കാനറികളെ അടിമുടി വിറപ്പിച്ച് മൊറോക്കോ; സമനിലയുമായി രക്ഷപ്പെട്ട് ഡോൺ കാർലോയുടെ സംഘം

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ആരാധകർക്ക് ഹൃദയമിടിപ്പേറ്റിയ നിമിഷങ്ങൾ സമ്മാനിച്ച ഗ്രൂപ്പ് സിയിലെ മത്സരത്തിൽ മൊറോക്കോയോട് സമനിലയുമായി (1-1) രക്ഷപ്പെട്ട് മുൻ ചാമ്പ്യൻമാരായ ബ്രസീൽ. കാർലോസ് ആഞ്ചലോട്ടി അണിനിരത്തിയ വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയും ലൂക്കാസ് പക്വേറ്റയും കസെമിറോയും മാർക്വിന്യോസുമെല്ലാം അടങ്ങിയ ബ്രസീൽ സംഘത്തെ അടിമുടി വിറപ്പിക്കാൻ മൊറോക്കോയ്ക്കായി. 21-ാം മിനിറ്റിൽ മൊറോക്കോയ്ക്കായി ഇസ്മായിൽ സായ്ബാറിയും ബ്രസീലിനായി 32-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറും സ്‌കോർ ചെയ്തു.
ബ്രസീൽ ആരാധകരുടെ ഹൃദയമിടിപ്പേറ്റിയ നിമിഷങ്ങളോടെയാണ് മത്സരം തുടങ്ങിയത്. സ്റ്റാർട്ടിങ് വിസിലിനു പിന്നാലെ ബ്രസീൽ ബോക്‌സിലേക്ക് മൊറോക്കൻ താരങ്ങളുടെ ഒഴുക്കായിരുന്നു. ബിലാൽ എൽ ഖാനൂസും അസെദിൻ ഒനാഹിയും ബ്രാഹിം ഡിയാസുമെല്ലാം തുടർച്ചയായി ഇരച്ചെത്തിയതോടെ പലപ്പോഴും ബ്രസീൽ പ്രതിരോധം ചിതറിപ്പോയി. പൂർണ നിയന്ത്രണം ഏറ്റെടുത്ത മൊറോക്കോ മികച്ച മുന്നേറ്റങ്ങളുമായി കളംനിറയുകയും ചെയ്തു. ലോകകപ്പ് യോഗ്യതാറൗണ്ടിൽ തപ്പിത്തടഞ്ഞ അതേ ബ്രസീലിനെയാണ് മത്സരത്തിന്റെ തുടക്കത്തിൽ കാണാൻ സാധിച്ചത്.
ഇതിനിടെ 21-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോളെത്തി. ബ്രസീലിന്റെ ഹൈലൈൻ ഡിഫൻസിനേറ്റ തിരിച്ചടിയായിരുന്നു ആ ഗോൾ. സ്വന്തം ഹാഫിൽ നിന്ന് പന്ത് ലഭിച്ച ബ്രാഹിം ഡിയാസ് നൽകിയ ത്രൂബോളാണ് ഗോളിന് വഴിയൊരുക്കിയത്. ബ്രസീൽ ഡിഫൻഡർ ഗബ്രിയേലിന് യാതൊരു അവസരവും കൊടുക്കാതെ പന്ത് സ്വീകരിച്ച ഇസ്മായിൽ സായ്ബാറി ഗോളി ആലിസന്റെ തലയ്ക്ക് മുകളിലൂടെ പന്ത് ലോബ് ചെയ്ത് വലയിലാക്കുകയായിരുന്നു.
29-ാം മിനിറ്റിൽ മൊറോക്കോ വീണ്ടും ഗോളനടുത്തെത്തി. ഒറ്റയ്ക്ക് പന്തുമായി ഒാടിക്കയറി ബ്രാഹിം ഡിയാസ് അടിച്ച പന്ത് ആലിസൻ കൈപ്പിടിയിലാക്കി.
പിന്നാലെ 32-ാം മിനിറ്റിൽ കാനറികളുടെ മറുപടി ഗോളെത്തി. ബ്രൂണോ ഗിമാറസുമൊത്തുള്ള മികച്ചൊരു നീക്കത്തിനൊടുവിൽ ഇടതു വിങ്ങിൽ നിന്ന് പന്തുമായി ബോക്‌സിലേക്ക് കയറിയ വിനീഷ്യസ് അസാധ്യമായ ആംഗിളിൽ നിന്നടിച്ച പന്ത് മൊറോക്കൻ വലയിൽ. റയൽ മാഡ്രിഡിൽ പലപ്പോഴായി വിനീഷ്യസ് നേടിയിരുന്ന ഗോളുകളുടെ തനിപ്പകർപ്പായിരുന്നു ഈ ഗോളും. ബ്രസീൽ ജേഴ്‌സിയിൽ താരത്തിന്റെ 10-ാം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയിൽ രണ്ടു മാറ്റങ്ങളുമായാണ് ബ്രസീൽ ഇറങ്ങിയത്. കസെമിറോയ്ക്ക് പകരം ഫാബീഞ്ഞ്യോയും ഇബാനെസിന് പകരം ഡാനിലോയും കളത്തിലിറങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തിലും മൊറോക്കോ തുടർച്ചയായി ബ്രസീൽ പ്രതിരോധത്തെ പരീക്ഷിച്ചു. 51-ാം മിനിറ്റിൽ ഇത്തരമൊരു മൊറോക്കൻ ആക്രമണത്തിനു പിന്നാലെ ബ്രസീലിന്റെ മികച്ചൊരു കൗണ്ടർ അറ്റാക്കും വന്നു. പന്തുമായി ഫൈനൽ തേർഡിലേക്ക് കയറി വിനീഷ്യസ്, തിയാഗോയ്ക്ക് നീട്ടിയ പന്ത് പക്ഷേ മൊറോക്കൻ പ്രതിരോധം ക്ലിയർ ചെയ്തു.
ഇതിനിടെ കൂടുതൽ മാറ്റങ്ങൾ വരുത്തിയ ബ്രസീൽ 4-2-3-1 ഫോർമേഷൻ 4-4-2ലേക്ക് മാറ്റി. രണ്ടാം പകുതിയിൽ മികച്ച അവസരങ്ങൾ ഇരുകൂട്ടർക്കും ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ ഇരുവർക്കും സാധിച്ചില്ല. മസ്‌രായിയുടെ വിങ്ങിലൂടെയുള്ള വേഗമേറിയ മുന്നേറ്റങ്ങൾ ബ്രസീൽ പ്രതിരോധത്തിന് പലപ്പോഴും തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു.
അവസാന മിനിറ്റുകളിൽ ബ്രസീൽ ചില അതിവേഗ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇൻജുറി ടൈമിലെ മൊറോക്കോയുടെ ഗോളവസരം തലനാരിഴയ്ക്കാണ് ഗോളാകാതെ പോയത്.
Content Highlights: Morocco dominated early stages with high-intensity pressing., Ismael Saibari scored the opening goal for Morocco in the 21st minute., Vinicius Jr equalized for Brazil in the 32nd minute with a clinical finish., Tactical shifts by Carlo Ancelotti failed to secure a win for Brazil., Both teams showcased strong defensive and offensive maneuvers throughout the match.