ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

കൊൽക്കത്ത: ഇന്ത്യക്കെതിരേ സൗഹൃദ ഫുട്ബോൾ മത്സരം കളിക്കാൻ വരുന്നത് യുവ ബ്രസീൽ ടീം. ടീമിനെ ഭാവിയിലെ വലിയ ടൂർണമെന്റുകൾക്ക് ഒരുക്കുന്നതിന്റെ ഭാഗമായി ഇനിവരുന്ന സൗഹൃദമത്സരങ്ങളിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ പദ്ധതി. ഇന്ത്യയിലേക്ക് എത്തുന്നത് പൂർണമായും യുവനിരയാകില്ല. പ്രധാനപ്പെട്ട കുറച്ചുതാരങ്ങൾ ടീമിലുണ്ടാകുമെന്നാണ് സൂചന.
ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലാണ് ഇന്ത്യ-ബ്രസീൽ മത്സരം. ഇതുവരെ ഇന്ത്യ ബ്രസീലിനെതിരേ കളിച്ചിട്ടില്ല. ഇന്ത്യക്കും ഓസ്ട്രേലിയക്കുമെതിരേയാണ് ബ്രസീലിന്റെ അടുത്ത സൗഹൃദമത്സരങ്ങൾ. 2028 കോപ്പ അമേരിക്ക ടൂർണമെന്റിന് മുൻപായി യുവതാരങ്ങളെ പരീക്ഷിച്ച് വ്യത്യസ്ത കോമ്പിനേഷനുകൾ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
കോപ്പയിൽ മികച്ച റിസൾട്ടുണ്ടാക്കിയില്ലെങ്കിൽ ആഞ്ചലോട്ടിയുടെ പരിശീലകസ്ഥാനത്തിന് ഭീക്ഷണിയാകും. അടുത്തിടെ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് യുവനിരയെ വളർത്തിയെടുക്കുമെന്നും ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന മത്സരങ്ങൾ ഇതിനുള്ള പരീക്ഷണവേദികളാകുമെന്നും പരിശീലകൻ വ്യക്തമാക്കിയത്. ബ്രസീലിന്റെ അണ്ടർ 15, 17, 20 വിഭാഗം ടീമുകളിലെ മികച്ച താരങ്ങളെ ദേശീയ ടീമിലേക്ക് എത്തിക്കാനാണ് ആഞ്ചലോട്ടി പദ്ധതിയിടുന്നത്. ഇതിനായി ഈ വിഭാഗങ്ങളിലെ പരിശീലകരുമായി യോജിച്ച് പ്രവർത്തിക്കും.
പുതുനിരയുടെ വരവ്
സൂപ്പർതാരങ്ങളായ നെയ്മർ, കാസെമിറോ എന്നിവർ കളം വിട്ടു. മാർക്വിന്യോസ്, അലിസൺ ബെക്കർ തുടങ്ങിയവർ അധികകാലം കളിക്കാനുണ്ടാകില്ല. പുതിയ നിരയെ വളർത്തിയെടുത്ത് വിജയം കണ്ട സ്പെയിനിന്റെ മാതൃകയാണ് ആഞ്ചലോട്ടിക്ക് മുന്നിലുള്ളത്. അടുത്ത ലോകകപ്പ് വരെ കരാറുള്ളതിനാൽ ബ്രസീൽ ഫുട്ബോളിന്റെ പ്രതാപം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവും പരിശീലകനുണ്ട്.
ബ്രസീൽ ടീമിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നുറപ്പാണ്. മുന്നേറ്റനിരക്കാരായ എൻഡ്രിക്, റയാൻ, ജാവോ പെഡ്രോ, എസ്താവോ, കായോ ഹോർഹെ, വിക്ടർ റോക്ക്, ഇഗോർ ജെസ്യൂസ്, സെൻട്രൽ ബാക്ക് വിക്ടർ റെയിസ്, ലെഫ്റ്റ് ബാക്ക് കെയ്കി ബ്രൂണോ, റൈറ്റ് ബാക്ക് വെസ്ലി, മിഡ്ഫീൽഡർമാരായ ആന്ദ്രെ സാന്റോസ്, ജാവോ ഗോമസ് എന്നീ യുവതാരങ്ങളാണ് ആഞ്ചലോട്ടിയുടെ പദ്ധതിയിലെ പ്രമുഖർ. ഇവർക്കൊപ്പം വിനീഷ്യസ്, റോഡ്രിഗോ, ബ്രൂണോ ഗിമാറസ്, ഗബ്രിയേൽ മാർട്ടിനെല്ലി തുടങ്ങിയ പരിചയസമ്പന്നരേയും ചേർത്തുവെച്ച് ടീമിന്റെ മികവ് ഉയർത്താനാണ് ശ്രമം.
ആരാധകശക്തി
ഇന്ത്യയിലേക്ക് ബ്രസീൽ വരാൻ തീരുമാനിച്ചതിന് പിന്നിൽ ഒറ്റക്കാരണമേയുള്ളു, ആരാധകർ. ബ്രസീൽ ടീമിന് രാജ്യത്ത് വലിയതോതിൽ ആരാധകരുണ്ടെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷനറിയാം. ആരാധകർക്കുവേണ്ടി കളിക്കാനാണ് ടീമെത്തുന്നത്. അതുകൊണ്ടുതന്നെ പൂർണമായും യുവനിരയുമായി ടീമെത്തില്ല. ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിയുന്ന താരങ്ങളെക്കൂടി ടീമിൽ ഉൾപ്പെടുത്തും.
ഇന്ത്യക്ക് ഇതേസമയം ആസിയാൻ കപ്പിലും കളിക്കേണ്ടതുണ്ട്. ബ്രസീലിനെതിരായ മത്സരത്തിൽ പ്രധാന ടീമിനെയും ആസിയാൻ കപ്പിന് യുവനിരയെയുമാകും ഇറക്കുന്നത്. ബ്രസീൽ മത്സരത്തിനായുള്ള ഒരുക്കങ്ങൾ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആരംഭിച്ചിട്ടുണ്ട്.
Content Highlights: Brazil to play a historic friendly football match against India in Kolkata on October 3., Coach Carlo Ancelotti plans to field a young squad to prepare for future tournaments like the 2028 Copa America., Senior players will also be included in the squad to satisfy Indian fans., All India Football Federation (AIFF) has begun preparations for the mega fixture.