നേടി. 49-ാം മിനിറ്റിൽ മലപ്പുറം ഗോൾ മടക്കി തിരിച്ചുവരവിന്റെ സൂചന നൽകി. എന്നാൽ, 73, 79 മിനിറ്റുകളിൽ ഗോളടിച്ച് കാലിക്കറ്റ് മലപ്പുറത്തിന്റെ മോഹം തകർത്തു. 90-ാം മിനിറ്റിൽ ഹസിച്ചിലൂടെ മലപ്പുറം രണ്ടാം ഗോൾ കണ്ടെത്തിയെങ്കിലും സമയം ഏറെ വൈകിയിരുന്നു.

ജയത്തോടെ കാലിക്കറ്റ് സൂപ്പർ ലീഗ് പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. ആറ് കളിയിൽ 14 പോയന്റാണ് ടീമിന്റെ സമ്പാദ്യം. എട്ട് പോയന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്താണ്. 11 പോയന്റോടെ കൊച്ചിയാണ് രണ്ടാമത്.

Content Highlights: Calicut FC secured a dominant 6-2 victory over Malappuram in the Super League Kerala derby, moving to the top of the points table with 14 points.